ADVERTISEMENT

മൂന്നു നേരം പ്രധാന ഭക്ഷണവും രണ്ട് ഇടനേരങ്ങളിൽ സ്നാക്സും കഴിക്കുന്നവരാണ് മലയാളികൾ. ‘മൂക്കുമുട്ടെ തിന്നുക’ എന്നല്ല, മറിച്ച് ഭക്ഷണത്തിൽ ‘മൂക്കുംകുത്തി  വീഴുക’യെന്നാണ് മലയാളിയുടെ ഭക്ഷണശീലത്തെ വിശേഷിപ്പിക്കേണ്ടത്.

മാംസാഹാരമില്ലാതെ ശരാശരി മലയാളിക്ക് ഒരു ദിവസം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ പണ്ടുകാലത്ത് ഏതു മലയാളിയാണ് മൂന്നുനേരവും മാംസാഹാരം കഴിച്ചിരുന്നത്? കഴിക്കാൻ മൂന്നു നേരം അരിയാഹാരം ലഭിച്ചിരുന്നവർതന്നെ വിരളമായിരുന്നു.

എന്നാൽ ആദിമഗോത്ര ജനത തങ്ങളുടെ ജീവിതത്തിൽ ഇലകൾക്കും പഴങ്ങൾക്കുംകൊടുക്കുന്ന അതേ പ്രാധാന്യം  മാംസാഹാരത്തിനും കൊടുത്തിരുന്നു. ഹോർമോൺ കുത്തിവച്ചു വളർത്തിയെടുത്ത കോഴിയല്ല അവർ മാംസാഹാരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങൾക്കു ചുറ്റുമുള്ള പ്രകൃതിയിൽനിന്ന് പിടികൂടുന്ന ജീവികളുടെ ഇറച്ചിയാണ് അവർ കഴിച്ചിരുന്നത്.ഭക്ഷണരീതികളിൽ‍ ഏറെ വൈചിത്രമുള്ള ഊരാളിക്കുറുമർ ‘ബാട്’ എന്നാണ് ഇറച്ചിവിഭവങ്ങളെ വിളിച്ചിരുന്നത്. ചുട്ടു തിന്നുന്നവ, വേവിച്ചു തിന്നുന്നവ എന്നിങ്ങനെ രണ്ടു തരം ‘ബാട്’ ഉണ്ട്. പുണുകു, ഹെന്തി, കൂരൻ,  കടവെ, മൊലെ, ഹാറ,  കേള്, ചാരക,ള്ളല് തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചിയാണ് ഏറെ പ്രിയങ്കരം. ഇത് ഏതുതരം ജീവികളാണെന്ന് പുതിയ തലമുറയിൽ പലർക്കും ഒരു പിടിയുമില്ല. ആമ, ഞണ്ട്, പെരുച്ചാഴി, കാട്ടുകോഴി തുടങ്ങിയവയെ കിട്ടിയാൽ ഊരാളിക്കുറുമർക്ക് വായിൽ വെള്ളം വരും.

കാസർകോട് ജില്ലിലെ വിവിധ ഭാഗങ്ങളിലുള്ള മാവിലർ പ്രത്യേകതയുള്ള ഭക്ഷണക്രമം പിൻതുടരുന്നവരാണ്. ഇവർക്കു സമാനമായ ഭക്ഷണരീതിയുള്ളവരാണ് മലപ്പുറത്തിന്റെ കിഴക്കൻമേഖലയിലുള്ള അരനാടർ. പെരുമ്പാമ്പിന്റെ ‘ബാട്’ ഏറെയിഷ്ടമുള്ള വിഭാഗക്കാരാണ്  ഇവർ. പെരുമ്പാമ്പിന്റെ ശരീരത്തിൽ കട്ടിനെയ്യുണ്ട്. ഇതു മാറ്റിയ ശേഷമാണ് ഇറച്ചിയെടുത്ത് വേവിച്ചു കഴിക്കുക. ഈ ബാടിന് ഔഷധഗുണമുണ്ടെന്നാണ്  വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com