ഒരു രാജ്യം, രണ്ടു തലവന്മാര്‍

HIGHLIGHTS
  • തിരഞ്ഞെടുപ്പ് ഫലം തര്‍ക്കത്തില്‍
  • യുഎസ് പിന്തുണ പ്രസിഡന്‍റ് ഗനിക്ക്
Switzerland World Economic Forum
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം തുടങ്ങി. താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്‍റും തമ്മിലുള്ള സമാധാന ചര്‍ച്ച തുടങ്ങാന്‍ സമയമായി. അതിനിടയില്‍ രാജ്യത്തുണ്ടായിരിക്കുന്നത് ഒരേസമയം രണ്ടു ഗവണ്‍മെന്‍റുകള്‍
SHARE

അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രമുഖ നേതാക്കള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം മൂത്തപ്പോള്‍ രാജ്യത്തിന് ഒരേസമയം ഒന്നിനു പകരം രണ്ടു പ്രസിഡന്‍റുമാര്‍. നാലു വര്‍ഷമായി പ്രസിഡന്‍റ് പദം വഹിക്കുന്ന  അഷ്റഫ് ഗനി രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുത്ത ദിവസംതന്നെ അദ്ദേഹത്തിന്‍റെ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ലയും പ്രസിഡന്‍റായി സത്യപ്രതിജഞ് ചെയ്തു. 

ദശകങ്ങളായി സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത അഫ്ഗാനിസ്ഥാനില്‍ ഒരു സുസ്ഥിര ഭരണകൂടം ഏറ്റവും ആവശ്യമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് അഭൂതപൂര്‍വവും ആപല്‍ക്കരവുമായ ഈ സ്ഥിതിവിശേഷം. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച് അമേരിക്കയും താലിബാനും തമ്മില്‍ കരാറുണ്ടായിട്ട് ഒരാഴ്ച കഴിഞ്ഞതേയുളളൂ. യുഎസ് ഭടന്മാര്‍ മടങ്ങാന്‍ തുടങ്ങുകയും ചെയ്തു. 

അതിന്‍റെ തുടര്‍ച്ചയായി താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്‍റും തമ്മിലുള്ള ചര്‍ച്ചകള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 10) ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ, അതു നടന്നില്ല. രണ്ടു തലയുളള ഒരു ഭരണകൂടത്തിന് എങ്ങനെയാണ് അത്തരമൊരു സംരംഭം സാധ്യമാവുക ?  

തലസ്ഥാനമായ കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് ഒന്‍പത്) ഗനിയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ അവിടെനിന്നു ഏറെയൊന്നും അകലെയല്ലാതെ സ്ഥിതിചെയ്യുന്ന സഫേദാര്‍ കൊട്ടാരത്തിലായിരുന്നു അബ്ദുല്ലയുടെ സത്യപ്രതിജ്ഞ. ഗനിയുടെ കീഴില്‍ ഏതാണ്ടു പ്രധാനമന്ത്രിക്കു സമാനമായ ചീഫ് എക്സിക്യൂട്ടീവ് പദവി വഹിച്ചുവരികയായിരുന്നു നാലു വര്‍ഷമായി അബ്ദുല്ല. ഈ കൊട്ടാരം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.   

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ പരിണിത ഫലമാണ് പുതിയ സംഭവവികാസം. തിരഞ്ഞെടുപ്പില്‍ അധികമാരും വോട്ടു ചെയ്യാന്‍ എത്തിയിരുന്നില്ല. ആദ്യ റൗണ്ടില്‍തന്നെ ഗനി ജയിച്ചുവെന്നായിരുന്നു സൂചനകള്‍. പക്ഷേ, അബ്ദുല്ല അതംഗീകരിച്ചില്ല. 

പോളിങ് വേളയിലും വോട്ടെണ്ണല്‍ നടക്കുമ്പോഴും ഗനിക്കുവേണ്ടി വ്യാപകമായ കൃത്രിമം നടന്നുവെന്നാണ് അബ്ദുല്ലയുടെ ആരോപണം. വോട്ടെണ്ണല്‍ വീണ്ടും നടത്തിയതിനെ തുടര്‍ന്നു പത്തു ലക്ഷത്തിലേറെ വോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ടുവത്രേ. 

അതിനുശേഷവും ഗനി ജയിച്ചുവെന്നായിരുന്നു അഞ്ചാം മാസത്തില്‍ (ഇക്കഴിഞ്ഞ ഫെബ്രുവരി 18നു) തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം. അവരുടെ കണക്കനുസരിച്ച് ഗനിക്കു കിട്ടിയതു 50.62 ശതമാനവും അബ്ദുല്ലയ്ക്കു കിട്ടിയതു 39 ശതമാനവും വോട്ടുകള്‍. 

നഗ്നമായ വിധത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന പരാതിയോടെയാണ് ഏകപക്ഷീയമായ സത്യപ്രതിജ്ഞയക്ക് അബ്ദുല്ല തയാറായത്. മുൻപ് രണ്ടു തവണ മല്‍സരിച്ചപ്പോഴും അദ്ദേഹത്തിന്‍റെ അനുഭവം വ്യത്യസ്തമായിരുന്നില്ല. 

