മരിച്ചത് അവളാണ്; അയാളല്ല!!!

HIGHLIGHTS
  • ഇതിപ്പോൾ അയാൾ നേരിട്ടുവിളിച്ചിരിക്കുന്നത് എന്തിനായിരിക്കണം? എന്തിനായാലും തിരിച്ചുവിളിക്കുന്നില്ല
  • വെള്ളയുടുപ്പിട്ടൊരു സുന്ദരി നഴ്സ് അവൾക്കു ബോധം വന്നെന്ന് വിളിച്ചുപറയുന്നത് അശരീരി പോലെ അവൾ കേട്ടു. പെട്ടെന്നുതന്നെ ആംബുലൻസിന്റെ വാതിൽ തുറക്കപ്പെട്ടു
Woman Praying In A Dark Place Photo By: sdominick/www.istockphoto.com
Representative image. Photo By: sdominick/www.istockphoto.com
SHARE

അന്ന് അവിടെ അടക്കിയത് ഒരാളെ ആയിരുന്നെങ്കിലും മരിച്ചത് രണ്ടുപേരായിരുന്നു. അവനെ അടക്കി. അവളെ അടക്കാതെ ജീവിക്കാൻ വിടുകയും ചെയ്തു. ഇതിൽപരം മരണത്തിന് ജീവിതത്തോട് എന്തു ചെയ്യാൻ...

തലേന്നത്തെ ഓഫിസ് ജോലികൾ രാത്രി വൈകിയിരുന്നു ചെയ്തുതീർത്തതിന്റെ ഉറക്കച്ചടവോടെയാണ് അവൾ രാവിലെ കണ്ണുതുറന്നത്. ക്ലോക്കിലെ ഏഴുമണിസൂചി കടുപ്പത്തിലൊരു കട്ടൻകാപ്പി ചോദിച്ചതുകേട്ട് അടുക്കളയിലേക്കു തിരക്കിട്ടുനടന്നപ്പോഴാണ് ഊണുമേശപ്പുറത്ത് ബാറ്ററി തീരാറായി കിടക്കുന്ന മൊബൈൽ ഫോണിലെ രണ്ടു മിസ്ഡ് കോളുകൾ കാണുന്നത്. ആദ്യത്തേത് അയാളുടേതാണ്. വിളിക്കാറില്ലാത്തതാണ്. അല്ല, വിളിച്ചിട്ടു വർഷങ്ങളായിരിക്കുന്നു. മകളെ അവധിക്കു കുറച്ചുദിവസം അയാളുടെ കൂടെനിർത്തുന്ന പതിവുണ്ടായിരുന്നു നേരത്തെ. അപ്പോഴും അയാളുടെ അമ്മയാണ് വിളിക്കുക. മകൾ മുതിർന്നതോടെ ആ പതിവും ഇല്ലാതായി. അതിൽപിന്നെ അമ്മയുടെ ആ വിളിയും ഇല്ലാതായി. അയ്യോ.. മറന്നു.. കഴിഞ്ഞതിന്റെ മുൻപത്തെ കർക്കിടകത്തിൽ അമ്മ മരിച്ചുപോയല്ലോ. അയാളുടെ അനുജത്തിയാണ് അമ്മയുടെ മരണവിവരം വിളിച്ചറിയിച്ചത്. പോയില്ല. അവിടെച്ചെന്നാൽ അയാളെ ഇനിയൊരിക്കൽകൂടി കാണേണ്ടിവരുമല്ലോ എന്നു കരുതി ഇല്ലാത്ത കോവിഡിന്റെ പേരുംപറഞ്ഞ് അന്നു വീട്ടിൽതന്നെ കഴിച്ചുകൂട്ടി. ഇതിപ്പോൾ അയാൾ നേരിട്ടുവിളിച്ചിരിക്കുന്നത് എന്തിനായിരിക്കണം? എന്തിനായാലും തിരിച്ചുവിളിക്കുന്നില്ല. തീർന്ന ബന്ധമാണ്. എല്ലാം പറഞ്ഞുംകൊടുത്തും തീർത്തതാണ്. 

അവൾ രണ്ടാമത്തെ മിഡ്ഡ് കോൾ നോക്കി. പരിചയമില്ലാത്ത നമ്പർ. ഫോണിന്റെ ബാറ്റഡി ഡെഡ് ആകും മുൻപേ അവൾ തിരിച്ചുവിളിച്ചു. മറുതലയ്ക്കൽ പരിചിതതമല്ലാത്തൊരു ശബ്ദം. 

–ഹലോ..

–ഹലോ സേവ്യറ് സാറിന്റെ പൊണ്ടാട്ടി അല്ലേ?

അവൾ തരിച്ചുനിന്നു. കുറച്ചുനേരത്തെ മൗനം. അയാൾ ചോദ്യം ആവർത്തിക്കുന്നതുകേട്ട് അവൾ മറുപടി പറഞ്ഞു

–ആയിരുന്നു, ഇപ്പോഴല്ല.. നിങ്ങൾക്കെന്തുവേണം?

അവളുടെ ചോദ്യത്തിലെ അനിഷ്ടം തിരിച്ചറിഞ്ഞിട്ടാകണം, മറുതലയ്ക്കലും സ്വരം അസ്വസ്ഥമായി. 

–എനിക്കൊന്നും വേണ്ട അമ്മാ.. സേവ്യറ് സാറ് വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. കഴിഞ്ഞെന്നാ തോന്നണേ.. കുടിച്ചുകുടിച്ച്...അല്ലാ പൊണ്ടാട്ടീം കൊളന്തേം ഇട്ടേച്ചുപോയാൽപിന്നെ മൻഷന്മാര് വേറെന്തു ചെയ്യാനാ?

അയാൾ ആ വാചകം മുഴുമിപ്പിച്ചില്ല. 

അവൾ ഫോൺ താഴെവയ്ക്കാതെ കുറച്ചുനേരം ആ നിൽപ് നിന്നു. ഫോൺ ബാറ്ററി തീർന്ന് ചത്ത് അവളുടെ കയ്യിൽനിന്നു താഴെ വീണു. അവളും ബോധം മറഞ്ഞുവീണു... പിന്നീട് എഴുന്നേൽക്കുമ്പോൾ ആംബുലൻസിലായിരുന്നു. ഫ്ലാറ്റിൽ വീട്ടുജോലിക്കുവന്ന തങ്കമണിയോ മറ്റോ ആയിരിക്കണം, ബോധം കെട്ടുകിടന്ന അവളെ ആളുകളെക്കൂട്ടി ആശുപത്രിയിലെത്തിച്ചത്. അതിനകം സേവ്യറുടെ മരണമറിഞ്ഞ് അവളുടെ അപ്പനും അമ്മയും എത്തിയിരുന്നു. എന്തായാലും കണ്ണുതുറന്നപ്പോൾ ആംബുലൻസിനകത്താണെന്ന് അവൾ തിരിച്ചറിഞ്ഞു. ആരാണ് യഥാർഥത്തിൽ മരിച്ചത്? അയാളോ അതോ അവൾ തന്നെയോ? ഇത് ആരുടെ ബോഡിയാണ്? അവൾക്ക് ഒരു നിമിഷം സ്ഥലകാലബോധം നഷ്ടമായതുപോലെ. വെള്ളയുടുപ്പിട്ടൊരു സുന്ദരി നഴ്സ് അവൾക്കു ബോധം വന്നെന്ന് വിളിച്ചുപറയുന്നത് അശരീരി പോലെ അവൾ കേട്ടു. പെട്ടെന്നുതന്നെ ആംബുലൻസിന്റെ വാതിൽ തുറക്കപ്പെട്ടു. അതുവരെ അതിനകത്തുണ്ടായിരുന്ന ഇളംനീലനിറമുള്ള നിശ്ശബ്ദതയെ കീറിമുറിച്ച് ചില അലമുറകൾ പുറത്തുനിന്ന് അവൾ കേട്ടു...

‍താനല്ല മരിച്ചതെന്ന് അവരോട് അവൾക്കു വിളിച്ചുപറയണമെന്നു തോന്നി. പക്ഷേ ശബ്ദം ഉയരുന്നുണ്ടായിരുന്നില്ല. 

–വെള്ളം... 

അവൾ ആംബുലൻഡ് ഡോറിനോട് പറ്റിച്ചേർന്നുനിന്നു നഖംകടിച്ചുകൊണ്ടിരുന്ന ഡ്രൈവറോട് ചോദിച്ചു..

–എന്നാലും... അവസാന സമയത്ത് ഒരിറക്കു വെള്ളം തരാൻപോലും ആരുമുണ്ടായില്ലല്ലോ എന്റെ ചേട്ടായിക്ക്... ചേട്ടായീ...

പുറത്തുനിന്ന് വീണ്ടും കരച്ചിൽ കേട്ടു. പരിചയമുള്ള ശബ്ദം.. സേവ്യറിന്റെ അനുജത്തിയാണ്. ഇവൾക്ക് ഇത്ര സിനിമാറ്റിക് ആയി കരയാൻ കഴിയുമോ എന്നോർത്ത് അവൾ അദ്ഭുതപ്പെട്ടു. 

–പിടിക്കണോ ചേച്ചീ.. താഴെയിറങ്ങാൻ ഞാൻ സഹായിക്കാം.. 

ആംബുലൻസ് ഡ്രൈവർ മാർദവമേറിയ പുഞ്ചിരിയോടെ അവളുടെ കയ്യിൽപിടിച്ച് താഴെയിറക്കി. അപ്പോഴാണ് അവൾ ചുറ്റിലും നോക്കിയത്.  സേവ്യറുടെ തറവാട്ടുവീടിന്റെ മുറ്റത്താണ് എത്തിയിരിക്കുന്നത്. വലിയ ആൾക്കൂട്ടം. കടുംനീല നിറത്തിലുള്ള ടർപ്പായ വലിച്ചുകെട്ടിയിരിക്കുന്നത് മതിലിനോടു ചേർന്നുനിൽക്കുന്ന ദേവദാരുവിലാണ്. കല്യാണം കഴിഞ്ഞുവരുമ്പോൾ അവളുടെ മുട്ടോളം പൊക്കമേ അതിനുണ്ടായിരുന്നുള്ളുവല്ലോ എന്നു വെറുതെയോർത്തു. എങ്ങും കുന്തിരിക്കത്തിന്റെ മണം. മെഴുകുതിരികൾ ഉരുകിയൊലിക്കുന്നതിന്റെ ചൂടും ചന്ദനത്തിരിയുടെ ചാവുമണവും അവിടെ ചുറ്റിപ്പറ്റിനിന്നു. 

–ആരെങ്കിലും ഇനി അന്ത്യചുംബനം കൊടുക്കാനുണ്ടോ? 

ഇടവക വികാരിയച്ചനു തിരക്കുണ്ടെന്നു തോന്നുന്നു. 

–അവളും കൂടിയേ ഉള്ളു അച്ചോ..

ആരോ വിളിച്ചുപറയുന്നതുകേട്ടു.

ആരാണവൾ? .. എല്ലാവരുടെയും കണ്ണുകൾ അവളിലേക്കുനീണ്ടു.

ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അവൾ ആംബുലൻസിൽനിന്ന് താഴെയിറങ്ങി, ബോഡി വച്ചിരിക്കുന്ന കാർപോർച്ചിലേക്കു നടന്നു. എന്തൊരു മാസ് എൻട്രി. അവൾ മനസ്സിലോർത്തു. എല്ലാ കണ്ണുകളും അവളിലാണ്.. എല്ലാവരും ഇപ്പോൾ അവളെപ്പറ്റി കുശുകുശുക്കുന്നുണ്ടാകണം. 

– എന്നാലും എന്തൊരു കണ്ണിൽച്ചോരായില്ലാത്തവളാ.. 

– ഒന്നുമല്ലേലും സൊന്തം കൊച്ചിന്റെ അച്ഛനല്യോ? 

– അവളൊന്നു ക്ഷമിച്ചുംകണ്ടും കൂടെനിന്നിരുന്നെങ്കിൽ ഇങ്ങേർക്ക് ഈ ഗതിവരുമായിരുന്നോ? 

കോറസുപോലെ ഉയർന്ന അപശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കാതെ അവൾ മുന്നോട്ടുനടന്നു. കാർ പോർച്ചിന്റെ അടുത്തെത്തിയപ്പോഴേക്കും സേവ്യറിന്റെ അനുജത്തിയുടെ അലമുറ കൂടുതൽ ഉച്ചത്തിലായി..

– എന്നാലും ചേടത്തീ...

അവൾ മുഖമുയർത്തിനോക്കിയില്ല. 

ചുറ്റിലും ഉയരുന്ന നോട്ടങ്ങളിലും പിറുപിറുക്കലുകളിലും അവൾ ഉരുകിത്തീരുന്നപോലെ തോന്നി. 

– അച്ചന് ഇതുകഴിഞ്ഞ് ഒരു പുരകൂദാശയും വൈകിട്ട് സ്നേഹസംഗമവും ഉള്ളതാ.. വേഗമായിക്കോട്ടെ..

കപ്യാര് തിരക്കുകൂട്ടി..

– ചുംബനം കൊടുത്തോളൂ.. ബോഡി എടുക്കണം.. ഇനി വൈകിക്കണ്ട.

അവളുടെ ആദ്യചുംബനം കാത്ത് അയാൾ കാർപോർച്ചിൽ മൊസൈക്ക് തറയിൽ ഫ്രീസറിൽ കിടന്നു. 

– വേറെയാരും അന്ത്യചുംബനം കൊടുക്കാനില്ലല്ലോ അല്ലേ? 

കപ്യാര് പള്ളിക്കുർബാന കഴിഞ്ഞുള്ള ലേലംവിളി ഓർമിപ്പിക്കുംവിധം വിളിച്ചുചോദിച്ചു. 

– ഇല്ല..ഇനിയാരുമില്ല... ആരുമില്ല ഒന്നാം തരം.. ആരുമില്ല രണ്ടാംതരം.. ആരുമില്ല മൂന്നാം തരം..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS