പുളിങ്കുരു പോലെ പണം കിലുക്കും കല്യാണം

VSanandhakrishna-istock
Representative image. Photo Credit: VSanandhakrishna/istockphoto.com
SHARE

എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും.

അംബാനിയുടെ മകൻ ആനന്ദും വിരെൻ മർച്ചെന്റ് എന്ന ഗുജറാത്തി ബിസിനസുകാരന്റെ മകൾ രാധികയും തമ്മിലുള്ള വിവാഹ പൂർവ ഹസ്താക്ഷർ ചടങ്ങിന് 3 ദിവസത്തെ ചെലവ് 1200 കോടിയിൽ നയാപൈസ കുറയില്ലത്രെ. അടുത്ത വർഷം കല്യാണം നടക്കുമ്പോൾ ഇനിയും ഒരുപാട് പൊടിയാനുണ്ട്. വണ്ടി ഓട്ടക്കാർക്കും വിളമ്പുകാർക്കും എടുപിടിക്കാർക്കുമൊക്കെ കോളാണ്. വിശേഷ വേഷഭൂഷാദികൾ വിൽക്കുന്നവർക്കും ചാകര.

അവിടെ വന്ന ലോകൈക കോടീശ്വരൻമാരുടെ അതിഥി ലിസ്റ്റ് കാണുമ്പോഴാണ് ഇതൊരു ബിസിനസ് ഡീൽ കൂടിയാണല്ലോ എന്ന് നമ്മൾ അന്തിച്ചു പോകുന്നത്. മാർക്ക് സക്കർബർഗ് റിലയൻസിന്റെ ഡിജിറ്റൽ ബിസിനസിൽ 570 കോടി ഡോളർ മുടക്കിയിട്ടുണ്ട്. ഡിസ്നിയുടെ സിഇഒ ബോബ് ഐഗർ വന്നെങ്കിൽ ഡിസ്നിയും റിലയൻസ് മീഡിയയുമായുള്ള ഇടപാടിന് മുന്നിട്ടു നിന്നത് അങ്ങേരായിരുന്നു. സൗദി ആരാംകോ ചെയർമാൻ യാസിർ അൽ റുമായൻ വന്നെങ്കിൽ  അവർ തമ്മിൽ അനേകം ഇടപാടുകളുണ്ട്. സൗദി പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാൻ യാസിർ ഓത്ത്മാൻ അൽ റുമായൻ വന്നെങ്കിൽ റിലയൻസ് റീട്ടെയിലിൽ 130 കോടി ഡോളർ മുടക്കിയിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്റെ ബിൽഗേറ്റ്സും ഗൂഗിൾ സിഇഒ സുന്ദർ പിച്ചയുമൊക്കെയായി അംബാനിക്ക് എന്തൊക്കെ ഇടപാടുകളുണ്ടോ!  ഒന്നുമില്ലെങ്കിലും ‘നമ്മൾ മൾട്ടി ബില്യണർമാർ’ എന്ന വകുപ്പിൽ തന്നെ സ്വാഭാവികമായും ചങ്ങാത്തം കാണും.

ഗേൾഫ്രണ്ട് പൗള ഹേഡുമായി വന്ന ഗേറ്റ്സ് ആദ്യമായാണ് ഇന്ത്യയിലൊരു കല്യാണത്തിന്റെ ഗേറ്റ് കടക്കുന്നതത്രെ. ഇന്ത്യയിലെ എല്ലാ കല്യാണവും ഇതുപോലാണെന്നു വിചാരിക്കല്ലേ.  ഇവിടെ പെണ്ണിന്റെ അച്ഛനും കാശുകാരനാണേ. വിരെൻ മെർച്ചെന്റിന് 750 കോടിയുടെ ആസ്തിയുണ്ട്. അംബാനികളുമായി നോക്കുമ്പോൾ വെറും കപ്പലണ്ടിയാണെങ്കിലും.

മെഗാ കല്യാണങ്ങൾക്ക് 500 കോടി ചെലവാക്കുന്നതൊക്കെ സാദാ സംഭവമായി! വിവാഹ ഗൗണിന് അരക്കോടി സാരമില്ല. അംബാനിയുടെ മകൾ ഇഷയുടെ കല്യാണ ഗൗണിന് മൂന്നര കോടിയായിരുന്നു! വജ്റാഭരണങ്ങൾ 165 കോടി. വീരെൻ മർച്ചെന്റിന് കൂടെ പിടിക്കേണ്ടി വരും!

ഒടുവിലാൻ∙ ചടങ്ങ് നടന്ന ജാംനഗറിലെ രാധാകൃഷ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള അരലക്ഷം ഗ്രാമീണർക്ക് 3 ദിവസം മൂന്നു നേരവും പൂരാ സാപ്പാട് ആയിരുന്നു. അംബാനിയുടെ അന്നസേവാ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS