പാക്കിസ്ഥാനിലെ ജുഡീഷ്യല്‍ കൊലപാതകം

HIGHLIGHTS
  • ഭൂട്ടോയെ തൂക്കില്‍േലറ്റിയതില്‍ നീതിലംഘനമെന്നു സുപ്രീംകോടതി
  • 44 വര്‍ഷത്തിനുശേഷം ഒരു തിരുത്ത്
zulfikar-bhutto
സുല്‍ഫിഖാര്‍ അലി ഭൂട്ടോ, Image Credit: Getty images
SHARE

ജുഡീഷ്യല്‍ മര്‍ഡര്‍ അഥവാ ജുഡീഷ്യല്‍ കൊലപാതകം എന്നു പറയുന്നതു നീതിന്യായ മാര്‍ഗത്തിലൂടെ നടത്തുന്ന കൊലപാതകത്തെയാണ്. നീതിക്കു നിരക്കാത്ത വിധത്തില്‍ മുന്‍വിധിയോടെ വിചാരണ നടത്തി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നു. മനഃസാക്ഷിയുളളവര്‍ ചെയ്യാന്‍ ഭയപ്പെടുന്ന, ഏറ്റവും ഹീനമായ പാതകങ്ങളില്‍ ഒന്നാണിത്. 

പാക്കിസ്ഥാനില്‍ മുന്‍പ്രധാനമന്ത്രി സുല്‍ഫിഖാര്‍ അലി ഭൂട്ടോയെ കൊലക്കേസില്‍ പ്രതിയാക്കി വിചാരണ ചെയ്യുകയും 1979ല്‍ തൂക്കിക്കൊല്ലുകയും ചെയ്തത് ജുഡീഷ്യല്‍ മര്‍ഡര്‍ ആണെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. വധശിക്ഷ നല്‍കാനുളള വിധി പാക്ക് സുപ്രീം കോടതിപോലും ശരിവയ്ക്കുകയാണ് ചെയ്തിരുന്നത്. അതും അതിലേക്കു നയിച്ച നടപടികളുമെല്ലാം കടുത്ത അനീതിയായിപ്പോയെന്ന് വിലപിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി-നീണ്ട 44 വര്‍ഷങ്ങള്‍ക്കുശേഷം. 

കേസില്‍ അകപ്പെട്ടാല്‍ നീതിപൂര്‍വകമായ വിധത്തില്‍ വിചാരണ ചെയ്യപ്പെടണമെന്നത് പൗരന്‍റെ മൗലികാവകാശമാണ്. അതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലായിരിക്കുകയും വേണം. ഭൂട്ടോയുടെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (മാര്‍ച്ച് ആറ്) സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ഖാസി ഫയിസ് ഈസയുടെ നേതൃത്വത്തിലുളള ഒന്‍പതംഗ ബഞ്ച് വ്യക്തമാക്കിയത്. 

പക്ഷേ ഇതൊരു വിധിന്യായമല്ല. ആണെങ്കില്‍പ്പോലും നേരത്തെയുള്ള വിധി റദ്ദാക്കപ്പെടുന്ന പ്രശ്നവുമില്ല. വിവാദപരമായ ഒരു സുപ്രധാന പ്രശ്നത്തെപ്പറ്റി രാജ്യത്തിലെ പ്രസിഡന്‍റിനു പരമോന്നത നീതിപീഠത്തിന്‍റെ അഭിപ്രായം ആരായാമെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. അതനുസരിച്ച് പ്രസിഡന്‍റ് നല്‍കിയ റഫറന്‍സിനു മറുപടി പറയുകയായിരുന്നു സുപ്രീം കോടതി. ഭൂട്ടോ തൂക്കേിലേറ്റപ്പെടുന്നതിനു കാരണക്കാരായ എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ ഒരു കുറ്റപത്രം ആയിത്തീരുന്നു ഫലത്തില്‍ ഇത്. 

പരേതനായ ഭൂട്ടോയുടെ മകള്‍ ബേനസീറിന്‍റെ ഭര്‍ത്താവായ ആസിഫ് അലി സര്‍ദാരി ആദ്യമായി പ്രസിഡന്‍റായിരുന്ന കാലത്ത് 2011ല്‍ നല്‍കിയതായിരുന്നു ഈ റഫറന്‍സ്. ഭൂട്ടോയ്ക്കു നല്‍കിയ വധശിക്ഷ സംബന്ധിച്ച് പല സംശയങ്ങളും നിലനില്‍ക്കുന്നതിനാല്‍ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന.

മറുപടി കിട്ടാന്‍ പിന്നെയും 23 വര്‍ഷം കഴിയേണ്ടിവന്നുവെന്നത് മറ്റൊരു കാര്യമാണ്. കൗതുകകരമായ വേറൊരു കാര്യംകൂടി ഇതിനിടയില്‍ സംഭവിച്ചു. സര്‍ദാരി രണ്ടാം തവണയും പ്രസിഡന്‍റായി. സുപ്രീംകോടതിയുടെ മറുപടിയില്‍ സര്‍ദാരി സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മറുപടിയുടെ സംക്ഷിപ്ത രൂപമേ പുറത്തു വന്നിട്ടുള്ളൂ. തുടര്‍ന്നടപടികള്‍ വല്ലതും ഉണ്ടാകുമോയെന്നതും കാണാനിരിക്കുന്നതേയുളളൂ.

മൂന്നു ദശകങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍റെ വിദേശമന്ത്രി, പ്രസിഡന്‍റ്, പ്രധാനമന്ത്രി, ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ കക്ഷിയുടെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രതാപശാലിയായും ആഘോഷപൂര്‍വവും ജീവിച്ച ആളായിരുന്നു ഭൂട്ടോ. അതിനിയില്‍ മിത്രങ്ങളെയും അനുയായികളെയും ആരാധകരെയും മാത്രമല്ല, ഒരുപാട് അസൂയാലുക്കളെയും ശത്രുക്കളെയും അദ്ദേഹം സമ്പാദിച്ചു. 

ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍കൂടി ഉള്‍പ്പെടുന്ന ശത്രുക്കളെല്ലാവരുംകൂടി ഒന്നിച്ചപ്പോള്‍ ഭൂട്ടോയ്ക്കു രക്ഷപ്പെടാനായില്ല. പ്രതാപകാലത്ത് അദ്ദേഹത്തിനു സംഭവിച്ച വീഴ്ചകളും പാളിച്ചകളും അവരുടെ കൈകളില്‍ അദ്ദേഹത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റിയ ശക്തമായ ആയുധങ്ങളായിത്തീര്‍ന്നു. അതിന് ഉദാഹരണമായിരുന്നു ഭൂട്ടോയെ കൊലമരത്തിലേക്കു നയിച്ച നവാബ് മുഹമ്മദ് അഹമ്മദ് ഖാന്‍ കസൂരി വധക്കേസ്. 

ബ്രിട്ടീഷ് ഭരണകാലത്ത് ജൂനഗാഡ് നാട്ടുരാജ്യത്തിലെ ദിവാന്‍ (പ്രധാനമന്ത്രി) ആയിരുന്ന സര്‍ ഷാനവാസ് ഭൂട്ടോയുടെ മൂത്തമകനായിരുന്നു സെഡ്. എ. ഭൂട്ടോ എന്ന സുല്‍ഫിഖാര്‍ അലി ഭൂട്ടോ. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രശസ്ത സര്‍വകലാശാലകളില്‍ പഠിച്ചു. നാട്ടില്‍ തിരിച്ചെത്തി അഭിഭാഷകനായി. മുപ്പതാം വയസ്സില്‍ ആദ്യമായി കേന്ദ്രമന്ത്രിയായി. 

പാക്കിസ്ഥാനില്‍ ആദ്യമായി 1958ല്‍ നടന്ന പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത ജനറല്‍ അയ്യൂബ് ഖാന്‍റെ കീഴില്‍ 35ാം വയസ്സില്‍ വിദേശമന്ത്രിയായതോടെ രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇന്ത്യാ വിരോധത്തെ പാക്ക് വിദേശനയത്തിന്‍റ അടിക്കല്ലായി ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്തു. 

അയ്യൂബുമായി പിണങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും ഭൂട്ടോ മടിച്ചില്ല. അങ്ങനെ 1967ല്‍ രൂപംകൊണ്ടതാണ് പാക്കിസ്ഥാനിലെ ആദ്യത്തെ ജനകീയ രാഷ്ട്രീയ കക്ഷിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി). റോട്ടി, കപട, മകാന്‍ (ഭക്ഷണം, വസ്ത്രം, വീട്) എന്ന പിപിപി മുദ്രാവാക്യം ജനങ്ങള്‍ അതിവേഗം, ആവേശപൂര്‍വം ഏറ്റുപിടിക്കാന്‍ തുടങ്ങി. പാക്കിസ്ഥാനിലെ വന്‍വ്യവസായങ്ങള്‍ താന്‍ ദേശസാല്‍ക്കരിക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം അവരെ ഹരംപിടിപ്പിക്കുകയും ചെയ്തു. 

എന്നാല്‍, ഇന്നത്തെ ബംഗ്ലദേശ്കൂടി ഉള്‍പ്പെടുന്ന അന്നത്തെ പാക്കിസ്ഥാനില്‍ ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് 1970ല്‍ നടന്നപ്പോള്‍ ഭൂരിപക്ഷം നേടിയത് പിപിപിയല്ല, കിഴക്കന്‍ പാക്കിസ്ഥാനിലെ അവാമിലീഗായിരുന്നു. നിയമാനുസൃതം ഭരണാധികാരം അവര്‍ക്കു വിട്ടുകൊടുക്കാന്‍ ഭൂട്ടോയോ അന്നത്തെ പാക്ക് പട്ടാള ഭരണകൂടമോ സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ കുഴപ്പങ്ങളാണ് ബംഗ്ളദേശ് എന്ന സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പിറവിക്കു വഴിയൊരുക്കിയത്. അതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഭൂട്ടോക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.

എങ്കിലും 1971ല്‍ അവശിഷ്ട പാക്കിസ്ഥാന്‍റെ പ്രസിഡന്‍റ് എന്ന നിലയില്‍ ആദ്യമായി പാക്കിസ്ഥാന്‍റെ നായകനാവാന്‍ അതോടെ ഭൂട്ടോയ്ക്കു വഴി തറന്നുകിട്ടി. പുതിയ ഭരണഘടന നിലവില്‍വന്നതിനെ തുടര്‍ന്നു 1973ല്‍ പ്രധാനമന്ത്രിയായി. അങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യത്തെ പാക്ക് പ്രധാനമന്ത്രിയെന്ന വിശേഷണത്തിനും അര്‍ഹനായി.   

രണ്ടാമതും പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തില്‍ 1977ലെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതായി ആരോപണം ഉയരുകയും സമരം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ തുടങ്ങുന്നതാണ് ഭൂട്ടോയുടെ ജീവചരിത്രത്തിന്‍റ അവസാനത്തെ അധ്യായങ്ങള്‍. സമരക്കാരും ഗവണ്‍മെന്‍റും തമ്മിലുളള രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍ മാസങ്ങള്‍ കഴിഞ്ഞും നീണ്ടു പോയപ്പോള്‍ പട്ടാളം ഇടപെട്ടു. ഭൂട്ടോയെ പുറത്താക്കി പട്ടാളത്തലനന്‍ സിയാവുല്‍ ഹഖ് സ്വയം അധികാരം പിടിച്ചെടുത്തു.  

മറ്റു പലരുടെയും തലയ്ക്കു മുകളിലൂടെ പട്ടാളത്തലവനായി ഭൂട്ടോ നിയമിച്ച ആളായിരുന്നു സിയ. അധികാരം നഷ്ടപ്പെട്ട ഭൂട്ടോയോട് സിയ ഒട്ടു കരുണ കാണിച്ചില്ല. പട്ടാള അട്ടിമറിക്കുശേഷം ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ സിയയെ ഭൂട്ടോ ഭീഷണിപ്പെടുത്തിയതാണ് അതിനൊരു കാരണമെന്നും പറയപ്പെടുന്നു.

ഭരണത്തില്‍ തിരിച്ചെത്തിയാല്‍ സിയയെ താന്‍ വെറുതെ വിടില്ലെന്ന് ഭൂട്ടോ പറഞ്ഞുവത്രേ. ഭൂട്ടോയെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയെന്നത് അതോടെ സിയയുടെ ജീവിതവ്രതമായെന്നു പലരും കരുതുന്നു. അതിനു വേണ്ടിയുളള ശ്രമങ്ങള്‍ക്കിടയില്‍ സിയക്കു കണ്ടെത്താനായ ആയുധമായിത്തീര്‍ന്നു കസൂരി വധക്കേസ്. 

ഭൂട്ടോയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായശേഷം കഠിനശത്രുവായിത്തീര്‍ന്ന അഹമ്മദ് ഖാന്‍ കസൂരിയുടെ പിതാവായിരുന്നു മുഹമ്മദ് ഖാന്‍ കസൂരി. 1974ല്‍ പിതാവും പുത്രനും ഒന്നിച്ച് യാത്ര ചെയ്തിരുന്ന കാര്‍ ആക്രമിക്കപ്പെട്ടു. അക്രമി സംഘത്തിന്‍റെ വെടിയേറ്റു പിതാവ് മരിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ചത് പുത്രനെ വധിക്കാനായിരുന്നുവത്രേ. 

ഭൂട്ടോ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി രൂപീകരിച്ചിരുന്ന എഫ്എസ്എഫ് (ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്സ്) എന്ന രഹസ്യപ്പൊലീസ് സേനുയിലുളളവരാണ് അക്രമികളെന്നും സംശയിക്കപ്പെടുകയുണ്ടായി. അക്രമത്തിനു പ്രേരണ നല്‍കിയ ആളെന്ന നിലയില്‍ കേസിലെ മുഖ്യപ്രതിയായി ഭൂട്ടോ. 

കീഴ്ക്കോടതിയില്‍ വിചാരണ തുടങ്ങിയ കേസ് ലഹോര്‍ ഹൈക്കോടതിയിലേക്കു മാറ്റിയെന്നാണ് പെട്ടെന്ന് ഒരു ദിവസം ഭൂട്ടോ ഉള്‍പ്പെടെയുളള പ്രതികളും അവരുടെ അഭിഭാഷകരും അറിയാനിടയായത്. നീതിനിഷേധത്തിന്‍റെയും നീതിന്യായ വ്യവസ്ഥകളുടെ ലംഘനത്തിന്‍റെയും തുടക്കം അങ്ങനെയായിരുന്നു. പ്രതികള്‍ക്കു കിട്ടാന്‍ അര്‍ഹതയുളള രണ്ട് അപ്പീല്‍ അവസരങ്ങളില്‍ ഒരെണ്ണം അവര്‍ക്കു നഷ്ടപ്പെട്ടു. 

ലഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൗലവി മുഷ്ത്താഖ് ഹുസൈനായിരുന്നു അതിനു കാരണക്കാരന്‍. ഭൂട്ടോയുമായി വ്യക്തി വിരോധമുണ്ടായിരുന്ന അദ്ദേഹം അക്കാര്യം മറച്ചുപിടിച്ചിരുന്നില്ല. ഭൂട്ടോയുടെ ഭരണകാലത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഒഴിവുണ്ടായപ്പോള്‍ അദ്ദേഹത്തെ ഭൂട്ടോ തഴഞ്ഞിരുന്നു. പിന്നീടു ജനറല്‍ സിയയാണ് ചീഫ് ജസ്റ്റിസാക്കിയത്. അതിനാല്‍ ഭൂട്ടോയെ ഇല്ലായ്മ ചെയ്യാനുള്ള സിയയുടെ യജ്ഞത്തിനു ചീഫ് ജസ്റ്റിസ് മുഷ്ത്താഖ് ഹുസൈന്‍ പൂര്‍ണ സഹകരണം നല്‍കിയതായി കരുതപ്പെടുന്നു. 

സുപ്രീംകോടതിയില്‍ ഭൂട്ടോയ്ക്കു നേരിടേണ്ടിവന്ന അനുഭവവും ഏറെ വ്യത്യസ്തമായിരുന്നില്ല. കാരണം പരമോന്നത നീതിപീഠത്തിന്‍റ തലവന്‍ അന്‍വറുല്‍ ഹഖും ജനറല്‍ സിയായയുടെ സുഹൃത്തും ആജ്ഞാനുവര്‍ത്തിയും ആയിരുന്നുവത്രേ. ഒന്‍പതു ജഡ്ജിമാരാണ് അപ്പീല്‍ കേട്ടിരുന്നത്. ഒരാള്‍ ഇടയ്ക്ക്  റിട്ടയര്‍ ചെയ്യുകയും മറ്റൊരാള്‍ ഗുരുതര രോഗബാധിതനായി കിടപ്പിലാവുകയും ചെയ്തു. പകരക്കാരെ നിയമിച്ചില്ല. 

ഒടുവില്‍ വിധി പറഞ്ഞത് ഏഴു പേരാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ നാലു പേര്‍ വധശിക്ഷ ശരിവച്ചപ്പോള്‍ മൂന്നു പേര്‍ എതിര്‍ത്തു. 1979 ഏപ്രില്‍ നാലിനു നേരംവെളുക്കുംമുന്‍പ് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന്‍റെ ഒന്‍പതാമത്തെ പ്രധാനമന്ത്രിയെ തൂക്കിക്കൊന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS