sections
MORE

മക്ഡൊണാൾഡ്സിനെ വരെ മുട്ടു കുത്തിച്ച നമ്മുടെ വടപാവ്

Pav Vada
SHARE

ഇന്ത്യയിലെ ചെറുകടികളിൽ വടകൾക്കുള്ള സ്ഥാനം അതുല്യമാണ്. ദേശാതിർത്തികൾ കടന്നു കടന്നു പോകേ വടകളുടെ രുചിയും രൂപവും മാറുന്നു. വിദേശ ഭക്ഷണ കച്ചവട ഭീമനായ മക്ഡൊണാൾഡ്സിനെ വരെ മുട്ടു കുത്തിച്ചിട്ടുണ്ട് നമ്മുടെ വടകളിലൊരാളായ വടപാവ്. മുംബൈയിൽ 1990ൽ ഫ്രാഞ്ചൈസി തുടങ്ങിയ മക്ഡൊണാൾഡ്സ് പലപല ബർഗർ വിഭവങ്ങൾ ഇറക്കിയെങ്കിലും അത്രയ്ക്കങ്ങ് ജനപ്രിയമായില്ല. ഒടുവിൽ വടപാവിനെ അനുകരിച്ചും അവർ ഒരു വിഭവം പുറത്തിറക്കി. എന്നിട്ടും മുംബൈ തെരുവുകളിലെ ഉന്തുവണ്ടികളിൽ വിൽക്കുന്ന വടപാവിന്റെ അടുത്തെത്താൻ പോലും അതിനായില്ല.

sabhudana-vada

പ്രാചീന ഗ്രന്ഥമായ ധർമസൂത്രയിൽ വടയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് രുചിചരിത്രകാരനായ കെ.ടി.ആചാര്യ പറയുന്നു. ഉഴുന്നുവടയ്ക്കു നൂറ്റാണ്ടുകളുടെ ചരിത്രമുള്ളപ്പോൾ, വടപാവ് മുംബൈയിലെ ഫാക്ടറി തൊഴിലാളികൾക്കു കഴിക്കാൻ 1960കളിൽ ജന്മംകൊണ്ട പലഹാരമാണ്. രണ്ടായി പിളർന്ന ബണ്ണിനിടയിൽ ബോണ്ട തിരുകിവയ്ക്കുന്ന പലഹാരമാണിത്. കൂടെ കടിക്കാൻ ഒരു പച്ചമുളകും. മുംബൈയുടെ സ്വന്തം വടയായി വടപാവിനെ വളർത്തിയെടുത്തതിൽ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി ശിവസേനയ്ക്കു സുപ്രധാന പങ്കാണുള്ളത്. ദിവസേന രണ്ടു മില്യൺ വടപാവ് വിൽക്കുന്നുണ്ടെന്നാണു കണക്ക്.

നാവും ആമാശയവും പൊള്ളിച്ച് കണ്ണിൽ നിന്നു പൊന്നീച്ച പറപ്പിക്കുന്ന വടയാണ് രാജസ്ഥാന്റെ സ്വന്തം മിർച്ചി വട. ഉരുളക്കിഴങ്ങു മസാലയിൽ പച്ചക്കുരുമുളകു ചേർത്ത് കടലമാവിൽ പൊതിഞ്ഞു പൊരിച്ചെടുക്കുകയാണ് ചെയ്യുക.

അരിപ്പൊടിയും ശർക്കരയും ചേർത്തുകുഴച്ച് ഉണ്ടാക്കുന്ന ആന്ധ്രപ്രദേശിന്റെ സ്വന്തം വടയാണ് വെള്ള വട.  വീണ്ടും മഹാരാഷ്ട്രയിലേക്കു വന്നാൽ നമ്മുടെ ബോണ്ട, ബട്ടാട്ട വട എന്ന പേരിൽ ആളുകൾ കൊതിയോടെ വാങ്ങിക്കഴിക്കുന്നതു കാണാം. നല്ല മല്ലിച്ചമ്മന്തിയും കൂട്ടി. 

മത്സ്യ എണ്ണയിൽ പാകം ചെയ്തെടുക്കുന്ന ബംഗാളിന്റെ വട വേറിട്ട വടകളിൽ ശ്രദ്ധേയനാണ്. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് ഗോതമ്പിലോ അരിമാവിലോ ഇതുണ്ടാക്കാം. ചോറിനൊപ്പമാണ് ബംഗാളികൾ ഇതു കഴിക്കുന്നത്. 

തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന വട മറ്റു വടകളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. രൂപത്തിൽ തന്നെ അൽപം ഇരുണ്ട നിറം. പണ്ട് രോഗബാധിതരായവർക്കു ക്ഷീണമകറ്റാൻ നൽകിയിരുന്ന പോഷകസമൃദ്ധമായ വടയാണിത്. നെയ്യിലാണ് തിരുപ്പതി വട പാകം ചെയ്യുക.

കടുക് മുഖ്യകാര്യക്കാരനായ കാഞ്ചി എന്ന പാനീയത്തിൽ ഇട്ടു വയ്ക്കുന്ന പരിപ്പു വടയാണ് ഗുജറാത്തികൾക്കു പ്രിയങ്കരനായ കാഞ്ചി വട. ദഹനത്തിന് ഇതു ബഹുകേമമത്രേ. മല്ലിയും മിന്റ് ഇലയും അരച്ച ചമ്മന്തിയും ശർക്കര ചമ്മന്തിയും മേമ്പൊടി ചേർത്തു തൈരിൽ ഇട്ടുവച്ചു കഴിക്കുന്ന മറ്റൊരു വടയാണ് പ്രശസ്തമായ ദഹി വട. 

ഉത്തരേന്ത്യക്കാർക്കു പ്രിയങ്കരനാണിവൻ. കപ്പ ഉള്ളടക്കമായ സബുദന വട ഉത്തരേന്ത്യക്കാരുടെ മറ്റൊരു പ്രിയ വടയാണ്.  മതപരമായ ചടങ്ങുകളുടെ ഭാഗമായ ഉപവാസത്തിനിടയിൽ ഉരുളക്കിഴങ്ങും കപ്പലണ്ടിയും ചേർത്തും ഇതുണ്ടാക്കാറുണ്ട്. കാബേജും കുതിർത്തിയ പയറും ചേർത്തുള്ള വടയും നമ്മളിൽ അധികമാരും കഴിക്കാത്ത അപൂർവ വടയവതാരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA