കച്ചവടത്തിന്റെ മന:ശാസ്ത്ര മൂവ്

shopping
Representative image. Photo Credit: Sonpichit Salangsing/Shutterstock.com
SHARE

ബെംഗളൂരുവിൽ നഗരത്തിൽ നിന്നു ദൂരെ ഒരു ദുനിയാവിലാണ് ഐകിയ ഫർണിച്ചർ സ്റ്റോർ അടുത്തിടെ തുറന്നത്. അതിനടുത്തു നാഗസാന്ദ്ര മെട്രോസ്റ്റേഷനുണ്ട്. പിന്നെയൊരു പുകിലായിരുന്നു. ജനം ഇടിച്ചു കയറുന്നു. ശനിയാഴ്ച ഐകിയയിൽ  കയറിപ്പറ്റാൻ 3 മണിക്കൂർ നീളുന്ന ക്യൂ. അടുത്ത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സർവ തട്ടുകടകൾക്കും റസ്റ്ററന്റുകൾക്കും കച്ചവടം പെരുകി. വാഴയ്ക്കു നനയ്ക്കുമ്പോൾ ചീരയും നനയും പോലെ.

ഇതെന്താ ഗുട്ടൻസ്? സ്വീഡിഷ് കമ്പനിയായ ഐകിയ ചെല്ലുന്നിടങ്ങളിലെല്ലാം ഇതു തന്നെയാണു സ്ഥിതി. ഇന്ത്യയിൽ ഇതിനകം 12000 കോടി മുടക്കിൽ ഹൈദരാബാദിലും മുംബൈയിലും സ്റ്റോറുകൾ സ്ഥാപിച്ചു. നഗരത്തിൽ നിന്നു ദൂരെ വലിയ ഗോഡൗൺ വലിപ്പത്തിൽ കട തുറക്കുക, അവിടേക്ക് ജനം ബുദ്ധിമുട്ടി യാത്ര ചെയ്തുവരിക... അതൊരു ബിസിനസ് മോഡലാണ്. ഇത്ര ദൂരെ എത്താൻ പ്രയാസപ്പെട്ട സ്ഥിതിക്ക് കുറച്ചെങ്കിലും വാങ്ങാതെ പോകില്ലല്ലോ എന്നാണതിന്റെ മന:ശാസ്ത്രം.

സ്പോർട്സ് രംഗത്തും മറ്റും വേറെയും ചില ബ്രാൻഡുകൾ ഇതേ വിദ്യ പയറ്റുന്നുണ്ട്. 

ലോകത്തെ ഏറ്റവും വലിയ ഫർണിച്ചർ ബ്രാൻ‍ഡാണ് ഐകിയ. വർഷം 5000 കോടി ഡോളർ വിറ്റുവരവ്. ഒരിക്കലും വാങ്ങാൻ ഉദ്ദേശിക്കാത്ത സാധനങ്ങളെയും വാങ്ങിപ്പിക്കുക എന്നതാണ് ഇത്തരം ബിസിനസുകളുടെ പ്രധാന ടെക്നിക്. വലിയ സൂപ്പർമാർക്കറ്റിൽ പച്ചക്കറിക്കു വിലക്കുറവു കണ്ടു കയറുന്നവർ വേറേ പല സാധനങ്ങൾ കൂടി വാങ്ങിയേ പുറത്തിറങ്ങൂ എന്നതു പോലെ. ഐകിയയിൽ കട്ടിലും മേശയും സോഫയും മറ്റും മാത്രമല്ല പ്ളേറ്റുകളും കത്തിയും കരണ്ടിയും മൊബൈൽ ഹോൾഡറും അങ്ങനെ ഉപയോഗപ്രദമായ അനേകം ലൊട്ടുലൊടുക്കു സാധനങ്ങളും കാണും. 

വൻകിട സ്പോർട്സ് സ്റ്റോറിലും ഇതേ സ്ഥിതിയാണെന്നതു ശ്രദ്ധിക്കുക. ബാഡ്മിന്റൺ റാക്കറ്റ് വാങ്ങാൻ ചെല്ലുമ്പോൾ ചെറിയ ബാഗുകളും നിക്കറും ബനിയനുമെല്ലാം കാണും. കയറിപ്പോയാൽ കുറേ വാങ്ങാതെ അരും തിരിച്ചിറങ്ങുന്നില്ല. 

കടയ്ക്കകവശം രാവണൻകോട്ട പോലെയാണ്. വളഞ്ഞു തിരിഞ്ഞ് എങ്ങോട്ടു പോകണമെന്ന കൈചൂണ്ടികൾ നോക്കി ഒരു കിലോമീറ്ററെങ്കിലും നടക്കണം പുറത്തിറങ്ങാൻ. കസിനോകളിലെ പോലെ അകത്ത് കയറിയാൽ വേറേ വാതിലും ജനാലയുമില്ല. ഉപഭോക്താക്കൾ സ്ഥലകാല ബോധമില്ലാതെ ഷോപ്പിംഗിൽ മുഴുകണം. കൂടുതൽ സമയം ചെലവിടുന്നതിനുസരിച്ചു കൂടുതൽ വാങ്ങുന്നു.

അതിന്റെ കൂടെ പലവിധ സ്പെഷ്യൽ വിഭവങ്ങൾ കിട്ടുന്ന കഫെകളും റസ്റ്ററന്റുകളുമുണ്ട്. തീറ്റയും കുടിയുമായി ജനം സമയം കളയുമ്പോൾ കച്ചവടം കൂടുമെന്നു മാത്രമല്ല കമ്പനി ഈ തീറ്റക്കച്ചവടത്തിലൂടെ തന്നെ കോടികൾ ലാഭമുണ്ടാക്കുന്നുമുണ്ട്. എല്ലാം സൈക്കോളജിക്കൽ മൂവ്!

ഒടുവിലാൻ∙ വലിയ കണ്ണാടികൾ എല്ലായിടത്തും വയ്ക്കും. ഏതു കുരങ്ങനും സ്വന്തം സൗന്ദര്യം കൂടെക്കൂടെ നോക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് അവർക്കറിയാം.

Content Summary: Business Boom column on the psychology of trading

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA