ADVERTISEMENT

‘എന്താടാ വിജയാ, നമുക്കീബുദ്ധി നേരത്തേ തോന്നാതിരുന്നത്? ’ 

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ 

നാടോടിക്കാറ്റിലെ ഏതെങ്കിലും ഒരു ഡയലോഗ് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും പറയാത്ത മലയാളി കുറവാണ്. ശ്രീനിയുടെ കിറുകൃത്യമായ സംഭാഷണങ്ങൾ കൊണ്ട് തീയറ്ററുകളെ ചിരിപ്രളയത്തിൽ മുക്കിയ സത്യൻ അന്തിക്കാട് സിനിമ. സിദ്ദിഖ്‌ലാൽമാരുടെ കഥയെ പൊലിപ്പിച്ചെടുത്ത നാടോടിക്കാറ്റ് 1987 മെയ് ആദ്യ ആഴ്‌ചയാണ് വെള്ളിത്തിരയിൽ അവതരിച്ചത്. അനന്തൻ നമ്പ്യാരും പവനായിയും ഡ്രൈവർ ബാലേട്ടനും രാധയും കോവൈ വെങ്കിടേശനുമൊക്കെ അരങ്ങു തകർത്ത സിനിമ  വർഷങ്ങൾക്കിപ്പുറവും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാമതാണ്. പക്ഷേ, നാടോടിക്കാറ്റിലെ ഒട്ടുമിക്ക രംഗങ്ങളിലും പ്രധാന കഥാപാത്രമായി വന്ന ഒരാളെ നമ്മൾ കണ്ടില്ല. ആ താരമാണ് ഭക്ഷണം. 

ലാലും ശ്രീനിയും ചേർന്നു സൃഷ്‌ടിച്ച ഒട്ടുമിക്ക ഹാസ്യ രംഗങ്ങളിലേയും പ്രധാന കോമഡി താരം ഭക്ഷണമായിരുന്നു. എന്നാൽ ഭക്ഷണം വൃത്തികേടാക്കുകയും വലിച്ചെറിയുകയുമൊക്കെ ചെയ്‌ത് ചിരിയുണ്ടാക്കുന്ന സ്‌ഥിരം കാഴ്‌ച്ചകളിൽനിന്ന് വ്യത്യസ്‌തമാണ് ഈ രംഗങ്ങൾ. ചിത്രത്തിന്റെ ആദ്യപകുതിയിൽ നായകൻമാർ എപ്പോഴും പ്രത്യക്ഷപ്പെടുന്നത് ചോറ്റുപാത്രവുമായാണ്. 

അവിവാഹിതരായ രണ്ടു ചെറുപ്പക്കാർ താമസിക്കുന്ന ഒരു വാടകവീട്ടിൽനിന്നാണ് സിനിമയുടെ തുടക്കം. ബാച്ചിലർമാരുടെ ഭക്ഷണരീതികൾ വ്യത്യസ്‌തമായിരിക്കും. അടുപ്പത്തിരിക്കുന്ന പാത്രത്തിൽ വെള്ളം തിളച്ചുമറിയുന്നു. അപ്പോഴാണ് വിജയൻ ചായപ്പൊടിക്കായി അടുക്കളയിലെ ടിന്നുകൾ തപ്പുന്നത്. പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അവസാനം വിജയന്റെ ആത്മഗതം:‘ഇവിടെ ചായപ്പൊടിയും ചാണകപ്പൊടിയുമൊന്നും ഇല്ലേ?’ 

ചായയുടെ കലാപരിപാടി കഴിഞ്ഞ് വിജയൻ ചോറുണ്ടാക്കുന്നു. ഊതിയൂതി പുക പറപ്പിച്ച് കണ്ണു കലങ്ങുന്നു. എന്നും രാവിലെ വിജയനാണ് ചോറുണ്ടാക്കുന്നത്. ഇതുവരെ ചോറായില്ലേ എന്നു ചോദിക്കുന്ന ദാസനോട് ഞാൻ നിന്റെ അടുക്കളക്കാരനല്ല എന്ന മട്ടിലാണ് വിജയന്റെ പ്രതികരണം.തലതെറിച്ച രണ്ടു പ്യൂൺമാരെയും ഓഫീസിൽനിന്ന് പിടിച്ചു പുറത്തേക്കെറിഞ്ഞപ്പോഴും രണ്ടുപേരും ചോറ്റുപാത്രത്തിലെ പിടി വിടുന്നില്ല. 

