സീഫൂഡുകളുടെ രാജാവ്, മാമ്പഴ മധുരത്തിൽ ടൈഗർ പ്രോൺസ്
Mail This Article
സീഫൂഡുകളുടെ രാജാവാണ് ചെമ്മീൻ, രുചിയുള്ള പലതരം വിഭവങ്ങൾ ചെമ്മീൻ കൊണ്ടു തയാറാക്കാം. ചെമ്മീനിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, വളരെ കുറച്ച് കാർബോഹൈഡ്രേറ്റ്സാണുള്ളത്. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രോൺസ് വിഭവങ്ങൾ ഡയറ്റിന്റെ ഭാഗമാക്കാം. സ്പെഷൽ രുചിക്കൂട്ടിൽ ടേസ്റ്റി ചെമ്മീൻ രുചി തയാറാക്കുന്നത് ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്നാണ്. രുചിക്കൊരു ട്വിസ്റ്റ് കൊടുക്കാൻ മാംഗോ ചാട്ട് മസാലയും ചേരുന്നു.
ചേരുവകൾ
- ടൈഗർ പ്രോൺസ് – 5 എണ്ണം
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- നാരങ്ങ നീര് – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ്
- എണ്ണ
കറി സോസ് തയാറാക്കുന്നതിന്
- തേങ്ങാപ്പാൽ (ഒന്നാംപാൽ) – 1 ടേബിൾസ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ വീതം
- തക്കാളി ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
മാംഗോ ചാട്ട് മസാല
ചേരുവകൾ
- മാമ്പഴം ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
- പച്ചമുളക് അരിഞ്ഞത് – 1/2 ടീസ്പൂൺ
- ചാട്ട് മസാല– 1 ടീസ്പൂൺ
- മുളകുപൊടി – 1 നുള്ള്
- നാരങ്ങ നീര് – 1 ടീസ്പൂൺ
- തക്കാളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- ഉപ്പ്
- എണ്ണ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ പ്രോൺസ് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് ഒരു പകുതി നാരങ്ങ പിഴിഞ്ഞ നീര് ഒരു ടീസ്പൂൺ എണ്ണ ഒരു ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ ഫ്രിജിൽ വച്ചതിനുശേഷം ഗ്രിൽ ചെയ്യാം.
പ്രോൺസ് ഗ്രില്ല് ചെയ്യുന്നതിനായി ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ഒന്നു ചൂടായ ശേഷം പ്രോൺസ് തിരിച്ചും മറിച്ചുമിട്ട് ഗ്രിൽ ചെയ്തെടുക്കുക.
ഇതിന്റെ സോസ് തയാറാക്കാൻ പ്രോൺസ് ഗ്രിൽ െചയ്ത അതേ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞതും ഒരോ ടീസ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞതും കൂടി ഇട്ട് ലൈറ്റ് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കുക. ശേഷം ഇതിലേക്കു മസാലപ്പൊടികൾ ചേർക്കാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഓരോ ടീസ്പൂൺ വീതം മല്ലിപ്പൊടിയും കാശ്മീരി മുളകു പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിന്റെ പച്ചചുവ മാറി വരുമ്പോൾ കുറച്ചു തക്കാളി അരിഞ്ഞതും കുറച്ച് ഉപ്പും കൂടി ഇതിലേക്കു ചേർത്തു നന്നായി യോജിപ്പിച്ചതിനുശേഷം ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാലും (ഒന്നാം പാൽ) കൂടി ചേർത്ത് ഇളക്കിയെടുക്കുക. സോസ് റെഡി
രുചി ഇരട്ടിപ്പിക്കും മാംഗോ ചാട്ട്...
ഒരു മാമ്പഴം ചെറുതായി അരിഞ്ഞതിലേക്ക് അരടീസ്പൂൺ പച്ചമുളക് അരിഞ്ഞതും ഒരു ടീസ്പൂൺ ചാട്ട് മസാലയും മല്ലിയിലയും ഒരു നുള്ള് മുളകുപൊടിയും അരിഞ്ഞ തക്കാളിയും നാരങ്ങാ നീരും ഉപ്പും ഒരു ടീസ്പൂൺ എണ്ണയും കൂടി േചർത്തു നന്നായി ഒന്നു യോജിപ്പിക്കുക.
ഒരു പ്ലേറ്റിൽ കുറച്ച് കറി മസാല എടുത്ത് അതിനു മുകളിലായി ഗ്രിൽ ചെയ്ത ടൈഗർ പ്രോൺസും മാംഗോ ചാട്ട് മസാലയും വച്ച് കുറച്ച് എഡിബിൾ ഫ്ലവേഴ്സും കൂടി വച്ച് അലങ്കരിക്കുക. അടിപൊളി പ്രോൺസ് വിത്ത് മാംഗോ ചാട്ട് റെഡി.
Content Summary : Bon appetit - Curry Prawns with Mango Chat.