ADVERTISEMENT

രുചിയും ഔഷധ ഗുണമേന്മയുമുള്ള മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി. കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ സഹായത്തോടെ ഭൗമസൂചിക പദവി ലഭിക്കുന്ന ഒൻപതാമത്തെ ഉൽപന്നവും സംസ്ഥാനത്തെ 24–ാം ഉൽപന്നവുമാണ് മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലായി 900 കർഷകർ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കരയ്ക്ക് ലഭിച്ച പദവി ഈ രംഗത്തെ വ്യാജൻ ഇല്ലാതാക്കിശർക്കരയ്ക്കു കൂടുതൽ വില ലഭിക്കാൻ ഇടവരുത്തും. മറയൂർ ശർക്കരയ്ക്കു ഭൗമസൂചിക പദവി ലഭിച്ച വിവരം മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.

ഭൗമസൂചിക പദവി

പ്രത്യേക പ്രദേശത്ത് പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുമ്പോൾ മാത്രം തനതായ രുചിയും ഗുണവിശേഷങ്ങളും കൈവരുന്ന ഉൽപന്നങ്ങൾക്കാണ് ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് – ജിഐ) പദവി നൽകുന്നത്. ജിഐ ഉൽപന്നങ്ങളുടെ പേര് ഉപയോഗിക്കാൻ റജിസ്ട്രേഷൻ നടത്തിയ കർഷക കൂട്ടായ്മകൾക്കു മാത്രമേ അനുവാദമുള്ളൂ. ജിഐ ഉൽപന്നത്തിന്റെ പേരിലുള്ള അനധികൃത വിൽപന 3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

മറയൂർ ശർക്കര

marayur
മറയൂർ കർഷകരോടൊപ്പം കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ ടീം

കേരളത്തിൽ പന്തളം, തിരുവല്ല, മറയൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. ഇതിൽ മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കൃഷി ചെയ്യുന്നു. ഏതു സമയത്തും ഇവിടെനിന്നു ശർക്കര ലഭിക്കും. 900 കർഷകർ 1800 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നിലവിൽ ശർക്കരയ്ക്കു  കിലോയ്ക്ക് 55 രൂപ മുതൽ 60 രൂപ വരെയാണു ലഭിക്കുന്നത്. 80 രൂപയെങ്കിലുമായാലേ പിടിച്ചു നിൽക്കാനാവൂ എന്നു കർഷകർ പറയുന്നു. ജിഐപദവിയുടെ പേരിൽ മാധ്യമ ശ്രദ്ധ ലഭിച്ചതോടെ വിൽപനയിൽ മാറ്റമുള്ളതായി കർഷകർ പറയുന്നു. തൃശൂരിൽ നടന്ന വൈഗ പ്രദർശനത്തിൽ കിലോയ്ക്ക് 130 രൂപ വരെ ലഭിച്ചു. 3 ടൺ ശർക്കരയാണ് ആ ദിവസങ്ങളിൽ ചെലവായത്.

ജിഐ പദവിയിലേക്ക്

2016ൽ മറയൂർ സന്ദർശിച്ചെത്തിയ മന്ത്രി വി.എസ്.സുനിൽകുമാറാണ് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രനോട് മറയൂർ ശർക്കരയ്ക്കു ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ നിർദേശിച്ചത്. തുടർന്നു സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിനെയും കോഓർഡിനേറ്റർ ഡോ. സി.ആർ‌.എൽസിയേയും ഇക്കാര്യത്തിനായി ചുമതലപ്പെടുത്തി. മന്ത്രിതന്നെ മുൻകൈയെടുത്ത് മറയൂരിൽ യോഗം വിളിച്ചുചേർക്കുകയും അഞ്ചുനാട് കരിമ്പ് ഉൽപാദക വിപണന സംഘം, മഹാഡ്, മാപ് കോ എന്നീ കരിമ്പ് കർഷകരുടെ സംഘങ്ങളെക്കൊണ്ട് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബുവിന്റെ ഇടപെടൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി. 2018 മാർച്ച് 9ന് അന്തിമ അപേക്ഷ സമർപ്പിച്ചു. മറയൂർ ശർക്കരയുടെയും മറ്റു ശർക്കരകളുടെയും സാംപിളുകൾ ശേഖരിച്ച് അംഗീകൃത ലാബുകളിൽ പരിശോധന നടത്തി ആധികാരികമായ മാപ്പും ലോഗോയും സഹിതമാണ് അപേക്ഷ ചെന്നൈയിലെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ റജിസ്ട്രിയിൽ സമർപ്പിച്ചത്.

ശർക്കര ഉണ്ടാക്കുന്നത്

കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു. യന്ത്രത്തിന്റെ സഹായത്തോടെ (നമ്മുടെ നാട്ടിലെ കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്ന മെഷീൻ) എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. ആ നാട്ടിൽ 1000 ലീറ്റർ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നു വിളിക്കുന്നു. കൊപ്ര അടുപ്പിൽ വച്ചു ചൂടാക്കുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കുന്നു. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.

പ്രത്യേകതകൾ

സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണെങ്കിൽ മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ്. സാധാരണ ശർക്കരയിൽ ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്തു  ചേർക്കുന്നു. ഇതിൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ ശർക്കരകളിൽ കൈപ്പാട്  തെളി‍ഞ്ഞു കാണാം. ഇരുമ്പിന്റെ അംശവും  കൂടുതലുള്ളതും കാൽസ്യം കൂടുതലുള്ളതുമാണ്. സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ മധുരം കൂടുതലാണ് ഉപ്പിന്റെ അംശം കുറവും. 

കാന്തല്ലൂർ ശർക്കരയ്ക്കു പുറമെ ഒട്ടേറെ പുതിയ ഉൽപന്നങ്ങൾ ഭൗമസൂചിക പദവി നേടാനുള്ള ശ്രമത്തിലാണ്. എടയൂർ മുളക്, വടകാന്തല്ലൂർ വെളുത്തുള്ളി തുടങ്ങിയ ഇനങ്ങൾക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു, ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. പി.ഇ.ഇന്ദിരാദേവി, ബൗദ്ധിക സ്വത്തവകാശ സെൽ മേധാവി ഡോ. സി.ആർ.എൽസി എന്നിവരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ വിവിധ ശാസ്ത്രജ്‍‍ഞരുടെ സഹായത്തോടെ പുതിയ ഉൽപന്നങ്ങളെയും സൂചിക പദവിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കാർഷിക സർവകലാശാല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com