ബന്ധവും പറ്റും ഉള്ളവർ പുതിയ കടതേടി പോകുമോ?; അയൽപക്ക ബിസിനസ്സിനിറങ്ങാം തന്ത്രങ്ങളറിഞ്ഞ്...

HIGHLIGHTS
  • നിത്യോപയോഗ സാധനങ്ങളുടെ ലാഭ മാർജിൻ കുറവാണ്
  • കമ്പനിക്കാർ ക്രെഡിറ്റ് കൊടുക്കുന്നതു നിർത്തി
business-boom-is-super-market-business-profitable
Representative Image. Photo Credit : Kamil Macniak / Shutterstock.com
SHARE

പഴയ ‘പലോഞ്ഞന’ കടകളാണല്ലോ വേഷം മാറി സൂപ്പർമാർക്കറ്റുകളായി അവതരിച്ചിരിക്കുന്നത്. നാലും കൂടുന്ന കവലയുടെ നാലു വശത്തും ഇമ്മാതിരി കടകൾ വരുന്നു. ലോക്ഡൗൺ കാലത്ത് പൂട്ടിപ്പോകാതിരുന്നതും ജനത്തിന് ആശ്രയമായതും കച്ചവടം കൊഴുത്തതും ഇത്തരം സ്റ്റോറുകളിലാണ്. വലിയ സൂപ്പർ മാർക്കറ്റുകൾ പൂട്ടിക്കിടന്നപ്പോഴും അയലോക്കത്തെ കട തുറന്നിരുന്നു. ഇതു കണ്ടിട്ട് സകലരും ഇറങ്ങി തിരിച്ചിരിക്കുകയാണ് അതു പോലൊന്നു തുടങ്ങാൻ. പഴയ ചെരിപ്പുകടയും ഇലക്ട്രിക് കടയും തുണിക്കടയുമെല്ലാം വേഷം മാറി സ്റ്റോറുകളായി അവതരിക്കുന്നു. നാലഞ്ചു സ്റ്റോർ അടുത്തടുത്തു വരുന്നതോടെ എല്ലാവരും പ്രശ്നത്തിലാകും. 

നിത്യോപയോഗ സാധനങ്ങളുടെ ലാഭ മാർജിൻ കുറവാണ്. വാടക കൊടുക്കേണ്ടെങ്കിൽ പോലും ദിവസം 20000 രൂപയുടെ എങ്കിലും വിൽപന വേണമെന്ന് അനുഭവസ്ഥർ പറയുന്നു. കട വാടകയും ജീവനക്കാരുടെ ശമ്പളവും കറന്റ് ചാർജും ചില്ലറയല്ല. ബാങ്ക് വായ്പയെടുത്താണു തുടങ്ങിയിരിക്കുന്നതെങ്കിൽ വശക്കേടാണ്. കടയ്ക്ക് ഇന്റീരിയർ അടിപൊളിയായി ചെയ്യാനിറങ്ങിയാൽ അതിലും നല്ലൊരു തുക ചെലവുണ്ട്. റാക്കുകൾ, ലൈറ്റുകൾ, ബില്ലിങ് മെഷീൻ, ഫ്രീസറുകൾ, ഫ്രിജുകൾ...

സ്റ്റോറുകളിലെ വിവിധ തരം ഐറ്റംസ് നൂറുകണക്കിനാണ്. പുട്ടു പൊടി പോലും ആറേഴ് ബ്രാൻഡുകളുണ്ട്. വാടകയ്ക്കു കട എടുക്കുകയാണെങ്കിൽ ചതുരശ്രയടി 50 രൂപയിൽ കുറഞ്ഞു കിട്ടാ‍ൻ പ്രയാസം. 300–400 ചതുരശ്രയടിയെങ്കിലും വേണം. കമ്പനിക്കാർ ക്രെഡിറ്റ് കൊടുക്കുന്നതു നിർത്തി. കാഷ് സെയിൽ അല്ലെങ്കിൽ ഒരാഴ്ചത്തെ ക്രെഡിറ്റ്. പല സ്റ്റോറുകളും പൂട്ടി കാശ് തരാതെ മുങ്ങിയതു കാരണം മുൻകൂർ കാശ് വാങ്ങിയേ കൊടുക്കൂ. 

പുതിയ സ്റ്റോറുകാർ മനസ്സിലാക്കേണ്ട കാര്യം ഇതൊരു അയൽപക്ക ബിസിനസ് ആണെന്നതാണ്. പരിസരത്ത് സ്ഥിരം ഉപഭോക്താക്കൾ കാണും. അവർക്ക് പറ്റ് കാണും. മാസം തോറും പറ്റ് കൊടുക്കുന്ന ഇടപാട് വർഷങ്ങളായി നടക്കുകയാവും. അങ്ങനെ ബന്ധവും പറ്റും ഉള്ളവർ പുതിയ കടയുടെ പിറകേ പോകില്ല.

കോർപ്പറേറ്റ് സൂപ്പർമാർക്കറ്റുകളുടെ മൽസരം രൂക്ഷമാണ്. അവർ വിലയിടിച്ചു വിപണി പിടിക്കും. സവാള കേടാവുന്നെന്നു കണ്ടാലുടൻ സെയിൽ – കിലോ 10 രൂപയ്ക്ക് വിറ്റൊഴിവാക്കും. ചെലവാകാതിരിക്കുന്നതിനൊക്കെ ഒന്നിനൊന്ന് ഫ്രീ ഏർപ്പെടുത്തും. പുത്തൻകൂറ്റുകാർക്ക് പിടിച്ചു നിൽക്കാൻ കഴിയണമെന്നില്ല. 

ഒടുവിലാൻ∙ സ്റ്റോറുകളുടെ മോഡേൺ റാക്കുകൾക്ക് നല്ല ഡിമാൻഡുണ്ടായിരുന്നു. വിലയും കൂടി. ഇപ്പൊ നേരേ മറിച്ചാണ്. പൂട്ടിയ സ്റ്റോറുകളുടെ വിൽക്കാൻ വച്ച റാക്കുകൾകൾക്കു വില കുറയും.

Content Summary : Business Boom - Is Super Market business profitable?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS