സൂര്യനുദിക്കുന്ന ദിക്കിൽ

reading-newspaper
Representative image. Photo Credit: sebra/Shutterstock.com
SHARE

അമേരിക്കയെ മറികടന്ന് ജപ്പാൻ ഒന്നാം നമ്പർ ലോക സമ്പദ് വ്യവസ്ഥയാകുമെന്നു കരുതിയിരുന്ന തൊണ്ണൂറുകളിലാണ് അവരുടെ കോർപറേറ്റ് വളർച്ചയുടെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ‘റൈസിങ് സൺ’ എന്ന നോവൽ മൈക്കേൽ ക്രൈറ്റൻ രചിച്ചത്. ജപ്പാൻ വ്യവസായികൾ വന്ന് അമേരിക്കയാകെ വിലയ്ക്കു വാങ്ങുന്നുവെന്ന പ്രതീതി അക്കാലത്തുണ്ടായിരുന്നു. നകാമോട്ടോ എന്ന ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനി ആസ്ഥാനത്തു നടക്കുന്ന കൊലയോടെയാണ് നോവൽ തുടങ്ങുന്നത്. 

ഷിൻസൊ അബെയുടെ കൊലയിലും ഒരു നോവലിനു വേണ്ട കോപ്പുണ്ട്. അക്കാലത്ത് ജപ്പാന്റെ ബ്രാൻഡുകളെല്ലാം ലോകൈകം! ഹോണ്ടയുടെയും ടൊയോട്ടയുടെയും നിസാന്റെയും മറ്റും കാറുകൾ വന്ന് അമേരിക്കൻ ഫോഡ്, ജിഎം, ക്രൈസ്‌ലർ കാറുകളെ വിപണിയിൽനിന്നു തുരത്തുന്ന കാലം. കാനൻ, നികോൺ, ഫുജിറ്റ്സു, ഹിറ്റാച്ചി, തോഷിബ, സോണി, കാസിയോ, പാനസോണിക്, യമഹ...!! അമേരിക്കയുടെ കണ്ണു തള്ളി. പക്ഷേ തൊണ്ണൂറുകളിൽ ജപ്പാനെ മാന്ദ്യം ബാധിച്ചു. 2 പതിറ്റാണ്ടിലേറെ അതു തുടർന്നു. 

1987 മുതൽ 2012 വരെ 18 പ്രധാനമന്ത്രിമാർ മാറിമാറി വന്ന് കുട്ടിച്ചോറാക്കിയ ജപ്പാനെ പുനരുജ്ജീവിപ്പിച്ചത് ഷിൻസോ അബെയുടെ അബെനോമിക്സാണ്. അബെയുടെ ഇക്കണോമിക്സ് നയങ്ങൾ. അബെനോമിക്സ് കാലത്ത് ജപ്പാനിൽ ദരിദ്രഗ്രാമങ്ങൾ ഇല്ലാതായി, താൽക്കാലിക തൊഴിലിന് അംഗീകാരമായതോടെ തൊഴിലവസരങ്ങൾ വർധിച്ചു. സ്ഥിരം ജോലിക്കാരെ തലമുറകളിലേക്ക് എടുത്തിരുന്ന വൻ കമ്പനികൾ താൽക്കാലികക്കാരെ വൻ തോതിലെടുത്തു. നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്തി. നിക്കേയി 225 ഓഹരി വിപണി സൂചിക കുതിച്ചുകയറി. ടൂറിസം വളർന്നു.

എന്താണ് അബെനോമിക്സ്? ബലംപിടിത്തം ഇല്ലാത്ത സാമ്പത്തിക നയങ്ങൾ എന്നു ചുരുക്കി പറയാം. മൂന്ന് പ്രധാന പോയിന്റുകളുണ്ട്. സർക്കാർ പണം ചെലവഴിക്കുന്നതു കൂട്ടി. പലിശയും മറ്റും കുറച്ച് നാട്ടിലാകെ മണി സപ്ലൈ വർധിപ്പിച്ചു. സാമ്പത്തിക നയങ്ങളിൽ ഘടനാപരമായ മാറ്റങ്ങളും വന്നു. കോയിച്ചി ഹമദ ആയിരുന്നു അബെയുടെ ഉപദേഷ്ടാവ്. വിമിനോമിക്സും അതിന്റെ ഭാഗമായിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതാണ് വിമിനോമിക്സ്. 

ജപ്പാൻകാർക്ക് വ്യക്തിപൂജ ഇല്ല. ആരും ആരെക്കാളും വലുതായി അവർ അംഗീകരിക്കുന്നില്ല. പഴയ കാലത്ത് ചക്രവർത്തിയെ ആരാധിച്ചിരുന്നു. ഇപ്പോൾ അതുമില്ല. ആയിരം കൊല്ലത്തിലേറെയായി ആർക്കും കീഴടക്കാനാവാത്ത ശക്തിയായി ജപ്പാനുണ്ട്. നിപ്പോൺ തെക്കി എന്നാണ് അവർ പറയുക– ജപ്പാന്റെ രീതി, പരമ്പരാഗത ശൈലി എന്നൊക്കെ അർഥം.

ഒടുവിലാൻ∙ വലിയ ദിനപത്ര വായനക്കാരാണ് ജപ്പാൻകാർ. 121 ദിനപത്രങ്ങൾ. ഒന്നാമൻ യോമിയുറി ഷിംബുൻ. പ്രചാരം 77 ലക്ഷം. വില 2 ഡോളർ–156 രൂപ. അസാഹി ഷിംബുൻ, മൈനിച്ചി ഷിംബുൻ,സൻകേയി ഷിംബുൻ... എല്ലാറ്റിന്റേയും കൂടി പ്രചാരം 7.2 കോടി കോപ്പികൾ! ഏത് ഡിജിറ്റൽ വന്നാലും ജപ്പാൻകാർ പത്രങ്ങളെ കൈവിടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS