അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിക്കാന്‍ പോവുകയാണ്. ഇരുപതു വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നടന്നുവരുന്ന ഈ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് സെപ്റ്റംബര്‍ 11നകം അമേരിക്കയുടെ മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്നാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 11 അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ തീയതിയല്ല, 20 വര്‍ഷം മുന്‍പുണ്ടായതും ഇപ്പോഴും ഉള്‍ക്കിടിലമുണ്ടാക്കുന്നതുമായ ഒരു സംഭവത്തിന്‍റെ ഓര്‍മദിനമാണ്. അവരുടെ സുരക്ഷിതത്വബോധത്തെ തകിടം മറിക്കുകയും മൂവായിരം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുകൊണ്ട് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ഭീകരാക്രമണം നടന്നത് ആ ദിവസമായിരുന്നു. അതിന്‍റെ പേരിലായിരുന്നു അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികാക്രമണം.
ഭീകരാക്രമണത്തിന് ഉത്തരവാദികളായ അല്‍ഖായിദ സംഘവും അവരുടെ നേതാവായ ഉസാമ ബിന്‍ ലാദനും താവളമടിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലായിരുന്നു. 1996 മുതല്‍ അവിടെ ഭരണത്തിലായിരുന്ന താലിബാന്‍റെ സംരക്ഷണത്തിലായിരുന്നു അവര്‍. അവരെ വിട്ടുകിട്ടാനുള്ള അമേരിക്കയുടെ ആവശ്യം താലിബാന്‍ തിരസ്ക്കരിച്ചതിനെ തുടര്‍ന്നായിരുന്നു 2001 ഒക്ടോബര്‍ ഏഴിന് അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിന്‍റെ ആരംഭം.
രണ്ടു മാസങ്ങള്‍ക്കകം താലിബാന്‍ അധികാരത്തില്‍നിന്നു പുറത്തായി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഇതര കക്ഷികള്‍ ഭരണത്തിലെത്തുകയും ചെയ്തു. പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടശേഷം അവിടെ ഒളിച്ചുതാമസിക്കുകയായിരുന്ന ബിന്‍ ലാദനെ 2011 മേയില്‍ യുഎസ് കമാന്‍ഡോകള്‍ കണ്ടെത്തുകയും കൊലപ്പെടുത്തുകയും ചെയ്തത് ഈ കഥയിലെ സുപ്രധാനമായ മറ്റൊരു അധ്യായമായിരുന്നു.

പക്ഷേ, അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിക്കുകയുണ്ടായില്ല. മാത്രമല്ല, അതിനു കാത്തുനില്‍ക്കാതെ 2003ല്‍ ബുഷ് ഇറാഖിനെയും ആക്രമിച്ചതു സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയുമുണ്ടായി. അമേരിക്കയ്ക്ക് ഒരേസമയത്തു രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യേണ്ടിവന്നു. രണ്ടിടത്തും സ്ഥിതിഗതികള്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്തു.
നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഒന്നൊന്നായി താലിബാന്‍ തിരിച്ചുപിടിക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗവും അവരുടെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് അമേരിക്ക അതിന്‍റെ സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ഭടന്മാരും അവരോടൊപ്പമുണ്ട്. അവരും മടങ്ങും.
"അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു നേതൃത്വം നല്‍കുന്ന നാലാമത്തെ യുഎസ് പ്രസിഡന്‍റാണ് ഞാന്‍. രണ്ടു റിപ്പബ്ളിക്കന്മാരും രണ്ടു ഡമോക്രാറ്റുകളും. അഞ്ചാമതൊരാള്‍ക്ക് ഇതു കൈമാറാന്‍ ഞാന്‍ ഒരുക്കമില്ല". ഇങ്ങനെയായിരുന്നു കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 14) വൈറ്റ്ഹൗസിലെ ട്രീറ്റി റൂമില്‍നിന്നു പ്രസിഡന്‍റ് ബൈഡന്‍ നടത്തിയ പ്രഖ്യാപനം. 2001 ഒക്ടോബറില്‍ അന്നത്തെ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ളിയു. ബുഷ് താലിബാനെതിരായ യുദ്ധം പ്രഖ്യാപിച്ചതും അവിടെ വച്ചായിരുന്നു.
ഇതിനകം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത് 2300 അമേരിക്കന്‍ ഭടന്മാരാണ്. ഇരുപതിനായിരത്തിലേറെ പേര്‍ക്കു പരുക്കേറ്റു. അര ലക്ഷത്തോളം അഫ്ഗാന്‍ സൈനികര്‍ക്കു പുറമെ ഒരു ലക്ഷത്തിലേറെ സാധാരണ ജനങ്ങള്‍ക്കും ജീവഹാനി സംഭവിച്ചു. യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്ക് രണ്ടു ലക്ഷം കോടി ഡോളര്‍ ചെലവായതായും കണക്കാക്കപ്പെടുന്നു.
ബുഷിന്‍റെ പിന്‍ഗാമിയായ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ഒരു ഘട്ടത്തില്‍ ഒരു ലക്ഷംവരെ അമേരിക്കന്‍ ഭടന്മാര്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. ഒബാമ തന്നെയാണ് അവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ തുടങ്ങിയതും. താലിബാനുമായള്ള പോരാട്ടത്തില്‍നിന്നു തടിയൂരാനുള്ള ശ്രമത്തിന്‍റെ മുന്നോടിയായി താലിബാനുമായി നേരിട്ട് ഏറ്റുമുട്ടുന്നതില്‍നിന്നു യുഎസ് ഭടന്മാരെ ഒഴിവാക്കിയതും ഒബാമയാണ്. അഫ്ഗാന്‍ ഗവണ്‍മെന്‍റ് സൈന്യത്തിനു പരിശീലനവും ഉപദേശവും നല്‍കുന്നതായി പിന്നീട് അവരുടെ മുഖ്യദൗത്യം.
പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭരണത്തില്‍ യുഎസ് ഭടന്മാരുടെ എണ്ണം പിന്നെയും കുറഞ്ഞു. ഇപ്പോഴുള്ളത് 2500-3500 യുഎസ് ഭടന്മാരും എണ്ണായിരത്തോളം നാറ്റോ ഭടന്മാരും. യുഎസ്-നാറ്റോ ഭടന്മാരെ പിന്‍വലിക്കാന്‍ സഹായകമായ വിധത്തില്‍ താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കാര്യമായ ശ്രമം നടത്തിയതും ട്രംപാണ്. അഫ്ഗാനിസ്ഥാനില്‍നിന്നു പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016 നവംബറിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് വേളയില്‍തന്നെ അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു.
അതിനുവേണ്ടി താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കേണ്ടത് ആവശ്യമായി വന്നു. മുതിര്‍ന്ന നയതന്ത്രജ്ഞനും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖലീല്‍സാദിനെയാണ് ട്രംപ് അതിനു നിയോഗിച്ചത്. അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫില്‍ ജനിച്ച ഈ അറുപത്തൊന്‍പതുകാരന്‍ കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ് അമ്പാസ്സഡറായിരുന്നു. അഫ്ഗാന്‍ ഭാഷകളായ പഷ്തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉര്‍ദുവും നന്നായി അറിയാം. ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയിലായിരുന്നു അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധികളും താലിബാന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍.

മേയ് ഒന്നിനകം യുഎസ്-നാറ്റോ സൈന്യങ്ങളെ പൂര്‍ണമായി പിന്‍വലിക്കുക, അതിനു പകരമായി രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികളെയും ഭീകര സംഘടനകളെയും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ താലിബാന്‍ അനുവദിക്കാതിരിക്കുക, അധികാരം പങ്കിടുന്ന കാര്യത്തില്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ ഗവണ്‍മെന്‍റുമായി താലിബാന്‍ ചര്‍ച്ച നടത്തുക-ഇതായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവര്‍ തമ്മിലുണ്ടായ ഒത്തുതീര്‍പ്പിന്‍റെ കാതല്‍.
ഇപ്പോള്‍ ബൈഡന്‍ നടത്തിയിട്ടുള്ള പ്രഖ്യാപനം അതേ ചുവടു പിടിച്ചിട്ടുള്ളതാണെങ്കിലും സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. മേയ് ഒന്നിനു പകരം നാലു മാസം വൈകിയേ യുഎസ്-നാറ്റോ സൈനിക പിന്മാറ്റം പൂര്‍ത്തിയാവുകയുള്ളൂഎന്നതാണ് ഒരു മാറ്റം. താലിബാനെ ഇതു ക്ഷുഭിതരാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പ് അമേരിക്ക ലംഘിച്ചതായി അവര്‍ കുറ്റപ്പെടുത്തുകയും അനന്തര ഫലങ്ങള്‍ക്ക് അമേരിക്ക ഉത്തരവാദിയായിരിക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യുഎസ്-നാറ്റോ ഭടന്മാര്‍ മുഴുവന്‍ തിരിച്ചുപോകുന്നതോടെ കാബൂളിലെ ഭരണത്തിലേക്കുള്ള വഴിയുടെ വാതിലുകള്‍ താലിബാന്‍റെ മുന്നില്‍ തുറന്നിടപ്പെടുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. താലിബാന്‍റെ ഭരണത്തില്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിനു പലരും 1996-2001 കാലത്തെ അഫ്ഗാന്‍ ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്നു. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള കഥകളാണ് അന്നു കേട്ടുകൊണ്ടിരുന്നത്. അതിന്‍റെ ഓര്‍മകള്‍ അഫ്ഗാനിസ്ഥാലിലെ ജനങ്ങളെ, വിശേഷിച്ച് സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും അസ്വസ്ഥരാക്കാനിടയുണ്ട്.
ഇന്ത്യയോടു കടുത്ത ശത്രുതയും പാക്കിസ്ഥാനുമായി ആഴത്തിലുള്ള അടുപ്പവും വച്ചുപുലര്‍ത്തുന്ന താലിബാന്‍റെ തിരിച്ചുവരവ് സാധ്യത സ്വാഭാവികമായി ഇന്ത്യയിലും ആശങ്കയ്ക്കു കാരണമാകുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - U.S. to withdraw troops from Afghanistan by September 11