സൂചിയെ പേടിച്ച് സൈന്യം

HIGHLIGHTS
  • മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തില്‍
  • യുഎന്‍ ഉപരോധ സാധ്യത വിദുരം
MYANMAR-POLITICS
Aung San Suu Kyi, Photo Credit: Cathal McNaughton / Reuters
SHARE

മ്യാന്‍മറിലെ ജനാധിപത്യ പരീക്ഷണം ഒരു പതിറ്റാണ്ടു മുഴുവന്‍ നീണ്ടുനിന്നില്ല. അതിനിടയില്‍തന്നെ പട്ടാളം ഭരണം തിരിച്ചുപിടിക്കുകയും ഓങ്സാന്‍ സൂചി ഉള്‍പ്പെടെയുള്ള സിവിലിയന്‍ നേതാക്കളെ തടങ്കലിലാക്കുകയും ചെയതു. രാജ്യത്തുടനീളം ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുകയാണ്. അതിനുശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും അധികാരം ജനങ്ങള്‍ക്കു കൈമാറുകയും ചെയ്യുമെന്നു പട്ടാളം പ്രഖ്യാപിച്ചിട്ടുമുണ്ട്. 

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാഗ്ദാനം പക്ഷേ അധികമാരും മുഖവിലയ്ക്ക് എടുക്കുന്നില്ല. അത്തരം വാഗ്ദാനങ്ങള്‍ പട്ടാള നേതൃത്വം മുന്‍പും പല തവണ നല്‍കുകയും അവയെല്ലാം ഒന്നൊന്നായി പിച്ചിച്ചീന്തുകയും ചെയ്തിട്ടുണ്ട്. ഒരുതവണ  (1990ല്‍ ) തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ വന്‍വിജയം നേടിയതു സൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) ആയിരുന്നു. അതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കാനും അധികാരത്തില്‍ കുറേക്കൂടി അമര്‍ന്നിരിക്കാനും പട്ടാളം മടിച്ചില്ല. സൂചി അറസ്റ്റിലാവുകയും ചെയ്തു. ജനാധിപത്യത്തെ പട്ടാളം ഭയപ്പെടുന്നു. 

ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള 72 വര്‍ഷത്തിനിടയില്‍ 50 വര്‍ഷവും പട്ടാളഭരണത്തിലായിരുന്നു മുന്‍പ് ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍. ഇത്തരമൊരു ചരിത്രം ഏഷ്യയില്‍ പാക്കിസഥാനു മാത്രമേയുള്ളൂ. രാജ്യാന്തര സമൂഹം ഇതിനെ അപലപിക്കുകയും ജനാധിപത്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും തടങ്കലിലുള്ളവരെയെല്ലാം ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  പക്ഷേ, രാജ്യാന്തര സമൂഹത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മ്യാന്‍മറിലെ പട്ടാള നേതൃത്വം വില കല്‍പ്പിക്കാറില്ല. 

MYANMAR-POLITICS
People burn a portrait of Army chief General Min Aung Hlaing as they protest against the military coup, in Myanmar. Photo Credit : Reuters

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു (ഫെബ്രുവരി ഒന്ന്) പുതിയ സംഭവങ്ങളുടെ തുടക്കം. സായുധസേനകളുടെ തലവനായ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ലെയിങ്ങാണ് പുതിയ ഭരണകൂടത്തിന്‍റെ തലവന്‍. രാജ്യാന്തര തലത്തില്‍തന്നെ കുപ്രസിദ്ധി നേടിയിരുന്ന ഇദ്ദേഹം ഈ വര്‍ഷം ഉദ്യോഗത്തില്‍നിന്നു വിരമിക്കാന്‍ പോവുകയായിരുന്നു. നിലവിലുള്ള പല മന്ത്രിമാരെയും അദ്ദേഹം പിരിച്ചുവിടുകയും തല്‍സ്ഥാനങ്ങളില്‍ പട്ടാളത്തിന്‍റെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ പട്ടാളത്തിന്‍റെ കര്‍ശന നിയന്ത്രണത്തിലുമായി. 

