ഇരുട്ടടിയേറ്റ്, ഇരുട്ടിലായി പുടിന്‍

HIGHLIGHTS
  • റഷ്യയിലെ ഭീകരാക്രമണത്തിനു പിന്നില്‍ യുക്രെയിന്‍ എന്നാരോപണം
  • യുഎസ് മുന്നറിയിപ്പ് അവഗണിച്ചു
vladimir-putin
Image Credit: Mikhail Metzel/Getty Images
SHARE

അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്‍റാവുകയും അങ്ങനെ പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തതിലുളള വ്ളാഡിമിര്‍ പുടിന്‍റെ സന്തോഷം കഷ്ടിച്ച് ഒരാഴ്ചയേ  നീണ്ടുനിന്നുള്ളൂ. പെട്ടെന്ന് റഷ്യയാകെ ഞെട്ടിത്തരിക്കുകയും അങ്കലാപ്പിലാവുകയും ചെയ്തു. 14 കോടി ജനങ്ങള്‍ക്ക് ഇരുട്ടടിയേറ്റതു പോലുള്ള അനുഭവം. 

തലസ്ഥാനഗരമായ മോസ്ക്കോയുടെ പരിസരത്തിലുള്ള ക്രോക്കസ് സിറ്റി ഹാളില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കേ അവിടെയും അതോടനുബന്ധിള്ള ഷോപ്പിങ് കോംപ്ളക്സിലും നടന്ന ഭീകരാക്രമണത്തില്‍ ഏതാണ്ട് 140 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. അങ്ങനെയായിരുന്നു വാര്‍ത്ത. 

പക്ഷേ, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്, ആരാണ് അതിന്‍റെ പിന്നില്‍ എന്നീ ചോദ്യങ്ങള്‍വക്ക് ദിവസങ്ങള്‍ക്കു ശേഷവും വ്യക്തമായ ഉത്തരമില്ല. ഇത് സംഭവത്തിനു ദുരൂഹതയുടെയും നിഗൂഡതയുടെയും ആവരണമിടുന്നു. ശക്തനായ ഭരണാധിപന്‍ എന്ന നിലയിലുള്ള പുടിന്‍റെ പ്രതിഛായയ്ക്കുപോലും ഇളക്കം തട്ടിയതായി അനുമാനിക്കപ്പെടുന്നു

ഭീകരാക്രമണത്തിന്  ഇതിനു മുന്‍പും റഷ്യ പല തവണ ഇരയായിരുന്നുവെങ്കിലും ഇതുപോലൊരു അനുഭവം ആദ്യമാണ്. ഏതാണ്ട് 20 വര്‍ഷംമുന്‍പ് തെക്കു പടിഞ്ഞാറന്‍ റഷ്യയിലെ ബെസ്ലാനില്‍ ഭീകരര്‍ ഒരു സ്കൂള്‍ കൈയേറിയതിനെ തുടര്‍ന്നുണ്ടായ കുഴപ്പത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറിലേറെ പേരായിരുന്നു. അധികവും കുട്ടികള്‍. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രോക്കസ് സിറ്റി ഹാള്‍ സംഭവത്തില്‍ മരിച്ചത് 140ല്‍ താഴെയാണെന്നു കരുതി സമാധാനിക്കുന്നവരുണ്ടാവാം. 

എന്നാല്‍, റഷ്യയും അയല്‍രാജ്യമായ യുക്രെയിനും തമ്മിലുള്ള യുദ്ധം രണ്ടു വര്‍ഷത്തിനു ശേഷവും തുടര്‍ന്നുകൊണ്ടിരിക്കേയാണ് പുതിയ ആക്രമണമെന്നത് അതിന് അസാധാരണമായ ഒരു മാനം നല്‍കുന്നു. മുന്‍പ് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ഒന്നിനും ഇത്തരമൊരു പശ്ചാത്തലമുണ്ടായിരുന്നില്ല. പുതിയ ആക്രമണത്തിന്  ഉത്തരവാദി ആരെന്നതു സംബന്ധിച്ച് തുടക്കത്തില്‍ തന്നെയുണ്ടായ റഷ്യന്‍ പ്രതികരണങ്ങളില്‍ അതു പ്രതിഫലിക്കുകയും വിവാദത്തിന് അതു കാരണമാവുകയും ചെയ്തു.

സംഭവത്തിനുശേഷം മണിക്കൂറികള്‍ക്കകം അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ (ഐഎസ്-കെ) എന്ന ഭീകര സംഘടനയാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പശ്ചിമേഷ്യയില്‍ സിറിയയിലെ രഖ നഗരം ആസ്ഥാനമായി രൂപംകൊള്ളുകയും മധ്യപൂര്‍വ ദേശത്തെ പല രാജ്യങ്ങളിലും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്ന ഐഎസിന്‍റെ പ്രാദേശിക വിഭാഗങ്ങളില്‍ ഒന്നാണിത്. 

എട്ടൊന്‍പതു വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. അതിനിടയില്‍ ഒട്ടേറെ പേരുടെ കൂട്ടക്കൊലകള്‍ക്കു കാരണമായ അതിഭീകര കൃത്യങ്ങളിലൂടെ കുപ്രസിദ്ധി നേടുകയും ചെയ്തു. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കേ അവിടെനിന്നു രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിനു സമീപം തടിച്ചുകൂടിയിരുന്നവര്‍ക്ക് ഇടയില്‍ ചാവേര്‍ ബോംബാക്രമണം നടത്തിയത് അവരായിരുന്നു. 31 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ മരിച്ചു. 

സംഘത്തിന്‍റെ പേരിലെ ഖൊറാസാന്‍ എന്നത് അഫ്ഗാനിസ്ഥാനും ഇറാനും ചില മുന്‍ സോവിയറ്റ് മധ്യേഷ്യന്‍ റിപ്പബ്ളിക്കുകളുടെ ഭാഗങ്ങളും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശത്തിനുണ്ടായിരുന്ന പഴയ പേരാണ്. അവയെല്ലാം കൂട്ടിച്ചേര്‍ത്ത്  ഒരു പുതിയ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണത്രേ ഐഎസ്-കെയുടെ ലക്ഷ്യം. പുടിന്‍റെ നയപരിപാടികള്‍ അതിനു തടസ്സമാവുന്നുവെന്ന കാരണത്താല്‍ റഷ്യയെ അവര്‍ ശത്രുവായിക്കാണുന്നു. 

അവരുടെ മാതൃസംഘടനയായ ഐഎസ് പല തവണ റഷ്യയ്ക്കെതിരെ ഭീകരാക്രമണം നടത്തുകയുണ്ടായി. 2015ല്‍ ഈജിപ്തിനു മുകളില്‍വച്ച് ഒരു റഷ്യന്‍ യാത്രാവിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നതിന് ഉത്തരവാദികള്‍ അവരായിരുന്നു. 224 പേരാണ് മരിച്ചത്. മിക്കവരും റഷ്യന്‍ ടൂറിസ്റ്റുകള്‍. 

സിറിയയില്‍ ഐഎസ്സുമായി പോരാടുന്ന പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിനെ റഷ്യ സഹായിക്കുന്നുവെന്നതായിരുന്നു അവര്‍ അതിനു പറഞ്ഞകാരണം. സിറിയയിലെ  ആഭ്യന്തര യുദ്ധത്തില്‍ വഴിത്തിരിവുണ്ടാവുകയും അസ്സദ് മേല്‍ക്കൈ നേടാന്‍ തുടങ്ങുകയും ചെയ്തത് റഷ്യയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. 

റഷ്യയിലെ സെയിന്‍റ് പീറ്റേഴ്ബര്‍ഗില്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ 15 പേരുടെ മരണത്തിനിടയാക്കിയ 2017ലെ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കുകയുണ്ടായി. അഫ്ഗാനിസഥാന്‍റ തലസ്ഥാനമായ കാബൂളിലെ റഷ്യന്‍ എംബസ്സിക്കുനേരെ 2022ല്‍ ചാവേര്‍ ബോംബാക്രമണം നടത്തിയതും മറ്റാരുമായിരുന്നില്ല. 

അതിനാല്‍ ക്രോക്കസ് സിറ്റി ഹാള്‍ ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന ഐഎസ്-കെയുടെ അവകാശവാദം അധികമാരും തളളിക്കളയുകയുണ്ടായില്ല.  മാത്രമല്ല, മുന്‍പ് അവര്‍ നടത്തിയ ആക്രമണങ്ങളുമായി അതിനെ താരതമ്യം ചെയ്ത വിദഗ്ദ്ധര്‍ അവരുടെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്യുകയുണ്ടായി. സംഭവം അക്രമികളില്‍ ചിലര്‍തന്നെ ചിത്രീകരിച്ചതിന്‍റെ വിഡിയോ ഇമേജുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവ പരിശോധിച്ച വിദഗ്ദ്ധരും അവരുടെ അവകാവാദം സ്ഥിരീകരിക്കുന്നു.   

