ഭീകരതയുടെ പാക്ക് മുഖം
Mail This Article
ഭീകരതയോടു സമരസപ്പെട്ടുപോകുന്ന പാക്കിസ്ഥാനില്‍ ഭീകരര്‍ സ്വൈരവിഹാരം നടത്തുന്ന കാര്യം രഹസ്യമല്ല. 19 വര്‍ഷം മുന്‍പ് അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ കഴുത്തറുത്തു കൊന്നകേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്കു കൂടി അക്കൂട്ടത്തില്‍ ചേരാന്‍ വഴിയൊരുങ്ങുന്നു. അവരുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ളതാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) പാക്ക് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി. ഇതോടെ രാജ്യാന്തര സമൂഹത്തിന്‍റെ മുന്നില്‍ പാക്കിസഥാന്‍ വീണ്ടും പ്രതിക്കൂട്ടിലായി.
അമേരിക്കയിലെ പുതിയ ഭരണകൂടവുമായി ചങ്ങാത്തത്തിലാവാന്‍ കാത്തുനില്‍ക്കുകയായിരുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഭരണകൂടം. പക്ഷേ, അതിപ്പോള്‍ സംശയത്തിലായി. പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കന്‍ പാക്ക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയുമായി ആദ്യമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം മുഖ്യമായി ഈ വിധിയില്‍ അമേരിക്കയ്ക്കുള്ള നടുക്കവും രോഷവും പ്രകടിപ്പിക്കാനായിരുന്നു.
അതിനു മുന്‍പ് തന്നെ അദ്ദേഹം ഒരു പ്രസ്താവനയില്‍ വിധിയെ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. ഡാനിയല്‍ പേളിനെ അമേരിക്കയ്ക്കു മറക്കാനാവില്ലെന്നു മുന്‍ യുഎസ് ഭരണകൂടത്തിലെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോപെയോയും വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വെട്ടിച്ചുരുക്കിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അപ്പോള്‍ തന്നെ പ്രതികളുടെ മോചനത്തിനു വഴിതുറക്കപ്പെട്ടിരുന്നു. വിധിക്കെതിരെ ഉടന്‍തന്നെ അപ്പീല്‍ നല്‍കിയതിനാല്‍ അതു അതു നടക്കാതെ പോയി. പക്ഷേ, ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്. മൂന്നു ജഡ്ജിമാരില്‍ ഒരാള്‍മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു.
മുഖ്യപ്രതിയായ അഹമദ് സയീദ് ഉമര്‍ ഷെയ്ക്കിനു കറാച്ചിയിലെ പ്രത്യേക കോടതി 2002 ജൂലൈയില്‍ വധശിക്ഷ വിധിക്കുകയും ഫഹദ് നസീം, ഷെയ്ക്ക് ആദില്‍, സല്‍മാന്‍ സാഖിബ് എന്നീ മറ്റു മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കുകയും ചെയ്തിരുന്നു. വേറെ ഏഴു പ്രതികള്‍കൂടി ഉണ്ടായിരുന്നുവെങ്കിലും അവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഉമര്‍ ഷെയ്ക്കിന്‍റെ വധശിക്ഷ സിന്ധ് ഹൈക്കോടതി വെട്ടിച്ചുരുക്കി, ഏഴു വര്‍ഷത്തെ തടവുശിക്ഷയാക്കി. പേളിനെ തട്ടിക്കൊണ്ടുപോയതു ഉമര്‍ ഷെയ്ക്കാണെങ്കിലും വധിച്ചത് അയാളാണെന്നു പൊലീസിനു തെളിയിക്കാനായില്ലെന്നായിരുന്നു രണ്ടംഗ ബെഞ്ചിന്‍റെ വിധി. അതിനകം ഏഴു വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഉമര്‍ ഷെയ്ക്കിനെ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റു മൂന്നു പേര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കള്ളതായി തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞ് അവരെയും വിട്ടയക്കാന്‍ ഉത്തരവുണ്ടായി. തെളിവില്ലെന്ന കാരണത്താല്‍ പാക്ക് കോടതികളില്‍ ഭീകരര്‍ക്ക് അനുകൂലമായ വിധിയുണ്ടാകുന്നത് അതാദ്യമായിരുന്നില്ല.
ഡാനിയല്‍ പേള്‍ 38ാം വയസ്സില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ അതിക്രൂരമായ വിധത്തില്‍ വധിക്കപ്പെട്ടത് മാധ്യമ സമൂഹത്തിനു മാത്രമല്ല, ലോകത്തിനു പൊതുവില്‍തന്നെ ഉള്‍ക്കിടിലമുണ്ടാക്കിയ സംഭവമായിരുന്നു. രാജ്യാന്തര ഭീകരതയെയും അതുമായുള്ള പാക്കിസ്ഥാന്‍റെ കൂട്ടുകെട്ടിനെയും കുറിച്ചുളള ഒട്ടേറെ ചോദ്യങ്ങള്‍ ആ സംഭവം ഉന്നയിക്കുകയുണ്ടായി. സ്വൈരവിഹാരത്തിനു ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ ലഭിക്കുന്ന സൗകര്യം, പാക്ക് സൈനിക ചാരവിഭാഗമായ ഐഎസ്ഐയുമായുളള ഭീകരരുടെ കൂട്ടുകെട്ട് എന്നിവ വീണ്ടും ചര്‍ച്ചാവിഷയമാവുയും ചെയ്തു.
അമേരിക്കയിലെ വോള്‍ സട്രീറ്റ് ജേര്‍ണല്‍ എന്ന പ്രമുഖ പത്രത്തിന്‍റെ ദക്ഷിണേഷ്യാ ലേഖകനായിരുന്നു പേള്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കേ വാര്‍ത്താ ശേഖരണത്തിനുവേണ്ടി കേരളത്തിലും വരികയുണ്ടായി. 2002 ജനുവരിയില്‍ കറാച്ചിയിലെത്തി. തലേവര്‍ഷം സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ആസുത്രണം ചെയ്ത അല്‍ഖായിദ ഭീകരസംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെട്ട ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം.
അതിനുവേണ്ടി ഒരു തീവ്രവാദി സംഘടനയുടെ നേതാവുമായി അഭിമുഖത്തിനു പുറപ്പെട്ടുവെങ്കിലും വഴിമധ്യേ അപ്രത്യക്ഷനായി. ഉമര്‍ ഷെയ്ക്കും സംഘവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. സെപ്റ്റംബര്‍ ആക്രമണത്തോടനുബന്ധിച്ച് അമേരിക്കയുടെ പിടിയിലായ അല്‍ഖായിദ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ജൂതനായ പേളിനെ ഇസ്രയേലിന്‍റെ ഏജന്‍റ് എന്നു മുദ്രകുത്തിയ അവര്‍ അദ്ദേഹത്തെ കഴുത്തറുത്തു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായി. പേളിനെ രക്ഷപ്പെടുത്താന്‍ യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതശരീരം തലയറ്റ നിലയില്‍ കറാച്ചിക്കടുത്ത ഒരു ഗ്രാമത്തിലെ പാടത്തു കണ്ടെത്തി. പേളിനെ കഴുത്തറുത്തുകൊല്ലുന്നതിന്‍റെ വിഡിയോ പിന്നീട് കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റില്‍ കിട്ടുകയും ചെയ്തു.
ലഹോറില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോളാണ് ഉമര്‍ ഷെയ്ക്കിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നത്. ബ്രിട്ടനില്‍ പൗരത്വം നേടിയ സാമാന്യം ഭേദപ്പെട്ട ഒരു പാക്ക് കുടുംബത്തിലെ അംഗമാണ് ഷെയ്ക്ക്. എളുപ്പത്തിലൊന്നും പ്രവേശനം ലഭിക്കാത്ത ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കാന്‍ ചേര്‍ന്നു. പക്ഷേ, പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്തന്നെ യൂറോപ്പില്‍ ബോസ്നിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങോട്ടേക്കു തിരിച്ചു.
പിന്നീടു ഭീകര പ്രവര്‍ത്തനത്തിനുവേണ്ടി ഇന്ത്യയിലെത്തുകയും 1994ല്‍ നാലു വിദേശ ടൂറിസ്റ്റുകളെ (ഒരു അമേരിക്കക്കാരനെയും മൂന്നു ബ്രിട്ടീഷുകാരെയും) തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തു. അവരെ പിന്നീട് വിട്ടയച്ചു. അഞ്ചു വര്‍ഷത്തിനുശേഷം, 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയവരുടെ ആവശ്യം ഉമര്‍ ഷെയ്ക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ തടവിലുളള മൂന്നു പ്രമുഖ പാക്ക് ഭീകരരെ വിട്ടയക്കണമെന്നായിരുന്നു. ഇല്ലെങ്കില്‍ വിമാനത്തിലെ 160 പേരെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
നേപ്പാളിലെ കഠ്മണ്ടുവില്‍നിന്നു ന്യൂഡല്‍ഹിലേക്കു പുറപ്പെട്ട വിമാനം റാഞ്ചികള്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് കൊണ്ടുചെന്നിറക്കിയത്. യാത്രക്കാരെ രക്ഷിക്കുന്നതിനുവേണ്ടി മൂന്നു ഭീകരരെയും ജയിലില്‍നിന്നു മോചിപ്പിച്ചു അവിടെ എത്തിക്കേണ്ടിവന്നു. ഉമര്‍ ഷെയ്ക്കിനോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളായിരുന്നു പില്‍ക്കാലത്ത് ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ മസൂദ് അസ്ഹര്‍.
സുപ്രീംകോടതിയുടെ വിധിക്കെതിരെ പാക്ക് ഗവണ്‍മെന്‍റ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ അതേ ജഡ്ജിമാര്‍തന്നെയാണ് വിധി പരിശോധിക്കുക. അതിനാല്‍ വ്യത്യസ്തമായ ഒരു വിധി ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ഉമര്‍ ഷെയ്ക്കിനെ അമേരിക്ക വെറുതെ വിടുമെന്നു തോന്നുന്നില്ല. ഡാനിയല്‍ പേളിനെ വധിക്കുകയും യുഎസ് ടൂറിസ്റ്റിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതിന് അയാള്‍ക്കെതിരെ അമേരിക്കയില്‍ കേസ്സുകളുണ്ട്. ആ കേസ്സുകളുടെ വിചാരണ നേരിടുന്നതിനുവേണ്ടി ഷെയക്കിനെ വിട്ടുതരണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Vidhesharangom - US Seeks Accountability From Pakistan In Daniel Pearl's Murder Case