ADVERTISEMENT
beer-recipe

വ്യത്യസ്തമായൊരു പാചക മത്സരം! കാർഡിയോളജിസ്റ്റ്, ഫൂഡ് ബ്ളോഗർ, ഐടി വിദഗ്ധൻ എന്നിങ്ങനെ, പങ്കെടുത്തവർ പല മേഖലയിൽ ജോലിചെയ്യുന്നവർ. പ്രധാന ചേരുവ ബീയർ ആയിരിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന.

ന്യൂഡൽഹിയിൽ നടന്ന, മഹോ മയിസ്ട്ര ഷെഫ് 2019 (Mahou Masestra Chef 2019) എന്ന പാചക മത്സരമാണ് ബീയർ പ്രധാന ചേരുവയാക്കി ശ്രദ്ധേയമായത്. ഗോവയിൽ നിന്നുള്ള മാധ്യമ പ്രവർത്തകയും ഫൂഡ് ബ്ലോഗറുമായ അദിതി മൽഹോത്രയ്ക്കാണ് ഒന്നാം സ്ഥാനം. ബട്ടർ ഗാർലിക് പ്രോൺസും ബീയർ ചേർത്ത മാവിൽ മുക്കിപ്പൊരിച്ച ഒനിയൻ റിംഗ്സുമാണ് ഇവരെ സമ്മാനാർഹയാക്കിയത്.

മത്സരത്തിൽ പങ്കെടുത്ത ഫുഡ് ബ്ളോഗർ കൊൽക്കത്ത സ്വദേശി ബികാസ് വിശ്വാസ്, ഡൽഹിയിൽ നിന്നുള്ള ഐടി ജീവനക്കാരൻ അഭിനവ് സിങ്, കാർഡിയോളജിസ്റ്റ് നിമ്രത കൗർ എന്നിവർ സ്പാനിഷ് – ഇന്ത്യൻ വിഭവങ്ങളാണ് തയാറാക്കിയത്.

മത്സരത്തിന്റെ അവസാന ഘട്ടത്തിലെ വിഭവങ്ങൾ എഗ് വെജി ലെറ്റ്യൂസ് റാപ്പ്, ബേക്കൺ റാപ്പ്ഡ് ചിക്കൻ, സ്റ്റഫ്ഡ് ബെൽപെപ്പർ ബൈറ്റ്സ് വിത്ത് ബാർബിക്യൂ ബ്രെയ്സ്ഡ് ചിക്കൻ കീമ എന്നിവയായിരുന്നു.

ന്യൂഡൽഹി, കൊൽക്കത്ത, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി 50 ലേറെ പാചകവിദഗ്ധർ ഇതിൽ പങ്കെടുത്തിരുന്നു.

സ്പാനിഷ് വിഭവങ്ങളിൽ പലതിനും വെള്ളത്തിനു പകരം ബീയർ ഉപയോഗിക്കാറുണ്ട്. ബീയറിൽ 85 ശതമാനവും വെള്ളം ചേർന്നതിനാൽ ഇത് ഭക്ഷണത്തിന് പ്രത്യേക രുചി നൽകുമെന്ന് മഹോ ഇന്ത്യ സി ഇ ഒ ഫെർണാൻഡോ ബസ്റ്റമാന്റേ പറഞ്ഞു.

നിങ്ങൾക്കും പരീക്ഷിക്കാം ബീയർ ചേർന്ന ഒരു വിഭവം. ബീയര്‍ ബാറ്റര്‍ ഫിഷ് ഫ്രൈ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

മീൻ കഷണങ്ങൾ – 8
ബീയർ – 1 ബോട്ടിൽ
മൈദ – 200 ഗ്രാം
ഒനിയൻ പൗഡർ – 2 ടേബിൾ സ്പൂൺ
ഗാർലിക് പൗഡർ – 2 ടേബിൾ സ്പൂൺ
പാപ്രിക പൗഡർ – 1 ടേബിൾ സ്പൂൺ
മുട്ട – 1
കുരുമുളക് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙കഷണങ്ങളായി മുറിച്ച മീനിന്റെ ഈര്‍പ്പം മാറ്റിയെടുക്കുക. മീന്‍ കഷണങ്ങളില്‍ കുരുമുളകും ഉപ്പും വിതറുക.
∙ മാവ് തയാറാക്കാൻ പാത്രത്തില്‍ മൈദ, ഒനിയന്‍ പൗഡര്‍, ഗാര്‍ലിക് പൗഡര്‍, പാപ്രിക പൗഡര്‍, ഉപ്പ്, കുരുമുളക്‌പൊടി, മുട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം ബീയറും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക.
∙ തയാറാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ അരിപ്പൊടിയിൽ റോൾ ചെയ്ത് എണ്ണയിൽ വറുത്തു കോരിയെടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com