ക്യൂബയെന്നാല്‍ കാസ്ട്രോയെന്നും കാസ്ട്രോയെന്നാല്‍ ക്യൂബയെന്നും കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞു. ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഇപ്പോള്‍ ക്യൂബയെ നയിക്കുന്നത് കാസ്ട്രോയെന്ന ചരിത്രപ്രസിദ്ധമായ കുടുംബപ്പേരുള്ള ആരുമല്ല. രാജ്യത്തെ പ്രസിഡന്‍റിന്‍റെയും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയുടെയും പദവി വഹിക്കുന്നതു മറ്റൊരാളാണ്-മിഗ്വേല്‍ മരിയോ ഡയസ്-കനാല്‍ എന്ന അറുപത്തൊന്നുകാരന്‍.
രണ്ടു വര്‍ഷംമുന്‍പ് രാഷ്ട്രത്തലവനായി പാര്‍ലമെന്‍റ് തിരഞ്ഞെടുത്തിരുന്ന അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇക്കഴിഞ്ഞ എട്ടാമതു കോണ്‍ഗ്രസ് ഏപ്രില്‍ 12നു പാര്‍ട്ടിയുടെ തലവനായും തിരഞ്ഞെടുത്തു. 1959ലെ ക്യൂബന്‍ വിപ്ളവത്തിന്‍റെ നായകനായിരുന്ന ഡോ. ഫിദല്‍ കാസ്ട്രോയും അദ്ദേഹത്തിനുശേഷം അനുജന്‍ റൗള്‍ കാസ്ട്രോയും മാത്രം വഹിച്ചിരുന്നതാണ് മുന്‍പ് ഈ പദവികള്‍.

ഫിദല്‍ 2006ല്‍ ഗുരുതര രോഗവുമായി ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ഇരു പദവികളും റൗള്‍ ഏറ്റെടുത്തിരുന്നത്. അദ്ദേഹമാണ് ഒന്നൊന്നായി അവ ഡയസ്-കനാലിനു വിട്ടുകൊടുത്തിരിക്കുന്നതും. രാജ്യത്തെ ഒരേയൊരു കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനംകൂടി ലഭിച്ചതോടെ ഡയസ്-കനാല്‍ ക്യൂബയിലെ ഏറ്റവും ശക്തനായിത്തീര്‍ന്നു. എങ്കിലും, റൗളുമായി ആലോചിച്ചല്ലാതെ താന്‍ ഒരു കാര്യത്തിലും മുന്നോട്ടു പോവില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ക്യൂബയുടെ നയപരിപാടികളില്‍ അടുത്തൊന്നും കാര്യമായ മാറ്റം ഉണ്ടാകാന്‍ ഇടയില്ലെന്നും ഈ പ്രസ്തവന സൂചിപ്പിക്കുന്നു.
ഡയസ്-കനാല്‍ ക്യൂബയുടെ സാരഥിയാകുന്നതില്‍ മറ്റൊരു സവിശേഷത കൂടിയുണ്ട്. അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ കാസ്ട്രോ സഹോദരന്മാരുടെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ വിപ്ളവത്തില്‍ ഡയസ്-കനാലിനു പങ്കുണ്ടായിരുന്നില്ല. ലോകത്തെ പൊതുവില്‍ പ്രകമ്പനം കൊള്ളിച്ച ആ മഹാസംഭവത്തിന്‍റെ അടുത്ത വര്‍ഷമായിരുന്നു അദ്ദേഹം ജനിച്ചതുതന്നെ. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടുകയും സര്‍വകലാശാലയില്‍ ആ വിഷയം പഠിപ്പിക്കുകയും ചെയ്തിരുന്ന ഡയസ്-കനാല്‍ മൂന്നു വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്യുകയുമുണ്ടായി. ഇതും കാസ്ട്രോ സഹോദരന്മാരെപ്പോലുള്ള വിപ്ളവകാരികളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
എങ്കിലും, അവരുടേതില്‍നിന്നു വ്യത്യസ്തമായ ഒരു രാഷ്ട്രീയം അദ്ദേഹത്തിനില്ല. ഉണ്ടാവാനുള്ള സാധ്യതയുമില്ല. മുന്‍പ് വിദ്യാഭ്യാസമന്ത്രി, ഉപപ്രധാനമന്ത്രി, ഒന്നാം വൈസ്പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലും പാര്‍ട്ടിയുടെ വിവിധ പദവികളിലും സേവനംചെയ്ത നാളുകളില്‍തന്നെ അതു വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ 14 അംഗ പോളിറ്റ്ബ്യൂറോയിലെ അംഗവുമായിരുന്നു. അതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടു പദവികളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും.
ക്യൂബന്‍ വിപ്ളവത്തിനു നേതൃത്വം നല്‍കുമ്പോള്‍ ഫിദലും റൗളും യുവത്വത്തിന്‍റെപാരമ്യത്തിലായിരുന്നു. പക്ഷേ, ഫിദല്‍ ഔദ്യോഗികമായി സ്ഥാനമൊഴിയുമ്പോള്‍ വയസ്സ് 82. (മരിച്ചത് 2016ല്‍ 90ാം വയസ്സില്‍). റൗള്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു വിരമിച്ചതു 86ാം വയസ്സിലും പാര്‍ട്ടിയുടെ നേതൃപദവി കൈമാറിയതു 89ാം വയസ്സിലും. അറുപത്തൊന്നുകാരനായ പുതിയ നേതാവ് അവരേക്കാള്‍ വളരെ ചെറുപ്പമാണെന്നതും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. രാജ്യത്തെയും പാര്‍ട്ടിയെയും നയിക്കാന്‍ ഇനി വേണ്ടതു വാര്‍ധക്യത്തിന്‍റെ ഭാരം പേറുന്നവരല്ലെന്നതു റൗളിന്‍റെ നിര്‍ദേശമായിരുന്നു. ആരും തുടര്‍ച്ചയായി രണ്ടു തവണയിലധികം ആ പദവികളില്‍ ഇരിക്കരുതെന്നും അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.
വാസ്തവത്തില്‍ മറ്റൊരു കാസ്ട്രോകൂടി ക്യൂബയില്‍ നിര്‍ണായക പദവിയില്‍ ഇപ്പോഴുണ്ട്. റൗളിന്‍റെ ഏകമകനും കൗണ്ടര്‍ ഇന്‍റലിജന്‍സ് വിഭാഗം തലവനുമായ അന്‍പത്തഞ്ചുകാരന്‍ കേണല്‍ അലജാന്ദ്രോ കാസ്ട്രോയാണത്. അദ്ദേഹത്തിന്‍റെ മാതാവ് വില്‍മ 1959ലെ വിപ്ളവത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതകളില്‍ ഒരാളായിരുന്നു. 2007ല്‍ മരിച്ചു. മകനെ റൗള്‍ തന്‍റെ പിന്‍ഗാമിയാക്കാന്‍ കണ്ടുവച്ചിരിക്കുകയാണെന്നായിരുന്നു ഇടക്കാലത്തുണ്ടായ അഭ്യൂഹം. ഡയസ്-കനാലിന്‍റെ നക്ഷത്രം ഉയരാന്‍ തുടങ്ങിയതോടെ അഭ്യൂഹം കെട്ടടങ്ങുകയും ചെയ്തു.

പുതിയ നായകന്‍റെ കീഴില്‍ ക്യൂബയുടെ ഭാവിയെന്ത് ? സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ മാറ്റങ്ങളുണ്ടാവുമോ ? എങ്കില്‍ എന്തെല്ലാമായിരിക്കും മാറ്റങ്ങള്‍ ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നിരീക്ഷകര്‍. വിപ്ളവാനന്തര ക്യൂബ തുടക്കം മുതല്‍ സഞ്ചരിച്ചത് സോവിയറ്റ് പിന്തുണയോടെയും സാമ്പത്തികരംഗത്തു സോവിയറ്റ് യൂണിയന്‍ പിന്തുടര്‍ന്ന വഴിയിലൂടെയുമായിരുന്നു. 47 വര്‍ഷങ്ങള്‍ക്കുശേഷം റൗള്‍ അധികാരത്തില്‍ എത്തിയതോടെയാണ് ചെറിയ തോതിലെങ്കിലുമുള്ള മാറ്റങ്ങള്‍ വന്നത്. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്ന കടുംപിടിത്തത്തില്‍ അയവു വന്നതായിരുന്നു ഏറ്റവും വലിയ മാറ്റം. രാഷട്രീയ രംഗത്തു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യത്തില്‍ മാറ്റമൊന്നും ഉണ്ടായതുമില്ല.
തുടക്കംമുതല്‍ അമേരിക്കയുമായി ഏറ്റുമുട്ടുകയായിരുന്നു ക്യൂബ. അമേരിക്കയില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ കിടക്കുന്ന ദ്വീപ് രാജ്യമായ ക്യൂബയില്‍ വിപ്ളവകാരികള്‍ അധികാരം പിടിച്ചടക്കിയത് യുഎസ് അനുകൂലിയായ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യം അവസാനിപ്പിച്ചുകൊണ്ടായിരുന്നു. ക്യൂബയിലെ യുഎസ് ആസ്തികളെല്ലാം പിന്നീട് അവര്‍ ദേശസാല്‍ക്കരിക്കുകയും ചെയ്തു. അമേരിക്ക ക്ഷോഭിച്ചു.
രണ്ടു വര്‍ഷങ്ങള്‍ക്കകം കാസ്ട്രോ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍തന്നെ ശ്രമം നടന്നു. കാസ്ട്രോ വിരുദ്ധരായ ക്യൂബക്കാര്‍ നടത്തിയ ആ സൈനികാക്രമണം ദയനീയമായി പരാജയപ്പെടുകയായിരുന്നു. 1961 ഏപ്രില്‍ മധ്യത്തില്‍ നടന്നതും ബേ ഓഫ് പിഗ്സ് എന്നറിയപ്പെടുന്നതുമായ ആ സംഭവത്തിന്‍റെ അറുപതാം വാര്‍ഷികംകൂടിയാണ് ഇപ്പോള്‍. ക്യൂബയുടെ പുതിയ നായകനായ ഡയസ്-കനാലിന് അന്നു വെറും ഒരു വയസ്സ്. അതിനടുത്ത വര്‍ഷമാണ് ക്യൂബയുടെ പേരില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ആണവ യുദ്ധത്തിന്‍റെ വക്കോളമെത്തിയതും.
ക്യൂബയുമായുള്ള നയതന്ത്രബന്ധം 1961ല്‍തന്നെ അമേരിക്ക വിഛേദിക്കുകയും കര്‍ശനമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. അതില്‍ മാറ്റമുണ്ടായത് അര നൂറ്റാണ്ടിലേറെ കാലത്തിനുശേഷം അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്‍റായതോടെയാണ്. 2015ല്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിതമാവുകയും വാഷിങ്ണില്‍ ക്യൂബയുടെയും ഹവാനയില്‍ അമേരിക്കയുടെയും എംബസ്സികള്‍ തുറക്കുകയും ചെയ്തു. 2016ല്‍ ഒബാമ ഹവാന സന്ദര്‍ശിച്ചതും അതുവരെ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ഒരു മഹാസംഭവമായിരുന്നു. ഇതിലെല്ലാം റൗള്‍ കാസ്ട്രോ വഹിച്ച പങ്കും ഒട്ടും ചെറുതായിരുന്നില്ല.
ക്യൂബ-യുഎസ് ബന്ധത്തിലെ മഞ്ഞുരുക്കം പക്ഷേ, അധികകാലം നീണ്ടുനിന്നില്ല. ഒബാമയെ തുടര്‍ന്നു പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് ഉപരോധം പുനഃസ്ഥാപിക്കുകയും കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തര കൊറിയയുടെയും ഇറാന്‍റെയും കൂടെ ക്യൂബയെയും മുന്‍പ് അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. ഒബാമ റദ്ദാക്കിയ അതും ട്രംപ് പുനഃസ്ഥാപിച്ചു.
ഒബാമയുടെ കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്ന ജോ ബൈഡന്‍ വന്നതോടെ യുഎസ്-ക്യൂബ ബന്ധം ഒബാമയുടെ കാലത്തേക്കു തിരിച്ചുപോകുമെന്ന പ്രതീക്ഷ ഉയര്‍ന്നതു സ്വാഭാവികമായിരുന്നു. എന്നാല്‍, ബൈഡന്‍റെ മുന്‍ഗണനാ പട്ടികയില്‍ തല്‍ക്കാലം ക്യൂബ ഇല്ലെന്നാണ് അഭ്യൂഹങ്ങള്‍. വീണ്ടും മഞ്ഞുരുകാന്‍ ഡയസ്-കനാലിനു കാത്തിരിക്കേണ്ടിവന്നേക്കാം എന്നര്‍ഥം.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Cuba has a new leader and it’s not a Castro