സദ്യയിൽ അവിയൽ രണ്ടാമതും കഴിക്കാത്തവരുണ്ടോ?
Mail This Article
സദ്യയിൽ (Sadhya) നമുക്ക് രണ്ടാമതും കഴിക്കണമെന്നു തോന്നുന്ന ചില കറികളുണ്ട്. അതിൽ ഒന്നാമനാണ് അവിയൽ (Avial). എല്ലാ പച്ചക്കറികളുടെയും സത്ത് ലയിച്ചു ചേർന്നിട്ടുള്ള അവിയൽ പോഷക ഗുണമുള്ള കറികൂടിയാണ്. ചോറിനൊപ്പമല്ലാതെ വെറുതെ കഴിക്കാനും തോന്നും.
ആവശ്യമായ ചേരുവകൾ
മുരിങ്ങക്ക – 1 എണ്ണം
വഴുതന– 1 എണ്ണം
ഉരുളക്കിഴങ്ങ് – 1 എണ്ണം
കാരറ്റ് – 1 എണ്ണം
പച്ച വാഴയ്ക്ക – 1 എണ്ണം
പച്ച മുളക് – 2 എണ്ണം
വെളിച്ചെണ്ണ – 4 ടീസ്പൂൺ
തൈര് – അരക്കപ്പ്
ജീരകം – മുക്കാൽ ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – അര േടബിൾ സ്പൂൺ
തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്
കുമ്പളങ്ങ – കാൽ കിലോ
ചുരയ്ക്ക – കാൽ കിലോ
പടവലങ്ങ – കാല്‍ കിലോ
കറി വെള്ളരി – കാൽ കിലോ
ചേന – കാൽ കിലോ
തയാറാക്കുന്ന വിധം
എല്ലാ പച്ചക്കറികളും തൊലി കളഞ്ഞ് രണ്ട് ഇഞ്ച് നീളത്തിൽ കഷണങ്ങളാക്കുക. മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്ത് തിരുമ്മി കഷ്ണങ്ങൾ 20 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു മൺപാത്രത്തിൽ തിരുമ്മിവച്ച പച്ചക്കറികളും 100 മില്ലി വെള്ളവും ചേർത്ത് തീ കുറച്ച് വച്ച് വേവിക്കുക. തേങ്ങയും ജീരകവും മഞ്ഞൾപൊടിയും പച്ചമുളകും വെള്ളം ചേർക്കാതെ ചതച്ചെടുക്കുകയാണു ചെയ്യേണ്ടത്.
അവിയലിന്റെ കഷണങ്ങൾ ഒന്ന് വെന്തു വരുമ്പോൾ അതിന്റെ നടുവിലേക്കായി തേങ്ങയുടെ അരപ്പ് ചേർത്തു കൊടുക്കുക. വീണ്ടും പാത്രം അടച്ചുവച്ച് വേവിക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് കഷണങ്ങൾ വെന്തുവരുമ്പോൾ തീ അണച്ച് തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കിക്കൊടുക്കുക.
Conent Summary : Easy Avial Recipe by Chef Suresh Pillai