ADVERTISEMENT

കൊല്ലം ∙ നല്ല മുളകിട്ട മീൻ കറിയും കപ്പ പുഴുങ്ങിയതും ഉൾപ്പെടെ രുചിയോടെ കേരളത്തനിമയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ ലോകം നിങ്ങളുടെ കൈപുണ്യം രുചിക്കാൻ വരും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘എക്സ്പീരിയൻസ് എത്നിക് ക്വസിൻ’ എന്ന പേരിൽ കേരളത്തിൽ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വർക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നൽകി . കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി തിരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവർത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് പ്രവർത്തനം 

കൈപുണ്യം മുഖ്യം 

വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയാറാക്കി നൽകുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികൾക്കു പരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതൽ 50,000 വരെ ആളുകൾക്കു 3 വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും  തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.

പരിശീലനം നേടണം

ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാർ അടങ്ങുന്ന ഒരു സമിതി സന്ദർശിച്ചു വിലയിരുത്തിയ ശേഷം ആയിരിക്കും അവ ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. അതിനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് അതാതു ജില്ലാ തലത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകും. ഒരു രണ്ടംഗ കുടുംബത്തിനു പോലും 30 പേർക്കെങ്കിലും കേരളീയ ഭക്ഷണം തയാറാക്കി നൽകാനും അതിലൂടെ സുസ്ഥിരമായ ഒരു വരുമാനം കണ്ടെത്താനുമാവും. എന്നാൽ എങ്ങനെ ഇതു ചെയ്യണം എന്ന കാര്യം സംരംഭകർക്ക്  വിശദീകരിച്ചു കൊടുക്കും. ഇതിനു വേണ്ടി വരുന്ന മുതൽ മുടക്കിന്റെ ഏകദേശ ചിത്രവും അവർക്ക് നൽകും.  അതിനു ശേഷം വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനായി ഒരു മാസത്തെ സമയവും നൽകും. ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്ന യൂണിറ്റുകൾക്കു ശുചിമുറി സൗകര്യം നിർബന്ധം. അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷൻ, ഫോട്ടോ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തും.

റജിസ്ട്രേഷൻ ചെയ്യാം

റജിസ്ട്രേഷന് താൽപര്യമുള്ള വീട്ടമ്മമാർക്കും കുടുംബങ്ങൾക്കും ജൂലൈ 25 നു മുൻപായി സംസ്ഥാന ടൂറിസം വകുപ്പിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസിലോ അതതു ജില്ലാ ടൂറിസം ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ല ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസുകളിലോ റജിസ്റ്റർ ചെയ്യാം. അംഗീകൃത ഹോം സ്റ്റേകൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. rt@keralatourism.org  എന്ന വിലാസത്തിൽ ഇ മെയിൽ അയച്ചാൽ വിശദ വിവരങ്ങൾ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com