ADVERTISEMENT

സിംഗപ്പൂരിന്റെ ദേശീയ ഭക്ഷണമെന്നു വിലയിരുത്തപ്പെടുന്ന വിഭവമാണ് ഹൈനാനിസ് ചിക്കൻ ചോർ. ദക്ഷിണ ചൈനയിലെ ഹൈനാനിൽ നിന്നു നൂറ്റാണ്ടുകൾക്കു മുൻപ് സിംഗപ്പൂരിലേക്കു കുടിയേറിവരാണ് ഈ വിഭവം സിംഗപ്പൂരിന്റെ നാവിൽ ചേർത്തു വച്ചത്. ഹൈനാനിൽ നിന്നു കടമെടുത്ത വിഭവത്തെ സിംഗപ്പൂരുകാർ ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമാക്കി. 

പ്രായമുള്ള പക്ഷികളുടെയും പന്നിയുടെയും എല്ല് ഈ വിഭവത്തിന് ഹൈനാൻ ദേശക്കാർ ഉപയോഗിച്ചിരുന്നു. എന്നാൽ സിംഗപ്പൂരിൽ എത്തിയപ്പോൾ ചിക്കൻ മാത്രമായി ഇതിലെ നായകൻ. ചോറും ചിക്കൻ വേവിച്ചതും മുളകു സോസും വെള്ളരിക്കയും അകമ്പടി ചേർത്തു വിളമ്പുന്നതാണ് സിംഗപ്പൂരിലെ ഹൈനാനിസ് ചിക്കൻ ചോർ. സമൂഹത്തിലെ താഴെക്കിടയിലുള്ളവരിൽ നിന്നാണ് ഈ വിഭവം വളർന്നുവന്നത്. മിതത്വമാണ് ഹൈനാനിസ് ചിക്കൻ ചോറിന്റെ പ്രത്യേകത. 

പ്രായം കുറഞ്ഞ കോഴിയാണ് വിഭവത്തിനായി ഉപയോഗിക്കുന്നത്. ആദ്യം കോഴിയെ ‘ശരിപ്പെടുത്തി’ ചൂടുവെള്ളത്തിൽ വേവിച്ചെടുക്കുന്നു. ശേഷം ഇറച്ചിക്കു മൃദുത്വം കിട്ടാൻ കഷണങ്ങളാക്കി തണുത്ത വെള്ളത്തിൽ കുതിർത്ത് അൽപ നേരംകൂടി വയ്ക്കും. 

ചോറ് വേവിക്കുന്നത് ചിക്കൻ നെയ് ചേർത്താണ്. രുചികൂട്ടാൻ മനോധർമം അനുസരിച്ച് ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ചേരുവകളും പലരും ചേർക്കുന്നു. എണ്ണ നന്നായി പുറത്തു പുരണ്ടിരിക്കുന്ന ചോറിനു മുകളിൽ, പുഴുങ്ങിയ ചിക്കൻ കഷണങ്ങൾ വച്ച് വിളമ്പാം. വിവിധ തരം സോസുകളും തരാതരംപോലെ രുചിയേറ്റാൻ ഒപ്പമുണ്ടാകും.

പുഴുങ്ങിയ ചിക്കനു പകരം സോയ സോസിൽ റോസ്റ്റ് ചെയ്ത ചിക്കനും ഈ വിഭവത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. മസാലകളിൽ കരവിരുതു കാണിച്ച് ഹൈനാനിസ് ചിക്കൻ ചോറിൽ ഒട്ടേറെ വൈവിധ്യങ്ങളും ഇപ്പോൾ വിളമ്പുന്നു. മലേഷ്യയും സിംഗപ്പൂരും രണ്ടു രാജ്യങ്ങളായതോടെ 1965ൽ ഹൈനാനിസ് ചിക്കൻ ചോറിന്റെ പൗരത്വം സംബന്ധിച്ച് രാഷ്ട്രീയ തർക്കം പോലും ഉണ്ടായി. 

സിഎൻഎൻ പുറത്തിറക്കിയ ലോകത്തെ മികച്ച 50 വിഭവങ്ങളുടെ പട്ടികയിൽ ഹൈനാനിസ് ചിക്കൻ ചോർ ഇടം പിടിച്ചിട്ടു‌ണ്ട്.

English Summary: Hainanese chicken rice is a dish of poached chicken and seasoned rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com