Hamid Karzai
ഹമീദ് കര്‍സായി

പത്തുവര്‍ഷം മുന്‍പ് അന്നത്ത പ്രസിഡന്‍റ് ഹമീദ് കര്‍സായിക്കെതിരെയായിരുന്നു ആദ്യ മല്‍സരം. ആദ്യ റൗണ്ടില്‍ കര്‍സായിക്കുവേണ്ടി കൃത്രിമം നടന്നതായി ആരോപിച്ച അബ്ദുല്ല പ്രതിഷേധ സൂചകമായി രണ്ടാം റൗണ്ടില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ചു. സമാന്തര ഗവണ്‍മെന്‍റ് ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും അതിനു മുതിര്‍ന്നില്ല. 

നാലു വര്‍ഷത്തിനുശേഷം (2014ല്‍) ഗനിക്കെതിരായ ആദ്യമല്‍സരത്തിലെ ഒന്നാം റൗണ്ടില്‍ 45 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയത് അബ്ദുല്ലയായിരുന്നു. ഗനിക്കു കിട്ടിയത് 35 ശതമാനം. പക്ഷേ, രണ്ടാം റൗണ്ടില്‍ ഫലം 55.3, 44.7 എന്നിങ്ങനെയായി. പത്തു ലക്ഷം വോട്ടുകള്‍ക്കു ഗനി ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 

പക്ഷേ, ഗനിക്കുകിട്ടിയ വോട്ടുകളില്‍ 20 ലക്ഷംവരെ വ്യാജമാണെന്നായിരുന്നു അബ്ദുല്ലയുടെ ആരോപണം. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കം മൂക്കുകയും ആഭ്യന്തര യുദ്ധമായി അതു മാറുമോയെന്ന ആശങ്ക പരക്കുകയും ചെയ്തതോടെ അമേരിക്ക ഇടപെട്ടു. പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായി രുന്ന ജോണ്‍ കെറി കാബൂളിലെത്തി ഇരുനേതാക്കളുമായും ചര്‍ച്ചനടത്തി. 

പ്രസിഡന്‍റായി ഗനിയെ അംഗീകരിക്കാനും അദ്ദേഹത്തിന്‍റെ കീഴില്‍ ചീഫ് എക്സിക്യൂട്ടീവ്  പദവി സ്വീകരിക്കാനും അബ്ദുല്ല സമ്മതിച്ചതോടെയാണ് ആ പ്രശ്നം അവസാനിച്ചത്. അഫ്ഗാനിസ്ഥാനിലെ ഭരണ സംവിധാനത്തില്‍ പ്രധാനമന്ത്രിയില്ല. അതിനാല്‍ സമാനമായ അധികാരങ്ങളുള്ള ചീഫ് എക്സിക്യൂട്ടീവ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു.

പക്ഷേ, അബ്ദുല്ല സംതൃപ്തനായിരുന്നില്ല. പല കാര്യങ്ങളിലും അദ്ദേഹവും ഗനിയും തമ്മില്‍ ഇടഞ്ഞു കൊണ്ടുമിരുന്നു. അതുകൊണ്ടുതന്നെയാണ്  ഇത്തവണയും ഗനിയ്ക്കെതിരെ മല്‍സരിക്കാന്‍ അബ്ദുല്ല മുന്നോട്ടുവന്നതും. 

John Kerry
ജോണ്‍ കെറി

താലിബാന്‍ ഭരണത്തിനുശേഷമുള്ള അഫ്ഗാനിസ്ഥാനില്‍ രാജ്യാന്തര തലത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അന്‍പത്തൊന്‍പതുകാരനായ അബ്ദുല്ല. നേത്ര ചികില്‍സകനായിരുന്ന അദ്ദേഹം സോവിയറ്റ് അധിനിവേശത്തിനെതിരായ യുദ്ധത്തില്‍ മുജാഹിദീന്‍ പോരാളികളോടൊപ്പം ഉണ്ടായിരുന്നു. 

താലിബാനെതിരെ പോരാടിയ വടക്കന്‍ സഖ്യത്തിന്‍റെ തലവന്‍ അഹമദ് ഷാ മസൂദിന്‍റെ വിശ്വസ്ത സഹപ്രവര്‍ത്തകനായും അറിയപ്പെട്ടു. താലിബാന്‍ ഭരണത്തിനുശേഷം അധികാരം ഏറ്റെടുത്ത പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ ക്യാബിനറ്റില്‍ വിദേശമന്ത്രിയായി. 

അത്രയും സജീവമായ രാഷ്ട്രീയ പശ്ചാത്തലം ഗനിക്കില്ല. നരവംശ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ള ഈ എഴുപതുകാരന്‍ ദീര്‍ഘകാലം അമേരിക്കയില്‍ സര്‍വകലാശാലാ അധ്യാപകനായിരുന്നു. പിന്നീടു ലോകബാങ്കില്‍ ചേര്‍ന്നു. 

താലിബാന്‍ ഭരണത്തിനുശേഷമുള്ള നാളുകളില്‍ അഫ്ഗാനിസ്ഥാനിലെ യുഎന്‍ പ്രത്യേക ദൂതനായിരുന്ന അല്‍ജീരിയന്‍ നയതന്ത്രജ്ഞന്‍ ലഖ്ദര്‍ ബ്രഹീമിയുടെ ഉപദേഷ്ടാവായിരുന്നു. അങ്ങനെയാണ് നാട്ടില്‍ തിരിച്ചെത്തിയതും. തുടര്‍ന്നു കര്‍സായിയുടെ ധനമന്ത്രിയായി. 

അബ്ദുല്ലയുടേതു പോലുള്ള സജീവമായ രാഷ്ട്രീയ-സമര പശ്ചാത്തലമില്ലെങ്കിലും അദ്ദേഹത്തിന് ഇല്ലാത്ത സാമൂഹിക പശ്ചാത്തലം ഗനിക്കുണ്ട്. ജനങ്ങളില്‍ ഭൂരിപക്ഷമായ പഷ്തുന്‍ വിഭാഗത്തില്‍പ്പെട്ട ആളാണദ്ദേഹം . കര്‍സായിയും അങ്ങനെതന്നെ. താലിബാനും മുഖ്യമായി ഒരു പഷ്തൂന്‍ സംഘടനയാണ്. എന്നാല്‍ അബ്ദുല്ല പൂര്‍ണമായും പഷ്തുനല്ല. പിതാവ് പഷ്തുന്‍ ആണങ്കില്‍ മാതാവ് താജിക്കാണ്. അതേസമയം, ഗനിക്കെതിരായ മല്‍സരത്തില്‍ അബ്ദുല്ലയെ സഹായിക്കുന്നവരില്‍ പുഷ്തൂന്‍ പ്രമുഖരുമുണ്ട്.   

Ahmad Shah Massoud
അഹമദ് ഷാ മസൂദ്

ഗനിയും അബ്ദുല്ലയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഇത്തവണയും അമേരിക്ക ശ്രമിക്കാതിരുന്നില്ല. യുഎസ് സൈനിക പിന്മാറ്റം സംബന്ധിച്ച് താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച യുഎസ് നയതന്ത്രജ്ഞന്‍ സല്‍മായ് ഖലീല്‍സാദ് സത്യപ്രതിജ്ഞയുടെ തലേന്നു രാത്രി വൈകുന്നതുവരെ അതില്‍ മുഴുകിയിരിക്കുകയായിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. അഫ്ഗാന്‍ വംശജനായ ഇദ്ദേഹം മുന്‍പ് കാബൂളില്‍ യുഎസ് അമ്പാസ്സഡറായിരുന്നു. 

ഗനിയുടെ സത്യപ്രതിജഞാ ചടങ്ങില്‍ ഖലീല്‍സാദ് പങ്കെടുത്തത് പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെടുന്നു. യുഎസ് എംബസ്സിയില്‍ രണ്ടാം സ്ഥാനമുള്ള റോസ് വില്യംസ്, യുഎസ് സൈന്യത്തിന്‍റെ കമാന്‍ഡര്‍ ജനറല്‍ സ്കോട്ട് മില്ലര്‍ എന്നിവരും യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, നോര്‍വെ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അംബാസ്സഡര്‍മാരും ഒപ്പമുണ്ടായിരുന്നു. ഈ രാജ്യങ്ങളെല്ലാം ഗനിയെ പ്രസിഡന്‍റായി അംഗീകരിക്കുന്നുവെന്നാണ് ഇതിനര്‍ഥം. അബ്ദുല്ലയുടെ ചടങ്ങില്‍ പങ്കെടുത്തവര്‍ ആരെല്ലാമാണന്ന് അറിവായിട്ടില്ല. 

സത്യപ്രതിജ്ഞകള്‍ നടന്നുകൊണ്ടിരിക്കേതന്നെ കാബൂളില്‍ ബോംബ് പൊട്ടുകയുണ്ടായി. ആളപായമില്ല. അതിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് ആറ്) അബ്ദുല്ല പങ്കെടുത്ത ഒരു പൊതുയോഗം ലക്ഷ്യമാക്കി ആക്രമണം നടത്തിയതും അവരായിരുന്നു. 27 പേര്‍ കൊല്ലപ്പെട്ടുകയും മറ്റ് ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ഇത്തരം ചോരച്ചൊരിച്ചില്‍ ഒട്ടേറെ ദശകങ്ങളായി അഫ്ഗാനിസ്ഥാ നില്‍ ദൈനംദിന ജീവിതത്തിന്‍റെ  ഭാഗമാണ്. നേതാക്കള്‍ക്കിടയിലെ അനൈക്യവും ഒരു പുതിയ കാര്യമല്ല. എങ്കിലും, ഗനി-അബ്ദുല്ല പോര് മൂര്‍ഛിക്കുകയും ഒരു സമാന്തര ഗവണ്‍മെന്‍റ് നിലവില്‍ വരികയും ചെയ്തതു രാജ്യത്തിന്‍റെ ഭാവിയെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു. 

English Summary : Rival Afghan 'presidents' hold parallel inaugurations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