ഇനി റയീസിയുടെ ഇറാന്‍

HIGHLIGHTS
  • അധികാരം പൂര്‍ണമായും യാഥാസ്ഥിതിക കരങ്ങളില്‍
  • പരമോന്നത നേതാവാകുമെന്നും അഭ്യൂഹങ്ങള്‍
IRAN-ELECTION
ഇബ്രാഹിം റയീസി. ചിത്രം : റോയിട്ടേഴ്സ്
SHARE

കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇറാനില്‍നിന്നു വ്യത്യസ്തമായ ഒരു ഇറാനായിരിക്കും ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിലവിലുണ്ടാവുക. മിതവാദിയായ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുടെ കാലാവധി അവസാനിക്കുന്നതോടെ ആ സ്ഥാനം ഏറ്റെടുക്കാന്‍  ഒരുങ്ങുകയാണ് കടുത്ത യാഥാസ്ഥിതികനും തീവ്രനിലപാടുകാരനുമായ ഇബ്രാഹിം റയീസി. അധികാരത്തിന്‍റെ മിക്ക മേഖലകളും നേരത്തെതന്നെ യാഥാസ്ഥിതികരുടെയും തീവ്രനിലപാടുകാരുടെയും നിയന്ത്രണത്തിലായിരുന്നു. ഇക്കഴിഞ്ഞ വെളളിയാഴ്ച (ജൂണ്‍ 18) നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റയീസി ജയിച്ചതോടെ  ഭരണത്തിന്‍റെ കടിഞ്ഞാണ്‍ പൂര്‍ണമായും അവരുടെ കൈകളിലാവുന്നു. 

എല്ലാ അധികാരങ്ങളുടെയും കേന്ദ്രബിന്ദുവായ പരമോന്നത നേതാവിന്‍റെ പദവികൂടി റയീസിയെ കാത്തിരിക്കുകയാണെന്നു കരുതുന്നവരുണ്ട്. ആത്മീയ നേതാവായ ആയത്തുല്ല അലി ഖമനയിയാണ് 31 വര്‍ഷമായി ഈ പദവിയിലുള്ളത്. 82 വയസ്സുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും വിശ്വസ്തനായും അറിയപ്പെടുകയാണ് റയീസി (60).  

റൂഹാനി ഇതിനകം രണ്ടുതവണ പ്രസിഡന്‍റായതിനാല്‍ വീണ്ടും മല്‍സരിക്കാന്‍ അര്‍ഹനായിരുന്നില്ല. എങ്കിലും, മിതവാളികളായ മറ്റു ചിലര്‍ മല്‍സരിക്കാന്‍ മുന്നോട്ടുവന്നു. സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ പരിശോധിക്കുന്ന രക്ഷാകര്‍തൃ സമിതി അവരില്‍ മിക്കവരുടെയും പത്രികകള്‍ തള്ളിക്കളഞ്ഞു. ആയത്തുല്ല ഖമനയി നിയമിച്ച ആറു മതപണ്ഡിതന്മാര്‍ ഉള്‍പ്പെടെയുള്ള തീവ്രനിലപാടുകാര്‍ക്കു മേധാവിത്തമുള്ളതാണ് ഈ 12 അംഗസമിതി. 

മറ്റു ചില സ്ഥാനാര്‍ഥികള്‍ പിന്നീടു സ്വയം പിന്‍വാങ്ങി. അവസാനം ബാക്കിയായ നാലുപേരില്‍ നിന്നാണ് റയീസി തിരഞ്ഞെടുക്കപ്പെട്ടത്. മിതവാദ നയങ്ങള്‍ മുന്നോട്ടുവച്ച മുന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ അബ്ദുല്‍ നാസര്‍ ഹിമ്മത്തിയായിരുന്നു എതിരാളികളില്‍ ഒരാള്‍. പക്ഷേ, വോട്ടര്‍മാരെ ഏറെയൊന്നും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായില്ല.  

IRAN-ELECTION
ഹസ്സന്‍ റൂഹാനി, ഇബ്രാഹിം റയീസി. ചിത്രം : റോയിട്ടേഴ്സ്

പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 62 ശതമാനം റയീസിക്കു കിട്ടിയെങ്കിലും ആറു കോടിയോളമുളള വോട്ടര്‍മാരില്‍  49 ശതമാനമേ പോളിങ് ബൂത്തുകളില്‍ എത്തിയിരുന്നുള്ളൂ. മുന്‍പൊരിക്കലും വോട്ടിങ് ശതമാനം ഇത്രയും കുറഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമല്ലെന്ന പേരില്‍ അതു ബഹിഷ്ക്കരിക്കാന്‍ നാടിനുകത്തും പുറത്തുമുള്ള വിമതര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ശക്തനായ ഒരു മിതവാദി നേതാവ് മല്‍സരരംഗത്ത് ഇല്ലാതിരുന്നതു വോട്ടര്‍മാരില്‍ പലരെയും നിരുല്‍സാഹപ്പെടുത്തിയതായും പറയപ്പെടുന്നു. 

റൂഹാനി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട 2017ലെ തിരഞ്ഞെടുപ്പില്‍ പോളിങ് 73 ശതമാനമായിരുന്നു. റയീസിയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളി. റൂഹാനിക്കു 57 ശതമാനം വോട്ടു കിട്ടി. ഇത്തവണ റയീസിക്ക് അനുകൂലമായ വിധത്തില്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കപ്പെട്ടുവെന്നാണ് പൊതുവിലുള്ള വിമര്‍ശനം.  

IRAN-POLITICS-RAISI-VOTE
ഇബ്രാഹിം റയീസി. ചിത്രം : എഎഫ്പി

ഇസ്ലാമിക വിപ്ളവാനന്തര ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെ ഇറാന്‍ കടന്നുപോകുമ്പോഴാണ് റയീസി പ്രസിഡന്‍റാകുന്നത്. കോവിഡ് മഹാമാരിയുടെ കടന്നാക്രമണം തുടങ്ങുന്നതിനു മുന്‍പ്തന്നെ രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ആണവ പ്രശ്നത്തിന്‍റെ പേരില്‍  അമേരിക്ക ഏര്‍പ്പെടുത്തിയ കര്‍ശനമായ ഉപരോധമായിരുന്നു കാരണം. ഈ പ്രതിസന്ധിയെ റയീസി എങ്ങനെ തരണം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ അദ്ദേഹത്തിന്‍റെ നടപടികള്‍ ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തെ കൂടുതല്‍ കലുഷമാക്കുമോ എന്ന ഭയവും പലര്‍ക്കുമുണ്ട്.

റൂഹാനിയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, എന്നീ പഞ്ച മഹാശക്തികളുമായും ജര്‍മനിയുമായും ആണവ പ്രശ്നത്തില്‍ ഉണ്ടാക്കിയ  2015ലെ ഉടമ്പടി. ബോംബ് നിര്‍മാണം അസാധ്യമാക്കുന്ന വിധത്തില്‍ ആണവ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ ഇറാന്‍ സമ്മതിച്ചു. ബോംബ് നിര്‍മിക്കുന്നുവെന്ന പേരില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയും മറ്റു രാജ്യങ്ങളും തായാറായി. കീഴടങ്ങല്‍ എന്നു പറഞ്ഞ് റയീസി ഉള്‍പ്പെടെയുള്ള യാഥാസ്ഥിതികര്‍ ഉടമ്പടിയെ അപലപിക്കുകയായിരുന്നു. 

ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് രൂപംകൊണ്ട ഈ ഉടമ്പടിയുടെ പ്രയോജനം ഇറാനു മാത്രമാണെന്ന പേരില്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഡോണള്‍ഡ് ട്രംപും അതിനെ തള്ളിപ്പറഞ്ഞു. 2018ല്‍ അമേരിക്ക അതില്‍നിന്നു പിന്മാറുകയും പില്‍വലിക്കപ്പെട്ട ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഉടമ്പടിയിലെ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടുള്ള ആണവ പ്രവര്‍ത്തനം ഇറാനും പുനരാരംഭിച്ചു.  

ട്രംപിനു പകരം ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റായതോടെ ഉടമ്പടി പുനരുജ്ജീവിക്കാനുള്ള ശ്രമം നടക്കുകയാണ്. 2015ലെ ഉടമ്പടിയില്‍  പങ്കാളികളായിരുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ചര്‍ച്ച നടന്നുവരുന്നു. പക്ഷേ, പഴയ ഉടമ്പടി അതേപടി പുനഃസ്ഥാപിക്കുന്ന കാര്യം സംശയത്തിലാണ്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പരിപാടി, അയല്‍രാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാകുന്നതു തടയല്‍ എന്നീ കാര്യങ്ങള്‍കൂടി ഉടമ്പടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന അഭിപ്രായം നിലവിലുണ്ട്. ഇറാനെക്കുറിച്ചുള്ള അയല്‍രാജ്യങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് അവരെക്കൂടി ചര്‍ച്ചകളില്‍ പങ്കാളികളാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.    