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രസിഡന്‍റ് വിന്‍ മിന്‍റും ഉള്‍പ്പെടുന്നു. ഇവരെല്ലാം എവിടെയാണുള്ളതെന്ന കൃത്യമായ വിവരം ദിവസങ്ങള്‍ക്കുശേഷവും പുറത്തുവന്നിട്ടില്ല. പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്താന്‍ സൂചിയുടെ പേരില്‍ പ്രസ്താവന ഇറങ്ങിയെങ്കിലും വ്യാപകമായ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. അതേസമയം, പട്ടാളത്തെ അനുകൂലിക്കുന്ന കക്ഷികളുടെ പ്രവര്‍ത്തകര്‍ പട്ടാള ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തുകയും ചെയ്തു. 

പട്ടാളത്തിന്‍റെ പെട്ടെന്നുള്ള നടപടി തികച്ചും അപ്രതീക്ഷമായി തോന്നാം. എന്നാല്‍, പട്ടാളവും സൂചിയുടെ ഗവണ്‍മെന്‍റും തമ്മിലുള്ള ബന്ധം ഉലയുകയാണെന്നതിനു സൂചനകളുണ്ടായിരുന്നു. അതു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കാരണം, കഴിഞ്ഞ ചില വര്‍ഷങ്ങളായി മ്യാന്‍മറില്‍നിന്നുള്ള വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത് റോഹിന്‍ഗ്യമുസ്ലിംകളും അവര്‍ അനുഭവിച്ചുവരുന്ന പീഡനങ്ങളുമാണ്. 

ബംഗ്ളദേശില്‍നിന്നു നുഴഞ്ഞുകയറിയവര്‍ എന്നു മുദ്രകുത്തപ്പെടുന്ന അവരുടെനേരെ പട്ടാളം മാത്രമല്ല, 2015മുതല്‍ രാജ്യം ഭരിക്കുന്ന സൂചിയുടെ ഗവണ്‍മെന്‍റും ക്രൂരമായി പെരുമാറുകയായിരുന്നു. ജിനോസൈഡ് അഥവാ വംശീയഹത്യയാണ് നടക്കുന്നതെന്നു പോലും ആരോപണമുണ്ടായി. അതിനു മറുപടി പറയാനായി നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ മുന്‍പാകെ നേരിട്ടു ഹാജരാകാനും സൂചിക്കു  മടിയുണ്ടായില്ല. ഏഷ്യയിലെ നെല്‍സന്‍ മണ്ടേലയെന്നു പറഞ്ഞു രാജ്യാന്തര സമൂഹം ആദരവോടെ വാഴ്ത്തിക്കൊണ്ടിരുന്ന വനിതയുടെ മറ്റൊരു മുഖമാണ് അങ്ങനെ അനാവരണം ചെയ്യപ്പെട്ടത്. 


അതേസമയം, മ്യാന്‍മറില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ സൂചി നടത്തിയ ദീര്‍ഘവും ത്യാഗപൂര്‍ണവുമായ സഹന സമരത്തെ ആരും തള്ളിപ്പറയുന്നുമില്ല. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ജനറല്‍ ഓങ്സാന്‍റെ മകളാണ് എഴുപത്തഞ്ചുകാരിയായ സൂചി. രാജ്യം സ്വതന്ത്രമാകുന്നതിനു മുന്‍പ്തന്നെ ഓങ്സാന്‍ കൊല്ലപ്പെട്ടിരുന്നു. 

MYANMAR-POLITICS-JAPAN
Myanmar protesters residing in Japan hold photos of Aung San Suu Kyi as they rally against Myanmar's military after seizing power from a democratically elected civilian government and arresting its leader Aung San Suu Kyi, at United Nations University in Tokyo, Japan February 1, 2021. Photo : Issei Kato / Reuters

സൂചിയുടെ മാതാവ് മ്യാന്‍മറിന്‍റെ ഇന്ത്യയിലെ സ്ഥാനപതിയായതോടെ 1960ല്‍ സൂചിയും ഡല്‍ഹിയിലെത്തി. അതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ജനറല്‍ നെവിന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ പട്ടാളവിപ്ളവം. ഉപരി പഠനത്തിനുവേണ്ടി ലണ്ടനിലേക്കു പോയ സൂചി മൈക്കല്‍ ആരിസ് എന്ന സര്‍വകലാശാലാ പ്രഫസറെ വിവാഹം ചെയ്തു രണ്ടു മക്കളുമായി അവിടെ സ്വസ്ഥജീവിതം നയിക്കുകയായിരുന്നു. 

രോഗബാധിതയായ മാതാവിനെ കാണാന്‍ 1988ല്‍ നാട്ടിലെത്തിയ സൂചി പക്ഷേ ലണ്ടനിലേക്കു മടങ്ങിപ്പോയില്ല. ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള സമരം തുടങ്ങുകയും നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി എന്ന പുതിയ രാഷ്ട്രീയ കക്ഷിക്കു രൂപം നല്‍കുകയും ചെയ്തു. അതിന്‍റെയെല്ലാം പേരില്‍ പല തവണയായി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. ലോകമൊട്ടുക്കുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് അവര്‍ പ്രചോദനമായി. നൊബേല്‍ സമാധാന സമ്മാനം ഉള്‍പ്പെടെ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ അവരെ തേടിയെത്തുകയും ചെയ്തു. 1991ല്‍ നൊബേല്‍ സമ്മാനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെടുമ്പോടും തടങ്കലിലായിരുന്നു. 

ഭര്‍ത്താവ് കാന്‍സര്‍ രോഗബാധിതനായി മരണാസന്നനായപ്പോള്‍ ലണ്ടനില്‍പോയി അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനും 1999ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍  ശവസംസ്ക്കാരത്തില്‍ പങ്കെടുക്കാനും സൂചിക്കായില്ല. നാട്ടില്‍നിന്നു പുറത്തുപോയാല്‍ തിരിച്ചുവരാന്‍ പട്ടാളം അനുവദിക്കില്ലെന്ന ഭീതികാരണം യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു.  

MYANMAR-POLITICS-PROTESTS
People protest on the street against the military after Monday's coup, outside the Mandalay Medical University in Mandalay, Myanmar February 4, 2021. Photo Credit : Reuters

അവസാനം, പട്ടാളത്തിനു ചുവടുമാറ്റേണ്ടിവന്നു. രാജ്യാന്തര സമ്മര്‍ദ്ദവും, വിശേഷിച്ച് അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങള്‍, അതിലൊരു വലിയ പങ്കു വഹിക്കുകയുണ്ടായി. 2011ല്‍ പട്ടാളത്തിന്‍റെ നിയന്ത്രണങ്ങളില്‍ അയവു വരാന്‍ തുടങ്ങുകയും വീട്ടുതടങ്കലില്‍നിന്നു സൂചി മോചിതയാവുകയും ചെയ്തു. 2015ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ അതംഗീകരിക്കാനും പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ അനുവദിക്കാനും പട്ടാളം തയാറായി. 

അതേസമയം, അധികാരത്തിന്‍റെ കടിഞ്ഞാണ്‍ പൂര്‍ണമായി തങ്ങളുടെ കൈകളില്‍ നിന്നു വിട്ടുപോകാതിരിക്കാനുള്ള കൗശലം പ്രയോഗിക്കാനും പട്ടാളം മറന്നില്ല. ആ വിധത്തിലുള്ളതായിരുന്നു 2008ല്‍ അവര്‍ തയാറാക്കിയതും ഹിതപരിശോധനയിലൂടെ  പാസ്സാക്കിയെടുത്തതുമായ പുതിയ ഭരണഘടന. പട്ടാളത്തെ അനുകൂലിക്കുന്നവരല്ലാത മറ്റാരും ഹിതപരിശോധനയല്‍ പങ്കെടുത്തിരുന്നില്ല. നര്‍ഗീസ് എന്ന ചുഴലിക്കാറ്റ് മ്യാന്‍മറിനെ ചുഴറ്റിയെറിഞ്ഞതിന്‍റെ രണ്ടാം ദിവസമാണ് അതു നടന്നതും.

അങ്ങനെയുണ്ടായ ഭരണഘടന അതനുസരിച്ച് പാര്‍ലമെന്‍റിലെ നാലിലൊന്നു സീറ്റുകള്‍ പട്ടാളത്തിനുള്ളതാണ്. ഗവണ്‍മെന്‍റിലെ  സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിക്കണമെന്നു പട്ടാളം തീരുമാനിക്കും. സുചിക്ക് അതിനു വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. 2015ലെ തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍വിജയം നേടിയെങ്കിലും പ്രസിഡന്‍റ് സ്ഥാനം സൂചിക്കു നിഷേധിക്കപ്പെട്ടു. കാരണം, വിദേശപൗരന്മാരായ മക്കളോ ഭാര്യാഭര്‍ത്താക്കന്മാരോ ഉള്ളവര്‍ പ്രസിഡന്‍റാവാന്‍ അര്‍ഹരല്ലെന്നും ഭരണഘടനയില്‍ പട്ടാളം എഴുതിച്ചേര്‍ത്തിരുന്നു. സ്റ്റേറ്റ് കൗണ്‍സലര്‍ സ്ഥാനമാണ് സൂചിക്കു ലഭിച്ചത്. ആ നിലയില്‍ സൂചിതന്നെയാണ് ഭരണത്തിനു നേതൃത്വം നല്‍കിയിരുന്നതും. 

റോഹിന്‍ഗ്യ പ്രശ്നത്തില്‍ സൂചിയും പട്ടാളവും തമ്മിലുള്ള ഐക്യം മറ്റു പല കാര്യങ്ങളിലും ഉണ്ടായിരുന്നില്ല. തങ്ങളുടെ നിയന്ത്രണം അട്ടിമറിക്കാന്‍ സൂചി ശ്രമിക്കുകയാണെന്നു പട്ടാളം ഭയപ്പെടുകയും ചെയ്തു. പാര്‍ലമെന്‍റ് സീറ്റുകളില്‍ 25 ശതമാനം പട്ടാളത്തിനു നീക്കിവച്ചത് അഞ്ചു ശതമാനമായി കുറയ്ക്കാനുള്ള സൂചിയുടെ ഉദ്യമം ഇതിനുദാഹണമായിരുന്നു. അതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യാനുള്ള സൂചിയുടെ ശ്രമം വിജയിച്ചുമില്ല.  

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി അതിന്‍റെ ശക്തി പൂര്‍വാധികം തെളിയിച്ചതോടെ പട്ടാളത്തിന്‍റെ ഭയം വര്‍ധിക്കുകയും ചെയ്തു. മൊത്തമുള്ള 476 സീറ്റുകളില്‍ 396 ഭരണകക്ഷി നേടിയപ്പോള്‍ പട്ടാള പിന്തുണയുള്ള പാര്‍ട്ടികള്‍ക്കെല്ലാം കൂടി കിട്ടിയത് വെറും 33 സീറ്റുകളാണ്.

MYANMAR-POLITICS
Myanmar Commander in Chief Senior General Min Aung Hlaing. Photo Credict: Soe Zeya Tun / Reuters

തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടന്നതായി പട്ടാളം ആരോപിക്കുകയും പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇലക്ഷന്‍ കമ്മിഷന്‍ അതിനോടു യോജിച്ചില്ല.  അതിനെ തുടര്‍ന്നാണ് പട്ടാളം അധികാരം വീണ്ടും പിടിച്ചടക്കിയത്. അതിന്‍റെ പിറ്റേന്നു പുതിയ പാര്‍ലമെന്‍റ് സമ്മേളിക്കുകയും പുതിയ ഗവണ്‍മെന്‍റ് ഭരണം ഏല്‍ക്കുകയും ചെയ്യേണ്ടതായിരുന്നു. 

ഇനിയെന്ത് എന്ന ചോദ്യമാണ് മറ്റെന്നത്തേക്കാളും ശക്തിയോടെ മ്യാന്‍മറിന്‍റെ മുന്നില്‍ എഴുന്നുനില്‍ക്കുന്നത്. പട്ടാളഭരണം അവസാനിപ്പിക്കുന്നതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനായി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്നു സൂചനകളുണ്ട്. യുഎന്‍ രക്ഷാസമിതി സമ്മേളിച്ചെങ്കിലും തീരുമാനമൊന്നും എടുത്തില്ല. ചൈന വീറ്റോ ചെയ്യുമെന്ന കാരണത്താല്‍ യുഎന്‍ ഉപരോധവും ആരും പ്രതീക്ഷിക്കുന്നില്ല. ചൈനയുമായി അത്രയും ദൃഢമായ ബന്ധമാണ് മ്യാന്‍മറിനുള്ളത്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vidhesharangom - The military coup in Myanmar and its geopolitical implications 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA