റിവേഴ്സിൽ ഓടുന്ന ഡ്രൈവ് ഇൻ

drive
SHARE

അമേരിക്കയിലെ ഡ്രൈവ് ഇൻ തിയറ്ററുകളിലാകുന്നു ചരിത്രം റിവേഴ്സ് ഗിയറിൽ ഓടുന്നത്. ഡ്രൈവ് ഇൻ തിയറ്ററുകൾ കണ്ടു പിടിച്ചതും വൻ പ്രചാരം നേടിതും അമേരിക്കയിലാണെങ്കിലും മാളുകളും മൾട്ടിപ്ലെക്സുകളും വന്നതോടെ അവയെല്ലാം പൂട്ടിയിരുന്നു. ഇപ്പോഴിതാ പൂട്ടാറായതിനൊക്കെ ജീവൻ വച്ചെന്നു മാത്രമല്ല നൂറുകണക്കിനു പുതിയ ഡ്രൈവ് ഇൻ തിയറ്ററുകളും വരുന്നു. വാൾമാർട്ടിന്റെ വിശാലമായ 160 പാർക്കിങ് സ്ഥലങ്ങൾ ഡ്രൈവ് ഇൻ തിയറ്ററുകളായി മാറ്റി. കൊച്ചിയിലും ഇങ്ങനെയൊരെണ്ണം വന്നതാണ് ചരിത്രം ചികയാൻ കാരണം. 1930കളിൽ റിച്ചഡ് ഹോളിങ്ഷീഡ് എന്നയാളാണ് ഈ പരിപാടി കണ്ടുപിടിച്ചത്.

അയാളുടെ അമ്മയ്ക്ക് തിയറ്ററിലെ തടി സീറ്റിൽ ഇരിക്കാൻ വയ്യ, എന്നാൽ പിന്നെ കാറിൽ ഇരുന്നു തന്നെ സിനിമ കണ്ടാലോ? അങ്ങനെ അമ്മയ്ക്കു വേണ്ടി ആദ്യ പാർക്ക് ഇൻ തിയറ്റർ ന്യൂജഴ്സിയിലെ കാംഡനിൽ ഒരുങ്ങി. ഓരോ കാറിൽനിന്നും സ്ക്രീൻ വ്യക്തമായി കാണത്തക്ക രീതിയിൽ തട്ടുതട്ടായിട്ടാണു സ്ഥലം ക്രമീകരിച്ചത്. എന്നിട്ട് ‘സ്ഥാപകൻ’ അതിന്റെ പേറ്റന്റും എടുത്തു. ശ്ശെടാ ഇതിനൊക്കെ ആരെങ്കിലും പേറ്റന്റ് എടുക്കുമോ? അങ്ങനെ പത്തിരുപതു വർഷത്തേക്ക് ഐഡിയ ക്ലച്ച് പിടിച്ചില്ല. ആരു തുടങ്ങിയാലും ഇയാൾക്ക് റോയൽറ്റി കൊടുക്കേണ്ടിവരും. പേറ്റന്റ് റദ്ദായ ശേഷമാണ് അമേരിക്കയാകെ ഡ്രൈവ്ഇൻ തരംഗം പടർന്നുപിടിച്ചത്. 1959 ആയപ്പോഴേക്കും 4000 ഡ്രൈവ് ഇൻ തിയറ്ററുകൾ വന്നു. കാറിലിരുന്ന് തീറ്റയും കുടിയും കൊച്ചിനെ കളിപ്പിക്കലുമെല്ലാം നടക്കും, ‘സിൽമയും’ കാണാം.

പക്ഷേ വൻകിട സ്റ്റുഡിയോക്കാരൊന്നും പടം കൊടുത്തില്ല. തിയറ്ററുകളുടെ ബിസിനസിനെ ബാധിക്കും. ബി ഗ്രേഡ് സിനിമകളും ഹിറ്റായി ഓടി തിയറ്ററുകൾ വിട്ട പടങ്ങളും മാത്രമേ ഇവിടെ കാണിക്കാൻ പറ്റൂ. ഡ്രൈവ് ഇന്നുകൾ അറുപതുകളുടെ അവസാനത്തോടെ കുറഞ്ഞു. പ്രധാന പ്രശ്നം ഇതിനൊരുപാട് വെളിമ്പറമ്പ് വേണം. അത്രയും സ്ഥലത്തിനു കോടികൾ വില കിട്ടും. മാളോ ഹോട്ടലോ വേറെന്ത് ബിസിനസ് അവിടെ ചെയ്താലും ഇതിനേക്കാളേറെ കാശും കിട്ടും.

അതിനാലാണ് പുനർജൻമത്തിൽ ഡ്രൈവ് ഇൻ റസ്റ്ററന്റുകൾ വാൾമാർട്ടിന്റെയും മറ്റും പാർക്കിങ് സ്ഥലത്തായത്. സാമൂഹിക അകലംമൂലം മാളിൽ കേറാൻ അധികം പേരില്ലാത്തതിനാൽ പാർക്കിങ് സ്ഥലങ്ങൾ വെറുതേ കിടപ്പാണുതാനും. സ്ക്രീനിങ്, സൗണ്ട് നിലവാരമൊക്കെ പുരോഗമിച്ചതിനാൽ കാറിലിരുന്നു സുഖമായി കാണാം. കൊറോണപ്പേടിയുമില്ല.

ഒടുവിലാൻ∙ ഇത് സിനിമ കാണാൻ മാത്രമേ പ്രയോജനപ്പെടൂ എന്നില്ല. പ്രസംഗം കേൾക്കാനോ നാടകമോ ഗാനമേളയോ കാണാനുമൊക്കെ ഡ്രൈവ് ഇൻ പറ്റും. 5 പേരിൽ കൂടുന്നതുമില്ല. പക്ഷേ മരങ്ങൾ മറയാത്ത വെളിമ്പറമ്പ് വേണം.

English Summary: Business Boom column written by P. Kishore, Drive in Theater

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA