വൈറ്റ്ഹൗസ് പിടിക്കാന്‍ നീണ്ട യുദ്ധം

HIGHLIGHTS
  • മുന്‍ നിരയില്‍ മൂന്നു വയോധികര്‍
  • തീപ്പാറുന്ന മല്‍സരങ്ങള്‍
USA-TRUMP
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപുമായി ഏറ്റുമുട്ടുന്നത് ആരായിരിക്കും ? ഈ ചോദ്യത്തിനുളള ഉത്തരമാണ് ഇക്കഴിഞ്ഞ 'സൂപ്പര്‍' ചൊവ്വാഴ്ചയിലെ പ്രൈമറി തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പലരും കാണുന്നത്
SHARE

ചൊവ്വാഴ്ച പോലൊരു ദിവസം അമേരിക്കന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വേറെയില്ല. നാലു വര്‍ഷം കൂടുമ്പോള്‍ നവംബറിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ച പ്രത്യേകിച്ചും ഉയര്‍ന്നു നില്‍ക്കുന്നു. അന്നാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. ഇത്തവണ നവംബര്‍ മൂന്നിന്.

അതിനു മുന്‍പു തന്നെയുള്ള മറ്റൊരു സുപ്രധാന ചൊവ്വാഴ്ചയാണ് ഈയിടെ (മാര്‍ച്ച് മൂന്ന്) കടന്നുപോയത്. അമേരിക്കക്കാരുടെ ഭാഷയില്‍ 'സൂപ്പര്‍ ട്യൂസ്ഡേ'. നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള രാഷ്ട്രത്തലവന്‍ ഡോണള്‍ഡ് ട്രംപിനെതിരെ മല്‍സരിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് ആ ചൊവ്വാഴ്ചയോടെ ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഒന്നുകില്‍ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അല്ലെങ്കില്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്സ്. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോലെ തന്നെ  രണ്ടു മുഖ്യകക്ഷികളുടെ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പും പലപ്പോഴും അത്യന്തം വാശിയോടെ നടക്കുന്ന രാജ്യമാണ് അമേരിക്ക. ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ടിക്കറ്റിനു വേണ്ടി മാസങ്ങള്‍ക്കുമുന്‍പ്, ചിലപ്പോള്‍ ഒരു വര്‍ഷത്തിനു മുന്‍പ് പോലും ആളുകള്‍ മല്‍സര രംഗത്തിറങ്ങുന്നു.

നിലവിലുള്ള പ്രസിഡന്‍റ് രണ്ടാം തവണയും മല്‍സരിക്കുന്നതാണ് കീഴ്‌വഴക്കം. അതിനാൽ റിപ്പബ്ക്കന്‍ പാര്‍ട്ടിയില്‍ ഇത്തവണ ഡോണള്‍ഡ് ട്രംപ് അല്ലാതെ വേറെ സ്ഥാനാര്‍ഥികളില്ല. മാത്രമല്ല, അത്രയും സമ്മതനായ ആരും ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ ഇല്ലതാനും. 

എന്നാല്‍, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ തുടക്കത്തില്‍ തന്നെ രണ്ടര ഡസനോളം സ്ഥാനാര്‍ഥികള്‍ പ്രത്യക്ഷപ്പെട്ടു. അവരില്‍ ഒരാളായിരുന്നു ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. തമിഴ്നാട്ടുകാരിയായ മാതാവും ജമൈക്കയില്‍ ജനിച്ച പിതാവുമുള്ള അമ്പത്തഞ്ചുകാരിയായ കമല യുഎസ് സെനറ്റിലെ അംഗമാണ്. മുന്‍പ് കലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നു. 

ആ പശ്ചാത്തലവുമായാണ് കമല കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. പക്ഷേ, ഡിസംബര്‍ ആയപ്പോഴേക്കും പ്രതീക്ഷകള്‍ നഷ്ടപ്പെടുകയും രംഗം വിടുകയും ചെയ്തു. പ്രചാരണത്തിനാവശ്യമായ പണം കണ്ടെത്തുന്നതില്‍ നേരിട്ട പ്രയാസങ്ങളായിരുന്നു കാരണം. അതവര്‍ തുറന്നുപറയുകയും ചെയ്തു. 

സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനു വേണ്ടി പാര്‍ട്ടിക്കകത്തുതന്നെ നടക്കുന്നതും പ്രൈമറി, കോക്കസ് എന്നീ പേരുകളില്‍ അറിയപ്പെടുന്നതുമായ പ്രാഥമിക തിരഞ്ഞെടുപ്പുകളുടെ പരമ്പര അപ്പോള്‍ തുടങ്ങുകപോലും ചെയ്തിരുന്നില്ല. ഫെബ്രുവരി മൂന്നിന് അയോവ സംസ്ഥാനത്തുനടന്ന കോക്കസ് അഥവാ കൂട്ടായ്മയോടെയായിരുന്നു അതിന്‍റെ തുടക്കം.

സ്ഥാനാര്‍ഥിയെയല്ല, ഓരോ സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുന്ന പ്രതിനിധികളെയാണ് വാസ്തവത്തില്‍ ഈ വിധത്തില്‍ തിരഞ്ഞെടുക്കുന്നത്. പ്രൈമറികളിലും കോക്കസുകളിലുമായി ഏറ്റവുമധികം പ്രതിനിധികളെ ലഭിക്കുന്നവര്‍ പിന്നീടു പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുന്നു. 

USA-TRUMP-IMPEACHMENT

ഇത്തവണ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ വിസ്ക്കോന്‍സിന്‍ സംസ്ഥാനത്തിലെ മില്‍വോക്കിയില്‍ ജൂലൈ 13 മുതല്‍ 16 വരെയാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ നോര്‍ത്ത് കരൊലൈനയിലെ ഷാര്‍ലറ്റില്‍ ഓഗസ്റ്റ് 24മുതല്‍ 27വരെയും. 

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അയോവ കോക്കസ് ഇത്തവണ പല കാരണങ്ങളാല്‍ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അധികമാരും കേട്ടിട്ടില്ലാത്ത പീറ്റ് ബുട്ടെജെജ് എന്ന അസാധാരണ പേരുള്ള മുപ്പത്തെട്ടുകാരനാണ് ഏറ്റവും മുന്നിലെത്തിയത്. ഇന്ത്യാന സംസ്ഥാനത്തിലെ ബെന്‍ഡ് നഗരത്തിലെ മേയറാണ് ഇദ്ദേഹം. താനൊരു സ്വവര്‍ഗരതി തല്‍പരനാണെന്ന് അദ്ദേഹം തന്നെ തുറന്നുപറയുകയും ചെയ്തു.  

എഴുപത്തിമൂന്നില്‍ എത്തിനില്‍ക്കുന്ന ട്രംപിനെ തോല്‍പ്പിച്ച് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായി ചരിത്രം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലായിരുന്നു ബുട്ടെജെജ്. ഈ റെക്കോഡ് ഇപ്പോഴും നിലനില്‍ക്കുന്നത് 1960ല്‍ 43ാം വയസ്സില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട  ജോണ്‍ കെന്നഡിയുടെ (ഡമോക്രാറ്റ്) പേരിലാണ്. 

അയോവയെ തുടര്‍ന്നു ന്യൂംഹാംഷയര്‍ പ്രൈമറിയിലും മുന്നിലെത്തിയപ്പോള്‍ ബുട്ടെജെജ് ഒരു താരമാകാന്‍ തുടങ്ങി. പക്ഷേ, അതിനുശേഷം നെവാദയിലെയും സൗത്ത് കരൊലൈനയിലെയും പ്രൈമറികളില്‍ തോറ്റു. അതോടെ ആ കഥ അവസാനിക്കുകയും ചെയ്തു. 

ഇനിയും മല്‍സരിക്കാന്‍ താനില്ലെന്നു പറഞ്ഞ അദ്ദേഹം ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന സെനറ്റര്‍ ആമി ക്ളോബുച്ചറും അതേ വഴി പിന്തുടര്‍ന്നു. 

ബുട്ടെജെജും അന്‍പത്തൊന്‍പതുകാരിയായ ആമി ക്ളോബുച്ചറും ഉള്‍പ്പെടെ പലരും പുറത്തുപോയതോടെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം 68ല്‍നിന്നു 75 ആയി ഉയര്‍ന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. വയസ്സന്മാര്‍ തമ്മിലുള്ള യുദ്ധമാണ് ഇനി നടക്കാന്‍ പോകുന്നതെന്നു സാരം. ബേണി സാന്‍ഡേഴ്സിനു 78 വയസ്സാണെങ്കില്‍ ജോ ബൈഡനു 77, ഇവരില്‍ ഏതെങ്കിലും ഒരാളുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന പ്രസിഡന്‍റ് ട്രംപിനു 73 വയസ്സ്.

രണ്ടര നൂറ്റാണ്ടു കാലത്തെ യുഎസ് ചരിത്രത്തില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ് ട്രംപ്. ബേണി സാന്‍ഡേഴ്സിന്‍റെ സ്വപ്നം സഫലമാവുകയാണെങ്കില്‍ ഇനി ആ റെക്കോഡിന്‍റെ ഉടമ അദ്ദേഹമായിരിക്കും. ട്രംപിനെക്കാളും നാലു വയസ്സിനു മൂത്തയാളാണ് ബൈഡന്‍. 

