ഇലക്ട്രോണിക് ഇരുമ്പ് പഴുക്കുമ്പോൾ

can-we-ban-chinese-products-article-image
SHARE

ചൈനീസ് ഉൽപന്നങ്ങളെ ഒഴിവാക്കണോ വേണ്ടയോ? ലോകമെങ്ങും മിക്ക രാജ്യങ്ങളുടേയും ധർമ്മസങ്കടമിതാണ്. കൊറോണ വന്നതുമുതൽ ചൈനയോടുണ്ടായ അതൃപ്തി അതിർത്തികളിലുൾപ്പടെ അവരുടെ ധിക്കാരങ്ങൾ കണ്ടതോടെ ചൈനാ വിരോധമായി മാറി. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് ഇന്ത്യയിൽ മാത്രമല്ല അനേകം രാജ്യങ്ങളിൽ സർക്കാരുകൾക്കു മാത്രമല്ല ജനത്തിനും തോന്നുന്നുണ്ട്.

പക്ഷേ ഇന്ത്യ മാത്രമല്ല അമേരിക്ക ഉൾപ്പടെ മിക്ക രാജ്യങ്ങളും ചൈനയെ അങ്ങോട്ടാണ് ആശ്രയിക്കുന്നത്, തിരിച്ചല്ല. ഈ വിപണികൾ ചൈനയുടെ വ്യവസായ,സാമ്പത്തിക നിലനിൽപ്പുകൾക്കു വേണമെങ്കിലും അതിനേക്കാളേറെ ഈ രാജ്യങ്ങൾക്ക് ചൈനീസ് സാധനങ്ങൾ ചെലവുകുറച്ചു വേണം.

നമ്മൾ ചെയ്തത് 59 ചൈനീസ് ആപ്പുകളെ നിരോധിക്കലാണ്. സൂമിനെ നിരോധിച്ചില്ല, കാരണം ചൈനാക്കാരനുണ്ടാക്കിയ അമേരിക്കൻ കമ്പനിയാണിത്. യുക്രേനിയക്കാരൻ ജാൻകൂം സ്ഥാപിച്ച വാട്സാപ്പിനെ ആരും യുക്രെയിനോടു വിരോധം വന്നാൽ നിരോധിക്കില്ലല്ലോ. പക്ഷേ ആപ് നിരോധനമൊന്നും ചൈനയ്ക്ക് കാര്യമായ ആപ്പല്ല.

ചൈനീസ് ഉൽപന്നങ്ങളെ നിരോധിക്കാമെന്നു വച്ചാൽ ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ 66% ചൈനീസ് ബ്രാൻഡുകളാണ്. വില കുറഞ്ഞതുവേണോ? ചൈനീസ് തന്നെ വേണം. മൈക്രോമാക്സ്, ലാവ തുടങ്ങിയ ഇന്ത്യൻ മൊബൈൽ ബ്രാൻഡുകൾക്കെല്ലാം ചേർത്ത് 10 കൊല്ലം മുമ്പ് 54% വിപണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 10% പോലുമില്ല. മൊബൈൽ മാതമല്ല ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ 60% ചൈനീസ് ഇറക്കുമതിയാണ്. അപ്പോൾ നമ്മൾ ഈ ഇറക്കുമതിയുടെ കഴുത്തിനു പിടിച്ചാലോ?

ചൈനയുടെ ആകെ കയറ്റുമതിയുടെ 3% മാത്രമാണ് ഇന്ത്യയിലേക്ക്, ഇന്ത്യയ്ക്കാവട്ടെ ഇറക്കുമതിയുടെ 65% ചൈനയിൽ നിന്നാണ്. സാമ്പ്രാണിത്തിരി മുതൽ പെട്ടിക്കടകളിലെ ലൊട്ടുലൊടുക്കു സാധനങ്ങൾ വരെ ചൈനീസ് നിർമ്മിതം. ചൈനയിൽ നിന്ന് ഓട്ടോ പാർട്ടുകൾ വന്നിട്ടു വേണം ഇവിടെ വണ്ടികളുണ്ടാക്കാൻ. ചൈനയിൽ നിന്ന് അസംസ്കൃത സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടു വേണം ഇവിടെ ഫോണും കംപ്യൂട്ടറും പ്രിന്ററും മറ്റും ഉണ്ടാക്കി കയറ്റുമതി ചെയ്യാൻ. എന്നു വച്ചു വിഷമിക്കേണ്ട, തൽക്കാലം തായ്‌വാനും തായ്‌ലൻഡും വിയറ്റ്നാമും കൊറിയയും പോലുള്ള രാജ്യങ്ങളുണ്ട്. അവിടെ നിന്ന് ഇറക്കുമതി ചെയ്തു തുടങ്ങാം.

ലോകമാകെ കംപണന്റ്സ് ഇറക്കുമതിക്ക് ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങളെ തേടുന്നുണ്ട്. കംപണന്റ്സ് ഇന്ത്യയിൽ നിർമ്മിക്കാനും നോക്കുന്നു. 250ലേറെ ഇലക്ട്രോണിക്സ് ഫാക്ടറികളുള്ളതിനാൽ ഇന്ത്യയ്ക്ക് അവിടെയൊരു വൻ അവസരവുമുണ്ട്. ഇരുമ്പു പഴുക്കുമ്പോഴാണ് കൂടം കൊണ്ടടിക്കേണ്ടത്.

ഒടുവിലാൻ∙ചൈനീസ് സാധനങ്ങളെ മൊത്തമായി വിവാഹമോചനം ചെയ്താൽ കേരളത്തിനു വല്ലതും ‘സംതിങ്’ കിടയ്ക്കുമോ? കുറേക്കാലമായി ആമ്പല്ലൂരിൽ ഇല്ക്ട്രോണിക്സ് പാർക്ക് എന്നു ജപിച്ചുകൊണ്ടിരിക്കുന്നുണ്ട്. കളിമണ്ണുകൊണ്ട് ചീനഭരണി ഉണ്ടാക്കി വിൽക്കാൻ പറ്റിയേക്കും.

English Summary : Business Boom - Web Column  by P. Kishore - Should China ban products in India?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.