തുടർന്നാണ് ദാസനും വിജയനും പാൽ ബിസിനസിനിറങ്ങുന്നത്. ഇത്തിരി പരുത്തിക്കുരുവും ഇത്തിരി പിണ്ണാക്കും ഇത്തിരി തവിടും കൊടുത്താൽ ശറപറേന്നു പാൽ തരുന്ന ഗഡാഗഡിയനായ പശുവിനെയാണ് വാങ്ങുന്നത്. ദിവസം പത്തു പന്ത്രണ്ടു ലിറ്റർ പാൽ കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും പിഴിഞ്ഞൂറ്റിയിട്ട് ആറേഴു ലിറ്റർ പാലാണ് കിട്ടിയത്. ചായക്കടക്കാരന് പാൽ കൊടുക്കാമെന്ന് ഏറ്റുംപോയി. 

ഉടനെ വിജയനു ബൾബു കത്തി...നല്ല കൊഴുപ്പുള്ള പാലാണ്. ഇത്തിരി വെള്ളം ചേർക്കാം. കടയിലേക്കു കൊണ്ടുപോയ പാൽ തിരികെവീട്ടിൽ കൊണ്ടുവെച്ചിട്ട് ചായക്കാടക്കാരന്റെ മകൻ പറയുന്നു: ‘ഇതിലും ഭേദം വെട്ടുകത്തിയുമായി കക്കാനിറങ്ങുന്നതാണെന്ന് അച്‌ഛൻ പറയാൻ പറഞ്ഞു.’ 

കലിഫോർണിയയിലേക്കുള്ള ഉരു ദുബായി കടപ്പുറം വഴി ഗഫൂർ തിരിച്ചുവിട്ടതുകൊണ്ട് ദാസനും വിജയനും മദിരാശിയിലെത്തി. ഡ്രൈവർ ബാലേട്ടൻ അനന്തൻ നമ്പ്യാരുടെ കമ്പനിയിൽ ജോലിയും വാടകയ്‌ക്ക് ഒരു വീടും ഒപ്പിച്ചു കൊടുക്കുന്നതോടെ കഥ വഴി മാറുകയാണ്. ചന്തയിൽനിന്ന് ഭക്ഷണം വെയ്‌ക്കാനുള്ള സാധനങ്ങളും വാങ്ങി വരികയാണ് രണ്ടുപേരും. ദാസൻ പറയുന്നു: ‘വിജയാ.. നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു ടൈടേബിൾ വേണം. ഉദാഹരണമായി തിങ്കളാഴ്‌ച്ച ദോശ, ചൊവ്വാഴ്‌ച്ച പുട്ട്, ബുധനാഴ്‌ച്ച ഇഡ്‌ഡലി...’ അടുക്കളപ്പണി തലയിലാവുമെന്നു കണ്ടെ വിജയൻ ചൂടാവുന്നു: ‘...വ്യാഴാഴ്‌ച്ച ദോശപ്പുട്ടിഡ്‌ഡലി.ഞാനാരാ നിന്റെ അടുക്കളക്കാരനോ?’ 

തൊട്ടുകൂട്ടാൻ: 

പശുവിനെ വാങ്ങി പിറ്റേദിവസം പല ചരക്കു കടയിലെത്തുന്ന വിജയൻ: ‘‘ചാത്തുവേട്ടാ, ഞങ്ങളുടെ പ്രശ്‌നങ്ങളൊക്കെ തീർന്നു, ഒരു കിലോ പിണ്ണാക്കു താ...’’കടക്കാരൻ ചാത്തുവേട്ടൻ: ‘‘ഓഹോ, ഇപ്പോ അരിയൊക്കെ നിർത്തി പിണ്ണാക്കായോ തീറ്റ?’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com