നനഞ്ഞേടം കുഴിക്കുമ്പോൾ കാശല്ലേ!

business
SHARE

നനഞ്ഞേടം കുഴിക്കൽ നമ്മളെല്ലാം ചെയ്യുന്ന പരിപാടിയാണ്. ബിസിനസിലാവട്ടെ നനഞ്ഞേടം നോക്കി അനേകർ കുഴിക്കുന്നുണ്ടാകും. ആദ്യം കുഴിക്കുന്നവരും ഏറ്റവും സമർഥായി കുഴിക്കുന്നവരും കാശുവാരും...

ഉദാഹരണങ്ങളൊരുപാടുണ്ട്. ഒരു ചേടത്തി വീട്ടിലിരുന്ന് കുറച്ചു കട്‌ലറ്റും കേക്കുമൊക്കെ ഉണ്ടാക്കി പരിചയക്കാർക്കിടയിലും ചില ബേക്കറികളിലും വിറ്റു. സംഗതി നനഞ്ഞു. വിൽപ്പന കൂടി വന്നു. ചേടത്തി കൂടുതൽ കുഴിക്കാൻ തുടങ്ങി. അനേകം ബേക്കറികൾക്കു സപ്ലൈയായി. സ്വന്തമായൊരു സ്നാക്സ്, പേസ്ട്രി കടതുടങ്ങി. ഇന്ന് നഗരത്തിലെ ഏറ്റവും ഡിമാൻഡുള്ള ബേക്കറി കം റസ്റ്ററന്റാണത്.

വീട്ടിലെ ഒരു മുറിയിൽ ചെറിയ തോതിൽ സാരിയും ചുരിദാറും പ്രദർശിപ്പിച്ച് വിൽപ്പന നടത്തി വലിയ ബൂട്ടീക്കിലേക്കു വളരുന്നതും ചെറിയ പഞ്ചായത്തു റോഡ് കരാറെടുത്ത് കോളടിച്ച് അവിടുന്ന് വൻ ഹൈവേ കോൺട്രാക്ട് കമ്പനിയായി വളരുന്നതുമെല്ലാം ഇങ്ങനെ തന്നെയാണ്. വീട്ടിനടുത്ത് ചെറിയ സ്റ്റോറിട്ട പയ്യൻ ഒടുവിൽ വൻ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ മുതലാളിയാകുന്നതും ഇതുതന്നെ.

നനഞ്ഞേടം കുഴിക്കൽ എന്ന പഴഞ്ചൊല്ലിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിനു കാരണം? കൊറോണ! കൊറോണയെ വച്ച് സകലരും കുഴിക്കുന്നതാണ് നാം ദർശിക്കുന്നത്. സകലരും ‘ഹെൽത്ത് കോൺഷ്യസ്’ ആയിരിക്കുന്നു. തട്ടുകടയിൽ ചായ കുടിക്കാൻ ചെല്ലുന്ന രണ്ടു പേർ അടുത്തു നിന്നാൽ കടക്കാരൻ നീങ്ങി നിൽക്കാൻ പറയും. അത്രയ്ക്കുണ്ട്! 

കൊറോണയിൽ നിന്നു സംരക്ഷണം അഥവാ ആരോഗ്യ സംരക്ഷണം വെറും നനഞ്ഞേടമല്ല പത്താമുദയമോ, ഞാറ്റുവേലയോ ഒക്കെയാണ്. വെറുതെ വിത്ത് വാരിയെറിഞ്ഞാലും കൊയ്തു വാരാം. വൻകിട ബ്രാൻഡ് കമ്പനികൾ പോലും കുഴിക്കലോടു കുഴിക്കലാണ്. വൈറ്റമിൻ ആരോഗ്യപാനീയക്കമ്പനിക്കാർ പറയുന്നത് അവരുടെ പാനീയം നല്ലോണം കലക്കി കുടിച്ചാട്ടെ, കൊറോണ കണ്ടംവഴി ഓടുമെന്നാണ്. 

ചില റെഡിമെയ്ഡ് വസ്ത്ര ബ്രാൻഡുകൾ പാന്റ്സും ഷർട്ടും ഇറക്കിയിട്ടുണ്ട്. അതു വാങ്ങി ധരിച്ചാൽ കൊറോണ പറ്റിപ്പിടിക്കില്ലത്രെ. സകലമാന വസ്ത്ര ബ്രാൻഡുകളും വെറും തുണി മാസ്ക്ക് അതേ ബ്രാൻഡിൽ ഇറക്കിയിട്ടുമുണ്ട്. വില സുമാർ 200 രൂപയോ അതിലേറെയോ. മാസ്ക്ക്, സാനിറ്റൈസർ, ഗ്ളൗസ്, സോക്സ്... ചാകരയാണ്...

അപ്പോൾ നോട്ടിൽ കൊറോണ ഇല്ലേ? എല്ലാവരും വാങ്ങി പഴ്സിൽ വയ്ക്കുന്നുണ്ടല്ലോ? കാശിനോടും സംശയമുളളവർക്ക് ചെറിയൊരു പെട്ടി ഇറങ്ങിയിട്ടുണ്ട്. കാണിക്കപ്പെട്ടിയിൽ ഇടും പോലെ കിഴുത്തയിലൂടെ നോട്ടുകൾ ഇടുക. എന്നിട്ട് സ്വിച്ച് ഓൺ ചെയ്യുക. അകത്ത് അൾട്രാവയലറ്റ് ലൈറ്റ് കത്തും. കൊറോണ ചാമ്പലാകും. പിന്നെ തുറന്നു നോട്ടുകളെടുക്കാം.

കൊറോണ ഉഴുതുമറിച്ചിട്ട മണ്ണാണ്. ഇനിയും ഒരുപാടു ‘കൃഷി’ ഇറക്കാനുണ്ട്.

ഒടുവിലാൻ∙ പലയിടത്തും ചെരിപ്പിട്ട് കേറാനൊക്കില്ലെന്നായി. ചെരിപ്പ് ഊരിയിട്ടു കയറി തിരികെ ഇറങ്ങുമ്പോൾ കൊറോണ കാലിൽ പറ്റിയാലോ...? കാൽപത്തിയിൽ സാനിറ്റൈസർ തേയ്ക്കുന്ന ശീലം വരെ ആയി!

English Summary: Business Boom column written by P. Kishore, Business in times of corona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.