ബിരിയാണി ഓർഡർ ചെയ്തത് 2500 രൂപയ്ക്ക്; മദ്യപിച്ചിട്ടാണോ അത് ചെയ്തതെന്ന് യുവതി
Mail This Article
ഇന്ത്യക്കാർക്ക് ബിരിയാണിയോടുള്ള പ്രേമത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പല രുചികളിലുള്ള ബിരിയാണികൾ വിളമ്പുന്ന നാടാണ് നമ്മുടേത്. കേരളത്തിൽ വരെയുണ്ട് വ്യത്യസ്ത രുചിക്കൂട്ടുകളിൽ തീർക്കുന്ന, പലതരത്തിലുള്ളവ. ആമ്പൂർ ബിരിയാണിയും തലപ്പാക്കട്ടിയും തലശ്ശേരി ബിരിയാണിയും വാഴുന്ന ദക്ഷിണേന്ത്യയിലെ ബിരിയാണികളിലെ രാജാവ് മറ്റാരുമല്ല. ഹൈദരാബാദ് ബിരിയാണി തന്നെയാണ്. അല്പം എരിവുള്ള മസാലയിൽ തയാറാക്കിയെടുക്കുന്ന ഈ ബിരിയാണിക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ടെന്നു കേൾക്കുമ്പോൾ തന്നെ മനസിലാക്കാമല്ലോ, ആ രുചിപെരുമ. ഹൈദരാബാദ് ബിരിയാണി വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആ പരമ്പരാഗത രുചിയോടു നീതിപുലർത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും. എന്നാൽ ആ രുചി അതേപടി നിലനിർത്തുന്ന ഒരിടമുണ്ട്, അതങ്ങു ഹൈദരാബാദിൽ അല്ല ബെംഗളൂരുവിൽ. മേഘ്ന ഫൂഡ്‌സ്.
ബംഗളൂരുവിലെ ഏറ്റവും രുചികരമായ ബിരിയാണി എന്ന ബഹുമതി പട്ടം കൈക്കലാക്കിയ വിഭവമാണ് മേഘ്‌ന ഫൂഡ്‌സിലെ ഹൈദരാബാദ് ബിരിയാണി. ആദ്യകാഴ്ചയിൽ തന്നെ ഏതൊരു ഭക്ഷണപ്രേമിയും അനുരാഗവിലോചനനും അതിലേറെ മോഹിതനുമാകുന്ന ബിരിയാണി. ആന്ധ്രാ സ്റ്റൈൽ ബിരിയാണി ബെംഗളൂരുവിൽ വിളമ്പണമെന്ന മോഹവുമായി മൂന്നു സുഹൃത്തുക്കളാണ് മേഘ്‌ന ഫൂഡ്‌സ് എന്ന റസ്റ്ററന്റ് ആരംഭിച്ചത്. ഏതു സമയത്തു ചെന്നാലും ഇവിടെ ബിരിയാണി തയാറാണ്. കൂടെ കഴിക്കാൻ റൈത്തയും ഒരു ഗ്രേവിയും ലഭിക്കും.
മേഘ്‌നയിലെ ഹൈദരാബാദ് ബിരിയാണിക്കുമുണ്ട് പ്രത്യേകത. ചോറും ഇറച്ചിയും പ്രത്യേകമായാണ് തയാറാക്കുന്നത്. സ്പെഷൽ മസാലയിൽ തയാറാക്കുന്ന ചിക്കന്റെ രുചി എടുത്തു പറയേണ്ടതു തന്നെയാണ്. മസാല പൊതിഞ്ഞിരിക്കുന്ന ചിക്കൻ ആദ്യ കാഴ്ചയിൽ തന്നെ മനസുകീഴടക്കും. മസാല മാത്രമല്ല, നല്ലതുപോലെ വെന്തു പാകമായതു കൊണ്ടുതന്നെ രുചിയും കേമമെന്നു പറയേണ്ടതില്ലല്ലോ. നല്ല നീളമുള്ള അരിയിൽ തയാറാക്കുന്നതാണ് ബിരിയാണി. അതിന്റെ രുചിയെ പൂർണമാക്കാൻ എന്ന പോലെ എല്ലാ മസാലകളും ചേർന്ന് പ്രൗഡിയും പത്രാസും നൽകിയിരിക്കുന്നു.
മേഘ്‌ന ഫൂഡ്‌സ് ഈ കഴിഞ്ഞ നാളുകളിൽ രസകരമായ ഒരു സംഭവത്തിനു സാക്ഷിയായത് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. മുംബൈയിൽ നിന്നുമുള്ള ഒരു സ്ത്രീ ബെംഗളൂരുവിലെ ഈ റസ്റ്ററന്റിൽ നിന്നും 2500 രൂപയ്ക്കു ബിരിയാണി ഓർഡർ ചെയ്‌തു. ഓൺലൈൻ ഭക്ഷ്യവിതരണക്കാരായ സൊമാറ്റോ വഴിയായിരുന്നു ഓർഡർ നൽകിയത്. സോമാറ്റോ ആ ഭക്ഷണം മുംബൈയിൽ വിതരണം ചെയ്യുകയും ചെയ്തു.
താൻ മദ്യപിച്ചിട്ടാണോ ആ ഓർഡർ നൽകിയതെന്ന് ട്വീറ്റ് ചെയ്ത, ആ സ്ത്രീയ്ക്ക് സോമാറ്റോ നിങ്ങൾക്ക് ഇത് ഒരു ഹാപ്പി ഹാങ്ങോവർ ആയിരിക്കുമെന്നും നിങ്ങളുടെ അനുഭവം പങ്കുവെയ്ക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചു. അങ്ങനെ മേഘ്‌ന ഫൂഡ്‌സും അവിടുത്തെ ബിരിയാണിയും ബെംഗളൂരുവിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ പ്രശസ്തമായി. ബെംഗളൂരുവിലെ കോറമംഗലയിൽ 2006 ലാണ് മേഘ്‌ന ഫൂഡ്‌സ് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ആ നഗരത്തിൽ മാത്രം ഈ റസ്റ്ററന്റിന് നിരവധി ഔട്ട്ലെറ്റുകളുണ്ട്.