എന്നാല്‍, പ്രസിഡന്‍റ് പുടിന്‍ ആദ്യം തന്നെ സൂചിപ്പിച്ചത് ഈ ആക്രമണത്തിന്‍റ പിന്നിലുള്ളത് യുക്രെയിനാണെന്നാണ്. ഐഎസ്-കെയുടെ അവകാശവാദത്തെപ്പറ്റി ആദ്യപ്രസ്താവനകളിലൊന്നും അദ്ദേഹം പരാമര്‍ശിക്കുക പോലും ചെയ്തിരുന്നില്ല. 

ക്രോക്കസ് സിറ്റി ഹാള്‍ ആക്രമണത്തിനിടയില്‍ റഷ്യന്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയ അക്രമികളില്‍ മിക്കവരും കൊല്ലപ്പെടുകയുണ്ടായി. എങ്കിലും 11 പേര്‍ പിടിയിലായി. അവരില്‍ നാലുപേര്‍ സംഭവത്തിനുശേഷം രക്ഷപ്പെടാനായി യുക്രെയിന്‍ അതിര്‍ത്തിയുടെ ഭാഗത്തേക്കാണ് ഓടിയതെന്നും അവരെ സഹായിക്കാനായി അവിടെ ആരെല്ലാമോ കാത്തുനില്‍ക്കുന്നതായി തോന്നിയെന്നുമാണ് പുടിന്‍ വിശദീകരിച്ചത്. 

റഷ്യയിലെ മറ്റു പലരും അതേറ്റുപിടിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷവും അതവര്‍ പിന്‍വലിച്ചിട്ടില്ല. അക്രമം നടത്തിയത് ഐഎസ് പ്രവര്‍ത്തകര്‍ ആയിരിക്കാം, എങ്കിലും അവരെ അതിനു വേണ്ടി അയച്ചത് വേറെ ചിലരാണ് എന്ന വാദത്തിലാണ് ഏറ്റവുമൊടുവില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിനര്‍ഥം യഥാര്‍ഥ കുറ്റവാളി യുക്രെയിന്‍ എന്നുതന്നെ. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വദേവ് താക്കീതു നല്‍കിയിട്ടുമുണ്ട്. 

റഷ്യയുടെ ആരോപണവും ദുസ്സൂചനകളും യുക്രെയിന്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. യുക്രെയ്നെതിരായ ആക്രമണം ശക്തിപ്പെടുത്താനായി മുന്‍കൂട്ടി കാരണം കണ്ടെത്താന്‍ റഷ്യ ശ്രമിക്കുകയാണെന്ന് പ്രസിഡന്‍റ് വൊളൊഡമിര്‍ സെലന്‍സ്കി ഒരു പ്രസ്താവനയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഭീകരരുടെ നീക്കങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ റഷ്യക്കുണ്ടായ ഗുരുതരമായ വീഴചയുടെ ജാള്യത മറച്ചുപിടിക്കാനുളള ശ്രമവും ഇതിന്‍റെ പിന്നിലുണ്ടെന്നു യുക്രെയിന്‍ വിമര്‍ശിക്കുന്നു. 

ഇതിനിടയില്‍തന്നെ പുടിനെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രധാന വിവരവും പുറത്തു വരികയുണ്ടായി. റഷ്യയില്‍ ആളുകള്‍ തടിച്ചുകൂടുന്ന ഒരു സ്ഥലത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിനു സൂചന ലഭിക്കുകയും അവര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ റഷ്യയെ അറിയിക്കുകയും ചെയ്തിരുന്നുവത്രേ. 

റഷ്യ അതു നിഷേധിക്കുന്നില്ല. പക്ഷേ, ഗൗരവത്തോടെ കണക്കിലെടുത്തില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം റഷ്യ നല്‍കുന്നുമില്ല. അമേരിക്ക ശത്രുപക്ഷത്തല്ലേ, റഷ്യയുമായി യുദ്ധം ചെയ്യാന്‍ യുക്രെയിനെ സഹായിക്കുകയല്ലേ, അത്തരമൊരു കൂട്ടര്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്നിങ്ങനെയുള്ള ചിന്ത അവരെ ഒരുപക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. 

ഏതായാലും കാല്‍നൂറ്റാണ്ടോളമായി റഷ്യയുടെ അമരത്തിരിക്കുന്ന പുടിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തിലുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചാം തവണയും രാജ്യത്തിന്‍റ പ്രസിഡന്‍റാവുന്നതിലുള്ള അദ്ദേഹത്തിന്‍റെ സന്തോഷത്തിന്‍റെ മേല്‍ ഇതു കരിനിഴല്‍ വീഴ്ത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS