വീണ്ടും തുറന്നിടുന്ന യുഎസ് വാതിലുകള്‍

HIGHLIGHTS
  • വീസ നിരോധനം സ്വയം ഇല്ലാതായി
  • ഗ്രീന്‍കാര്‍ഡിനുവേണ്ടി നീണ്ട കാത്തിരിപ്പ്‌
USA-ELECTION/
SHARE

എച്ച്-1ബി, എച്ച്-4, എച്ച്-2ബി, എല്‍1, ജെ1.... ഇതെല്ലാം എന്താണെന്നു ചോദിച്ചാല്‍ അധികപേരും കൈമലര്‍ത്തുകയേയുള്ളൂ. എന്നാല്‍, അമേരിക്കയില്‍ പോയി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സുപരിചിതമാണ് ഈ പേരുകള്‍. വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി അമേരിക്കയില്‍ പ്രവേശിക്കാന്‍ യുഎസ് ഗവണ്‍മെന്‍റ് നല്‍കുന്ന വീസകള്‍ അറിയപ്പെടുന്നത് ഈ പേരുകളിലാണ്. 

ഈ വീസകള്‍ നല്‍കുന്നതു നിര്‍ത്തിവച്ചുകൊണ്ടുള്ളതായിരുന്നു അമേരിക്കയിലെ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ എടുത്ത ഒരു വിവാദ നടപടി. കോവിഡ് മഹാമാരി കാരണം അമേരിക്കയില്‍ തൊഴിലില്ലായ്മ പടര്‍ന്നു പിടിക്കുന്നു. അതിനിടയില്‍ പഴയതുപോല വിദേശ ജോലിക്കാര്‍കൂടി എത്തിയാല്‍ പ്രശ്നം ഗുരുതരമാകും. താരതമ്യേന കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ തയാറാവുന്ന വിദേശികളുമായുള്ള മല്‍സരത്തില്‍ നാട്ടുകാര്‍ പുറംതള്ളപ്പെടും. ഈ ന്യായത്തിലാണ് എച്ച്-1ബി പോലുള്ള വീസകള്‍ നല്‍കുന്നത് ആറു മാസത്തേക്കു നിരോധിച്ചുകൊണ്ട് 2020 ജൂണില്‍ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ മൂന്നു മാസത്തേക്കുകൂടി (ഈ വര്‍ഷം മാര്‍ച്ച് 31 വരേക്ക്) അതു നീട്ടി. യുഎസ് പ്രസിഡന്‍റ് എന്ന നിലയ്ക്കുള്ള ട്രംപിന്‍റെ സ്വന്തം കാലാവധി അവസാനിക്കാന്‍ അപ്പോള്‍ 20 ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സാങ്കേതിക വിജ്ഞാനവും വൈദഗ്ധ്യവുമുള്ള വിദേശ ജോലിക്കാരെ താല്‍ക്കാലികമായി റിക്രൂട്ട് ചെയ്യാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വീസ. എച്ച്-1ബി വീസയുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കു (മുഖ്യമായി ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന്) നിയമവിധേയമായി അമേരിക്കയില്‍  വന്നു താമസിക്കാന്‍ എച്ച്4 വീസ അനുമതി നല്‍കുന്നു. 

കൃഷിയുമായി ബന്ധമില്ലാത്ത താല്‍ക്കാലിക ജോലിക്കുവേണ്ടി റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ്  എച്ച്-2ബി വീസ. ഇപ്പോള്‍തന്നെ എവിടെയെങ്കിലും ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുകയും ആ കമ്പനിയുടെ തന്നെ അമേരിക്കയിലെ ഓഫീസിലേക്കു സ്ഥലംമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് എല്‍1 വീസ. പഠനത്തിനോ പരിശീലനത്തിനോ അല്ലെങ്കില്‍ സാംസ്ക്കാരിക വിനിമയത്തിന്‍റെ ഭാഗമായോ അമേരിക്കയില്‍ എത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടതു  ജെ1 വീസയാണ്. ഇവയെല്ലാം ട്രംപിന്‍റെ നിരോധനം കാരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 

ഈ വര്‍ഷം ജനുവരിയില്‍ പക്ഷേ, ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റ് അല്ലാതാവുകയും ജോ ബൈഡന്‍ പുതിയ പ്രസിഡന്‍റാവുകയും ചെയ്തു. ട്രംപ് എടുത്ത ചില വിവാദ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു ബൈഡന്‍റെ തുടക്കം. ഇറാന്‍, സിറിയ, ലിബിയ എന്നിവ ഉള്‍പ്പെടെ മധ്യപൂര്‍വദേശത്തെ ഏഴു രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് 2017ല്‍ ട്രംപ് പ്രഖ്യാപിച്ച തീരുമാനമായിരുന്നു അവയിലൊന്ന്. 

ഈ പട്ടികയില്‍നിന്നു പിന്നീടു ചില രാജ്യങ്ങളെ ട്രംപ് ഒഴിവാക്കുകയും ഉത്തര കൊറിയയും വെനസ്വേലയും ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. വീസ നിരോധനത്തിനു വിധേയമായ രാജ്യങ്ങളുടെ എണ്ണം അങ്ങനെ 13 ആയി. രാജ്യസുരക്ഷയുടെ പേരിലായിരുന്നു ഈ നടപടി.അമേരിക്കയില്‍തന്നെ അതിനെതിരെ വിമര്‍ശനവുമുണ്ടായി. അമേരിക്കയുടെ പാരമ്പര്യത്തിനും മനഃസാക്ഷിക്കും നിരക്കാത്ത നടപടിയെന്നു പറഞ്ഞാണ് ബൈഡന്‍ അതു റദ്ദാക്കിയത്.   എച്ച്-1ബി പോലുള്ള വീസകളുടെ മേല്‍ ചുമത്തിയിരുന്ന നിരോധനവും അതുപോലെ ബൈഡന്‍ പെട്ടെന്നു റദ്ദാക്കുമെന്ന് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ്തന്നെ പ്രതീക്ഷിക്കപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ അങ്ങനെയൊരു സൂചനയാണ് നല്‍കിയിരുന്നതും. വിദേശത്തുനിന്നുള്ള വിജ്ഞരും വിദഗ്ധരുമായ പ്രഫഷനലുകളെ ജോലിക്ക് എടുത്തുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തിക്കൊണ്ടുവന്ന കമ്പനികളും അതിനുവേണ്ടി ആവശ്യപ്പെടുകയായിരുന്നു. ചിലര്‍ ട്രംപിന്‍റെ തീരുമാനത്തിനെതിരെ കോടതികളെ സമീപിക്കുകയുമുണ്ടായി. 

പക്ഷേ, ട്രംപ് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കാന്‍ ബൈഡന്‍ തയാറായില്ല. മുന്‍ഗാമിയുടെ ഉത്തരവ് കാലഹരണപ്പെടാന്‍ അനുവദിക്കുകയാണ് അദ്ദേഹം ചെയ്തത്. എച്ച്-1ബി പോലുള്ള വീസകള്‍ വീണ്ടും കൊടുത്തുതുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതോടെ വഴി തുറക്കപ്പെടുകയും ചെയ്തു.

അതേസമയം, ട്രംപ് ഏര്‍പ്പെടുത്തിയ വീസ നിരോധനം കാലഹരണപ്പെടാന്‍ അനുവദിക്കരുതെന്നും ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ തൊഴിലില്ലാതെ വലയുമ്പോള്‍ വിദേശികള്‍ കൂട്ടമായി വന്നു ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും ആവശ്യപ്പെടുന്നവരുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച്  റിപ്പബ്ളിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്ലി ബൈഡന് അയച്ചകത്ത് ശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി.  

ഓരോ വര്‍ഷവും അമേരിക്ക 85,000 എച്ച്-1ബി വീസ നല്‍കാറുണ്ടെന്നാണ് കണക്ക്. അവയുടെ ഏതാണ്ട്  70 ശതമാനവും ഇന്ത്യയില്‍നിന്നുള്ള പ്രഫഷനലുകള്‍  കരസ്ഥമാക്കുന്നു. ഇക്കാര്യത്തില്‍ ചൈനക്കാരാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ, എച്ച്-1ബി വീസകളില്‍ അവര്‍ക്കു കിട്ടുന്നതു 12 ശതമാനത്തിനു താഴെയാണ്. എച്ച്-1ബി വീസ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രിയമുളളതാണെന്ന്‌ ഈ കണക്കുകളില്‍നിന്നു തന്നെ മനസ്സിലാക്കാം.

എച്ച്-1ബി വീസയ്ക്കുവേണ്ടി രണ്ടര ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറിയിക്കുകയുണ്ടായി. ഇവയില്‍ 67 ശതമാനവും ഇന്ത്യക്കാരുടെതാണത്രേ.  ട്രംപിന്‍റെ നിരോധനം കാരണം എച്ച്-1ബി വീസയ്ക്കുള്ള രണ്ടു ലക്ഷത്തിലേറെ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ ഇടയായെന്നും പറയപ്പെടുന്നു. രാജ്യത്തിന് അകത്തുനിന്നുതന്നെ യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇന്ത്യക്കാരുടേതടക്കം പല കമ്പനികള്‍ക്കും പ്രയാസങ്ങള്‍ നേരിടേണ്ടിവന്നുവെന്നും പരാതിയുണ്ടായിരുന്നു.

ഏതായാലും, എച്ച്-1ബി ഉള്‍പ്പെടെയുള്ള വീസകള്‍ നല്‍കുന്നതു നിരോധിച്ചുകൊണ്ടുള്ള ട്രംപിന്‍റെ ഉത്തരവ് കാലഹരണപ്പെട്ടതോടെ അമേരിക്കയില്‍ ജോലി നേടാനുള്ള ഇന്ത്യക്കാരുടെ ശ്രമങ്ങള്‍ക്കു നേരിട്ടിരുന്ന തടസ്സംനീങ്ങി. എന്നാല്‍, തൊഴിലുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് അവസാനമായില്ല. അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡിന്‍റെ കാര്യത്തിലാണ് ഈ പ്രശ്നം. ഔദ്യോഗികമായി പെര്‍മനന്‍റ് റസിഡന്‍റ് കാര്‍ഡ് എന്ന പേരുള്ള ഗ്രീന്‍കാര്‍ഡ് പൗരത്വത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ് . ഏതാണ്ട് 33 കോടി ജനങ്ങളുള്ള അമേരിക്കയില്‍ ഒരു കോടി 39 ലക്ഷം വിദേശികളുടെ പക്കലാണ് ഇതുളളത്. അവരില്‍ 91 ലക്ഷം പേര്‍ പൗരത്വത്തിന് അര്‍ഹരുമാണ്. ഗ്രീന്‍ കാര്‍ഡുള്ള ഇന്ത്യക്കാരുടെ എണ്ണം എട്ടുലക്ഷം. 

അതേസമയം,  ഗ്രീന്‍കാര്‍ഡിലേക്കുള്ള വഴി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഫലത്തില്‍ അടഞ്ഞുകിടക്കുകയുമാണ്. എല്ലാ രാജ്യക്കാര്‍ക്കും തുല്യമായ തോതില്‍ ക്വോട്ട നിശ്ചയിച്ചിട്ടുള്ളതാണ് കാരണം. ലഭ്യമായ ഗ്രീന്‍കാര്‍ഡുകളുടെ ഏഴു ശതമാനമാണ്  ഒരോ രാജ്യക്കാര്‍ക്കുമുള്ള ക്വോട്ട. വന്‍ജനസംഖ്യയുള്ള ഇന്ത്യയ്ക്കും ചെറിയ ജനസംഖ്യയുള്ള ഐസ്ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ക്കും കിട്ടുന്നത് ഒരേ പരിഗണന. ഓരോ വര്‍ഷവും നല്‍കുന്ന മൊത്തം തൊഴിലധിഷ്ഠിത ഗ്രീന്‍കാര്‍ഡുകളുടെ എണ്ണം 120,000 ആയതിനാല്‍ ഇന്ത്യക്കാര്‍ക്കു പ്രതീക്ഷിക്കാവുന്നത് അവയുടെ ഏഴു ശതമാനമായ  84,00 മാത്രം. ഗ്രീന്‍കാര്‍ഡിനുവേണ്ടി ഇപ്പോള്‍ അപേക്ഷ നല്‍കുന്ന ഒരു ഇന്ത്യക്കാരന് അതു കിട്ടണമെങ്കില്‍ 195 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നിരാശാജനകമായ ഈ സ്ഥിതയിലേക്കു വിരല്‍ചൂണ്ടിയും പരിഹാരം തേടിയും ഇന്ത്യക്കാരുടെ ഒരു സംഘം ഈയിടെ വാഷിങ്ടണില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ പ്രകടനം നടത്തുകയുമുണ്ടായി. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangon Column : Biden lets Trump era H-1B visa bans expire; Indian IT professionals to benefit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.