ഇവരില്‍ ആരായിരിക്കും ട്രംപുമായി ഏറ്റുമുട്ടുക ? ആ ചോദ്യത്തിനുളള  ഉത്തരമാണ് ഇക്കഴിഞ്ഞ സൂപ്പര്‍ ചൊവ്വാഴ്ചയിലെ പ്രൈമറികളില്‍ പലരും കാണുന്നത്.  കലിഫോര്‍ണിയ, മാസച്യൂസെറ്റ്സ്, ടെക്സസ്, അലബാമ, അര്‍ക്കന്‍സ തുടങ്ങിയ 14 സംസ്ഥാനങ്ങളിലും യുഎസ് ഭരണ പ്രദേശമായ സമോവയിലുമായിരുന്നു ആ പ്രാഥമിക തിരഞ്ഞെടുപ്പുകള്‍. 

പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെടാന്‍ ആവശ്യമായ പ്രതിനിധികളില്‍ മൂന്നിലൊന്ന് ഇവിടങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിനിധികളുടെ എണ്ണത്തില്‍ ബൈഡനും സാന്‍ഡേഴ്സും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ളൂംബര്‍ഗിനു കിട്ടിയതു പൂജ്യം. ശതകോടീശ്വരനായ അദ്ദേഹം പ്രചാരണത്തിനായി ചെലവാക്കിയ കോടികള്‍ പാഴായി.  

കഴിഞ്ഞ നവംബറില്‍ മാത്രം മല്‍സര രംഗത്തിറങ്ങിയ എഴുപത്തെട്ടുകാരനായ ബ്ളൂംബര്‍ഗ് നിരാശനായി പെട്ടെന്നു രംഗം വിടുകയും ബൈഡനു പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ തന്നെ സൂപ്പര്‍ ചൊവ്വാഴ്ചയില്‍ ഒരു സ്റ്റേറ്റിലും ജയിക്കാന്‍ കഴിയാതിരുന്ന സെനറ്റര്‍ എലിസബത്ത് വാറനും (70) മല്‍സരം മതിയാക്കി. മാര്‍ച്ച് 10, 17 തീയതികളിലായി ഇനിയും പ്രൈമറികള്‍ നടക്കാന്‍ ബാക്കിയുണ്ട്.  

പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ എട്ടു വര്‍ഷം വൈസ് പ്രസിഡന്‍റായിരുന്ന ബൈഡന്‍ ആ നിലയില്‍തന്നെ ലോകത്തു കൂടുതല്‍ സുപരിചിതനാണ്. മുന്‍പ് രണ്ടു തവണ (1988, 2008) പ്രസിഡന്‍റാകാനുള്ള മല്‍സരത്തിലുണ്ടായിരുന്നു. രണ്ടാം തവണയാണ് ശ്രമം ഉപേക്ഷിച്ച് ഒബാമയുടെ റണ്ണിങ് മേറ്റായത്.  

വൈസ് പ്രസിഡന്‍റായി വിരമിച്ചശേഷം നടന്ന 2016ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വീണ്ടും മല്‍സരിക്കേണ്ടതായിരുന്നു. പക്ഷേ, മകന്‍ ബിയുവിന്‍റെ മരണം കാരണം മാറിനിന്നു. ട്രംപ് പ്രസിഡന്‍റായത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. ഇത്തവണ ബൈഡന്‍ തനിക്കെതിരെ മല്‍സരിക്കുന്നതു തടയാനാണ് ട്രംപ് യുക്രെയിന്‍റെ സഹായം തേടിയത്. അതിന്‍റെ പേരില്‍ ട്രംപ് ഇംപീച്ച്ചെയ്യപ്പെടുകയും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതു മറ്റൊരു കഥ.  

മൂന്നു തവണ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബേണി സാന്‍ഡേഴ്സ് അമേരിക്കയിലെ മറ്റു മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ അമേരിക്കയില്‍ അധികമില്ല. പ്രസിഡന്‍റായാല്‍ യുഎസ് രാഷ്ട്രീയത്തിന്‍റെ മുഖഛായ താന്‍ മാറ്റുമെന്നു സാന്‍ഡേഴ്സ് ഉറപ്പുനല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ തവണ (2016ല്‍) ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഹിലരി ക്ളിന്‍റനുമായി സാന്‍ഡേഴ്സ് നടത്തിയ വാശിയേറിയ പോരാട്ടം ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഇത്തവണ, കഴിഞ്ഞ ഒക്ടോബറില്‍  ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായെങ്കിലും മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. വീറും വാശിയും ഒട്ടും കുറഞ്ഞിട്ടില്ല. 

നവംബറില്‍ ട്രംപുമായി ഏറ്റുമുട്ടുന്നതു സാന്‍ഡേഴ്സോ ബൈഡനോ ആരായിരിക്കുമെന്ന് ഇനിയും കാണാനിരിക്കുന്നതേയുളളൂ. അതിനുമുന്‍പ് അവര്‍ തമ്മില്‍ നേരിട്ടു നടക്കുന്ന യുദ്ധത്തിന്‍റെയും പര്യവസാനം കാണാന്‍ ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് അമേരിക്കയിലെ ജനങ്ങള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA