കുമ്പിളപ്പം കാമുകിക്ക് നൽകിയ ലോക സിനിമയിലെ ആദ്യകാമുകൻ !

കുമ്പിളപ്പം
SHARE

കുമ്പിളപ്പം സിനിമയിൽ അഭിനയിച്ചതെങ്ങനെയെന്ന് ‘മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്ത ദിലീഷ് പോത്തൻ പറയുന്നു

പ്രണയത്തിന്റെ പ്രതീകമായി ചുവന്ന റോസാപ്പൂ കൈമാറുന്ന സീൻ സിനിമയിൽ പതിവാണ്. പക്ഷേ കുമ്പിളപ്പം കാമുകിക്ക് നൽകിയ ലോക സിനിമയിലെ ആദ്യകാമുകൻ മഹേഷായിരിക്കും.

‘‘ ലൊക്കേഷൻ നോക്കാനായി ഇടുക്കിയിൽ ഗ്രാമങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ ഒരു വീട്ടിൽ ചെന്നപ്പോഴായിരുന്നു കട്ടൻ ചായയും കുമ്പിളപ്പവും കിട്ടിയത്. കുമ്പളപ്പം കണ്ടപ്പോൾ ഞങ്ങൾക്കങ്ങു വല്ലാതെ ബോധിച്ചു. നന്നായി കഴിച്ചു. ആ ചേച്ചി നൽകിയ കുമ്പിളപ്പത്തിൽ നിന്നാണു മഹേഷിന്റെ പ്രണയം പൊതിഞ്ഞു നൽകുന്ന കുമ്പളപ്പത്തിലേക്കു ഞങ്ങൾ നടന്നത്. ’’

‘മഹേഷിന്റെ പ്രതികാരം ’ സംവിധാനം ചെയ്ത ദിലീഷ് പോത്തന്റെ ഓർമകൾ.... കുമ്പിളപ്പം എന്റെ കുട്ടിക്കാലത്തെ വല്ലാതെ മധുരമുള്ളതാക്കിയിരുന്നു. ഇടണയിലയിൽ പൊതിഞ്ഞു ശർക്കരപ്പാവും തേങ്ങചെരകിയതും ചേർത്തുണ്ടാക്കുന്ന കുമ്പിളപ്പം ഇടുക്കിയിലെ ചേച്ചി ഉണ്ടാക്കിത്തന്നപ്പോൾ അതിനെയങ്ങു സിനിമയിലെടുക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

‘ഫുഡും പ്രണയവും കഥയിൽ ചേരുവയാക്കണം എന്നു ശ്യാം പുഷ്കരനും ഞാനും തീരുമാനിച്ചിരുന്നു. ഇടുക്കിപ്പാട്ടിന്റെ പശ്ചാത്തലത്തിലെ കപ്പവാട്ടലും കപ്പ പുഴുങ്ങലും പറിക്കലുമെല്ലാം നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിച്ചതാണ്. വീട്ടിൽ പണ്ട് അമ്മച്ചി നല്ല കപ്പപ്പുഴുക്കും ബീഫും ഉണ്ടാക്കുമായിരുന്നു. എന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്ന രുചിയാണതിന്. ​ഞങ്ങടെ വീട്ടിൽ കപ്പവാട്ടൽ വലിയ സംഭവമായിരുന്നു. അമ്മച്ചിയും വല്യമ്മച്ചീം അപ്പനുമെല്ലാം ജോറായി നടത്തുന്ന ഏർപ്പാട്. പ്രീഡിഗ്രിക്കാലം വരെയേ വീട്ടിൽ ഇതു കണ്ടുള്ളൂ. മഹേഷിന്റെ പ്രണയമധുരം കുമ്പിളപ്പമാക്കാൻ ലൊക്കേഷനിലെ അയൽക്കാരി ചേച്ചിയാണു കുമ്പിളപ്പം ഉണ്ടാക്കിയത്. ഫഹദും അനുശ്രീയുമെല്ലാം നന്നായി കഴിച്ചു. കുമ്പിളപ്പം കഥയിൽ വലിയ സ്വാധീനമാണല്ലോ.’

അപ്പാപ്പന്‍ ചക്കയിടാൻ കയറിയില്ലായിരുന്നെങ്കിൽ മഹേഷിന്റെ പ്രതികാരം ഉണ്ടാകുമായിരുന്നില്ല.മരണവീട്ടിലെത്തുമ്പോൾ കൊടുക്കുന്ന പഴത്തിൽ നിന്നാണു സിനിമയിൽ പ്രശ്നങ്ങൾക്കു തുടക്കമിടുന്നത്. തുടർന്നു നെല്ലിക്ക ചിതറിത്തെറിക്കുന്നു. കുട്ടികൾ ഒറ്റൊന്നും ബാക്കിയാക്കാതെ പെറുക്കുന്നു. ഉച്ചയ്ക്കു സ്റ്റുഡിയോയിലേക്കു കൊണ്ടുവരുന്ന ചോറിൻ പാത്രത്തിനും കൂട്ടാനും പൊതിച്ചോറിനും ചാച്ചനു വിളമ്പിക്കൊടുക്കുന്ന കഞ്ഞിക്കും വരെ ഈ ചിത്രത്തിൽ നിർണായക റോളുണ്ട്. എല്ലാം മനപ്പൂർവം!

കുമ്പിൾ അപ്പം (പാചകവിധി: മിസ്സിസ് കെ. എം. മാത്യു)

1. നല്ലതുപോലെ പഴുത്ത കൂഴച്ചക്കയുടെ ചുള പരുപരുത്ത കുട്ടയുടെ പുറത്ത് തേച്ചെടുത്ത കുറുകിയ ചാറ് – 1 കപ്പ്
2. പുട്ടിന്റെ പൊടി നേർമ്മയായി ഇടഞ്ഞെടുത്തത് – 1 കപ്പ്
3. ചക്കര കനം കുറച്ചു ചീകിയത് – ¾ കപ്പ് അഥവാ മധുരത്തിനു വേണ്ടത്
4. പൊടിയായി തിരുമ്മിയ തേങ്ങ – 1 കപ്പ്
5. ജീരകം – 1 നുള്ള്
6. ഉപ്പ് – തീരെ കുറച്ച്

പാകം ചെയ്യുന്ന വിധം
ചേരുവകളെല്ലാം കൂടി യോജിപ്പിച്ചു വഴനയില കോട്ടി കുറേശ്ശെ വാരിവച്ച് ഇലയുടെ ഞെടുപ്പുള്ള വശം മടക്കി കുത്തി ആവിയിൽ വച്ചു വേവിക്കണം. നല്ലതുപോലെ തണുത്താലുടൻ ഉപയോഗിക്കുക.

സൂചന
തിരുമ്മിയ തേങ്ങയുടെ അളവു കുറെക്കൂടി കൂട്ടിയാൽ കുമ്പിൾ അപ്പത്തിന് നല്ല മയം കിട്ടും. മാവ് അമർത്തി കുഴയ്ക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA