ബൈഡനും പുടിനും തമ്മില്‍

HIGHLIGHTS
  • തിരഞ്ഞെടുപ്പില്‍ വീണ്ടും റഷ്യന്‍ ഇടപെടല്‍
  • ബൈഡന്‍ മാപ്പ് പറയണമെന്നാവശ്യം
rising-us-russia-tensions-after-joe-biden-agrees-that-putin-is-a-killer
വ്ളാഡിമിര്‍ പുടിന്‍, ജോ ബൈഡൻ
SHARE

അമേരിക്കയുടെ പ്രസിഡന്‍റ് ജോ ബൈഡനു നാക്കു പിഴച്ചതാണോ ? അതല്ല, അദ്ദേഹം മനഃപൂര്‍വം പറഞ്ഞതാണോ? റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ കൊലയാളിയാണെന്നു കരുതുന്നുണ്ടോ എന്നു ടിവി അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ബൈഡന്‍ നല്‍കിയ മറുപടി അതെ എന്നായിരുന്നു. ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി അദ്ദേഹം ആരോപിക്കുകയും പുടിന്‍ അതിനു വില നല്‍കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.  അതെങ്ങനെയായിരിക്കും എന്നു വേഗംതന്നെ അറിയാനാകുമെന്നു സൂചിപ്പിക്കാനും ബൈഡന്‍ മടിച്ചില്ല.

സ്വാഭാവികമായും റഷ്യ ചൊടിച്ചു. നേരത്തെതന്നെ സമ്മര്‍ദത്തിലായിരുന്ന യുഎസ്-റഷ്യ ബന്ധം പെട്ടെന്ന് ഒന്നുകൂടി ഉലഞ്ഞു. കൂടിയാലോചനയ്ക്കെന്ന പേരില്‍ റഷ്യ തങ്ങളുടെ അംബാസ്സഡറെ മടക്കിവിളിക്കുകയും ബൈഡന്‍ വിശദീകരണം നല്‍കുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ലോകത്തെ രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള ശീതയുദ്ധം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചു. 

ബൈഡന്‍റെ പരാമര്‍ശങ്ങള്‍ക്ക് അതേ രീതിയിലും സ്വരത്തിലും മറുപടി പറയാന്‍ പൂടിന്‍ തയാറായില്ലെന്നതു മാത്രമാണ് ഈ പശ്ചാത്തലത്തില്‍ തെളിഞ്ഞുകാണുന്ന രജതരേഖ. തനിക്കും ബൈഡനും പരസ്പരം നന്നായി അറിയാം, അദ്ദേഹത്തിനു താന്‍ സൗഖ്യം നേരുന്നു എന്നിങ്ങനെ പറഞ്ഞു അന്തരീക്ഷം തണുപ്പിക്കാനും പുടിന്‍ ശ്രമിക്കാതിരുന്നില്ല. 

അമേരിക്കയും റഷ്യയും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കമുള്ളതിനാല്‍ ഇത്തരം  ഒരു സ്ഥിതിവിശേഷം മിക്കവാറും അനിവാര്യമായിരുന്നു. എന്നാല്‍ അതിനുള്ള സാഹചര്യം ഇത്രയും വേഗം ഉണ്ടാകുമെന്ന് അധികമാരും നിനച്ചിട്ടുണ്ടാവില്ല. അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ബൈഡന്‍ സ്ഥാനമേറ്റിട്ട് രണ്ടു മാസമാകുന്നതേയുള്ളൂ. 

നവംബര്‍ മൂന്നിനു നടന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്നു ബൈഡന്‍ പറഞ്ഞത് അമേരിക്കന്‍ രഹസ്യവിഭാഗത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്. അവരുടെ 15 പേജുള്ള റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 16)പുറത്തുവന്നത്. പുടിന്‍റെ നിര്‍ദേശം അനുസരിച്ചാണ് ഇടപെടല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇറാനും ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ, അവരുടെ ശ്രമം ആര്‍ക്കെങ്കിലും അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല. യുഎസ് തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. ഇറാന്‍ ഭരണകൂടത്തിന്‍റെ തലപ്പത്തുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

ബൈഡനെക്കുറിച്ചുള്ള  തെറ്റായ വിവരം റഷ്യക്കാര്‍ പ്രചരിപ്പിച്ചതാണ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുള്ളത്. ബൈഡന്‍റെ മകന്‍ ഹണ്ടര്‍ യുക്രെയിനിലെ ബുരിസ്മ എന്ന ഗ്യാസ് കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡ്  അംഗമായിരുന്നു. അദ്ദേഹത്തിനെതിരായ ഒരു കേസ് അന്വേഷിക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ അതു തടയാന്‍ അമേരിക്കയുടെ അന്നത്തെ വൈസ്പ്രസിഡന്‍റ് എന്ന നിലയില്‍ ബൈഡന്‍ യുക്രെയിന്‍ ഗവണ്‍മെന്‍റില്‍ സ്വാധീനം ചെലുത്തിയെന്നായിരുന്നു ആരോപണം. 

ട്രംപ് ആദ്യമായി പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ച 2016ലെ തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടതായി ആരോപണം ഉയരുകയുണ്ടായി. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ളിന്‍റനായിരുന്നു അദ്ദേഹത്തിന്‍റെ എതിര്‍ സ്ഥാനാര്‍ഥി. ഹിലറിക്കു ദോഷമുണ്ടാക്കുന്ന വിധത്തില്‍ അവരുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും കംപ്യൂട്ടറുകളിൽ നിന്നു വിവരങ്ങള്‍ കൂട്ടത്തോടെ റഷ്യക്കാര്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ഹിലരിയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു ട്രംപ്. ഹിലരി പ്രസിഡന്‍റാകരുതെന്നതു റഷ്യയുടെയും ആവശ്യമായിരുന്നു.  

ആരോപണം റഷ്യ മാത്രമല്ല, ട്രംപും നിഷേധിക്കുകയാണ് ചെയ്തത്. പുടിനെ കുറ്റപ്പെടുത്താന്‍ ട്രംപ് തയാറായതുമില്ല. എങ്കിലും കേന്ദ്ര കുറ്റാന്വേഷണ വിഭാഗത്തിന്‍റെ (എഫ്ബിഐ) മുന്‍ഡയരക്ടര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ യുഎസ് നീതിന്യായ വകുപ്പ് നിര്‍ബന്ധിതമായി. 

തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്നു പറയുന്നതു നേരാണ്,  ഇടപെടല്‍ നടക്കുന്നുണ്ടെന്നു ട്രംപിനുതന്നെ അറിയാമായിരുന്നു, റഷ്യന്‍ ഇടപെടല്‍ അദ്ദേഹത്തിനു പ്രയോജനപ്പെടുകയും ചെയ്തു, പക്ഷേ, ഇതിനൊന്നും തെളിവ് ഹാജരാക്കാനാവില്ല-ഇങ്ങനെയായിരുന്നു 22 മാസത്തെ അന്വേഷണത്തിനുശേഷം മുള്ളര്‍ നല്‍കിയ 448 പേജുള്ള റിപ്പോര്‍ട്ടിന്‍റെ രത്നച്ചുരുക്കം. 

ആ റിപ്പോര്‍ട്ട് ഉടന്‍ തന്നെ തള്ളിക്കളഞ്ഞ ട്രംപോ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയോ പുതിയ റിപ്പോര്‍ട്ടിനെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും, അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുകയും അതിനു പുടിന്‍തന്നെ നിര്‍ദേശം നല്‍കിയെന്നുമുള്ള വിവരം രാഷ്ട്രത്തലവനെന്ന നിലയില്‍ ബൈഡനെ രോഷാകുലനാക്കുന്നു. ആ രോഷമാണ് ടിവി അഭിമുഖത്തില്‍ പുടിനെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഫലിക്കുന്നത്. പ്രസിഡന്‍് തിരഞ്ഞെടുപ്പിലെ വിജയത്തില്‍ ബൈഡനെ പുടിന്‍  അഭിനന്ദിച്ചതു വളരെ വൈകിയാണെന്ന വസ്തുതയും ഇതിനോടു ചേര്‍ത്തുവായിക്കുന്നവരുണ്ട്. 

തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിനു റഷ്യ വില നല്‍കേണ്ടിവരുമെന്നു ബൈഡന്‍ പറഞ്ഞതിന് അര്‍ഥം അതുമായി ബന്ധപ്പെട്ട റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം ഉണ്ടാകുമെന്നാണ്. പുടിന്‍റെ ഏറ്റവും ശക്തനായ എതിരാളിയായ രാഷ്ട്രീയ നേതാവ് അലക്സി നവല്‍നിയെഅറസ്റ്റ് ചെയ്തു തടവിലാക്കിയതിന്‍റെ പേരിലും റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുകയുണ്ടായി. കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ ഇനിയുമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.  

വിഷബാധയിലൂടെ നവല്‍നിയെ വധിക്കാന്‍ പോലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രമം നടക്കുകയുണ്ടായി. അബോധാവസ്ഥയിലായ അദ്ദേഹത്തെ തക്കസമയത്തു ജര്‍മനിയിലെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടു മാത്രമാണ് ജീവന്‍ ബാക്കിയായത്. സുഖം പ്രാപിച്ചു നാട്ടില്‍ തിരിച്ചെത്തിയ ഉടനെ നവല്‍നി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 

അതിനെതിരെ പ്രതിഷേധിച്ചവരെ പുടിന്‍റെ ഭരണകൂടം അടിച്ചമര്‍ത്തി. പുടിന്‍ കൊലയാളിയാണെന്നു കരുതുന്നുണ്ടോ എന്നു ടിവി അഭിമുഖത്തില്‍ ബൈഡനോട് ചോദ്യമുണ്ടായത് മുഖ്യമായും ഈ പശ്ചാത്തലത്തിലാണ്. അതെയെന്നു മറുപടി പറയാന്‍ ബൈഡന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. 

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ എഴുന്നു നില്‍ക്കുകയാണ് ഏഴാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന യുക്രെയിന്‍ പ്രശ്നം. അയല്‍രാജ്യമായ യുക്രെയിനില്‍ 2014ല്‍ റഷ്യ ഇടപെടുകയും യുക്രെയിന്‍റെ ഭാഗമായ ക്രൈമിയന്‍ അര്‍ധ ദ്വീപ് സ്വന്തമാക്കുകയും ചെയ്തു. റഷ്യയും പാശ്ചാത്യലോകവുമായുള്ള ബന്ധം പെട്ടെന്ന് ഉലഞ്ഞത് അതിനെ തുടര്‍ന്നാണ്. ബറാക് ഒബാമയായിരുന്നു അന്ന് അമേരിക്കയുടെ പ്രസിഡന്‍റ്. ബൈഡന്‍ അദ്ദേഹത്തിന്‍റെ വൈസ്പ്രസിഡന്‍റായിരുന്നു. അവര്‍ക്കും പാശ്ചാത്യ ലോകത്തിലെ നേതാക്കള്‍ക്കും പുടിനെ തടുക്കാനായില്ല.

ലോകത്തിലെ എട്ടു സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-8യില്‍നിന്ന് റഷ്യയെ അവര്‍ പുറത്താക്കുകയും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ്-റഷ്യ ബന്ധത്തിലെ കീറാമുട്ടിയായി നില്‍ക്കുകയാണ് ഇപ്പോഴും യുക്രെയിന്‍ പ്രശാനം. 

English Summary : Rising US Russia tensions after Joe Biden agrees that Putin is a 'killer'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.