ഈ സാഹചര്യത്തിലാണ് ഇറാനില്‍ റയീസിയുടെ അധികാരാരോഹണം. ആണവ ഉടമ്പടിയെ എതിര്‍ത്തിരുന്ന അദ്ദേഹം അതു പുനൃഃസ്ഥാപിക്കുന്നതിന് എതിരല്ല. പക്ഷേ, മിസൈല്‍ പോലുള്ള കാര്യങ്ങള്‍ ഉടമ്പടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സമ്മതിക്കില്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 21) നിയുക്ത പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്‍റിനെ കാണുമോ എന്നു ചോദിച്ചപ്പോള്‍ 'ഇല്ല' എന്നു പറയുകയും ചെയ്തു.

റയീസിക്കെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട് എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്ന മറ്റൊരു കാര്യം. രാഷ്ട്രീയ പ്രതിയോഗികളെ കൂട്ടക്കൊല ചെയ്യാനുളള പരിപാടിയിലെ പങ്കിന്‍റെ പേരില്‍ 2019ല്‍ പ്രസിഡന്‍റ് ട്രംപ് ചുമത്തിയതാണ് ഈ ഉപരോധം.  

ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍റെ അന്തിമഘട്ടത്തില്‍, 1988ല്‍, റയീസി ഇരുപത്തെട്ടാം വയസ്സില്‍ ടെഹറാനിലെ ഡപ്യൂട്ടി പ്രോസിക്യൂട്ടറായിരുന്നു. ഇറാഖിനെ സഹായിച്ചുവെന്ന പേരില്‍ തടങ്കലിലായിരുന്ന അയ്യായിരത്തോളം വിമതര്‍ക്കു വധശിക്ഷ നല്‍കിയതില്‍ റയീസിക്കും പങ്കുണ്ടെന്നാണ് ആരോപണം. 2009ല്‍ നടന്ന പൗരാവകാശ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതിലും മുഖ്യ പ്രോസിക്യൂട്ടറെന്ന നിലയില്‍ റയീസി പങ്കാളിയായിരുന്നുവത്രേ. 

2019ല്‍ ഖമനയി അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇത്തരം സുപ്രധാന തസ്തികളേലക്കു നിയമനം നടത്താനുള്ള അധികാരവും പരമോന്നത  നേതാവിനുള്ളതാണ്. അതിനുശേഷമായിരുന്നു റയീസിക്ക് എതിരായ യുഎസ് ഉപരോധം. ഭരണത്തിലുള്ള മറ്റൊരു രാഷ്ട്ര നേതാവിനെതിരെയും ഇതുപോലുള്ള യുഎസ് നടപടി നിലവിലില്ല. 

IRAN-POLITICS-RAISI
ഇബ്രാഹിം റയീസി. ചിത്രം : റോയിട്ടേഴ്സ്

സയ്യിദ് അലി ഹൂസൈനി ഖമനയി എന്ന ആയത്തുല്ല ഖമനയി ഇറാനിലെ പരമോന്നത നേതാവിന്‍റെ സ്ഥാനം ഏറ്റെടുത്തിട്ട് 31 വര്‍ഷമായി. രാജഭരണം അവസാനിപ്പിക്കുകയും ഇറാനെ ഇസ്ലാമിക റിപ്പബ്ളിക്കാക്കുകയും ചെയ്ത ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം അതിനു മുന്‍പ് എട്ടു വര്‍ഷം രാജ്യത്തിന്‍റെ പ്രസിഡന്‍റായിരുന്നു. ഇറാനില്‍ ഏതു കാര്യത്തിലും അവസാനവാക്ക് പരമോന്നത നേതാവിന്‍റേതാണ്. 

പ്രായാധിക്യത്തോടൊപ്പം ആരോഗ്യ പ്രശ്നങ്ങളുമുള്ള അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്നതാണ് ഇപ്പോള്‍ ഇറാന്‍റെ മുന്‍പിലുള്ള ഒരു ചോദ്യം. ഖമനയി നിശ്ചയിച്ചിരിക്കുന്നത് ആത്മീയ പാരമ്പര്യവുമുള്ള നിയുക്ത പ്രസിഡന്‍റ് സയ്യിദ് ഇബ്രാഹിം റയീസുല്‍ സാദതി എന്ന ഇബ്രാഹിം റയീസിയെയാണെന്നാണ് അഭ്യൂഹങ്ങള്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

Content Summary : Videsharangom Column - Ebrahim Raisi elected as Iran’s 8th president

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA