ADVERTISEMENT

സൂപ്പർ മാർക്കറ്റിൽ ക്യൂ നിന്നു വാങ്ങിയ 4 കിലോ മുന്തിരിയും 3 കിലോ പഞ്ചസാരയും ഇൗസ്റ്റും ചേർത്ത് ഒരാഴ്ച മുൻപ് ഭരണിയിൽ കലക്കി വച്ച ആന്റി ചോദിക്കുകയാണ് ‘‘ഇതിപ്പം കളയണോ അതോ വച്ചേക്കണോ?’’ ചോദ്യം ന്യായം. കാരണം, എക്സൈസുകാർ പറയുന്നു ‘‘വീട്ടിൽ വീഞ്ഞുണ്ടാക്കിയാൽ പിടിച്ച് അകത്തിടും’’. എന്നാൽ, മന്ത്രി പറയുന്നു ‘‘വീര്യമില്ലാത്ത വീഞ്ഞ് ധൈര്യമായി വീട്ടിലുണ്ടാക്കിക്കോളൂ. ആരും തൊടില്ല’’. 

വീര്യമുള്ള വീഞ്ഞേത്, വീര്യമില്ലാത്ത വീഞ്ഞേത് എന്നു കണ്ടെത്താൻ കഴിയാതെ ഉഴറുകയാണ് ക്രിസ്മസിനു പൊട്ടിക്കാനായി മുന്തിരി നിറച്ച് ഭരണിയിൽ കെട്ടിയടച്ചു വച്ചിരിക്കുന്ന വീട്ടമ്മമാരും വീട്ടച്ഛൻമാരും. 

വീര്യമില്ലാത്ത വീഞ്ഞുണ്ടോ എന്നു ചോദിച്ചപ്പോൾ ഒൗദ്യോഗികമായി പ്രതികരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്കും മടി. മന്ത്രി പറഞ്ഞതിനപ്പുറം പറഞ്ഞാൽ പണികിട്ടുമോ എന്നതാണു ഇൗ മടിക്കും പേ‍ടിക്കും കാരണം. എന്നാൽ ഒരുദ്യോഗസ്ഥൻ അനൗദ്യോഗികമായി കാര്യം പറഞ്ഞു തന്നു. അതിങ്ങനെ: ‘‘ലഹരിയില്ലാത്ത വീഞ്ഞില്ല. പഴങ്ങൾ ഇൗസ്റ്റിന്റെ സഹായത്തോടെ പുളിപ്പിക്കുമ്പോഴാണ് വീഞ്ഞുണ്ടാകുന്നത്. ആ വീഞ്ഞിനു ലഹരിയുണ്ടാകും. വീഞ്ഞുണ്ടാക്കിക്കഴിഞ്ഞ് എത്രകാലം കുപ്പിയിൽ വച്ചിരിക്കുന്നുവോ അത്രത്തോളം വീര്യം കൂടുകയും ചെയ്യും.’’

വീട്ടിൽ വീഞ്ഞുണ്ടാക്കിയാൽ കള്ള വാറ്റ് ആകുമോ? 
വീഞ്ഞുണ്ടാക്കുന്നതു നിയമവിരുദ്ധവുമാണ്. എന്നാൽ, കാലാകാലങ്ങളായി വീടുകളിൽ ക്രിസ്മസിനോട് അനുബന്ധിച്ച് വീഞ്ഞുണ്ടാക്കുന്ന കുടുംബങ്ങളുണ്ട്. അതു കണ്ടില്ലെന്നു നടിക്കുകയാണ് എക്സൈസ് ചെയ്യുക. ആണ്ടിലൊരിക്കൽ മാത്രം മതപരമായ ആഘോഷത്തിനായി വീട്ടിൽ വീഞ്ഞുണ്ടാക്കുന്നതിനെ കള്ളവാറ്റ് കേസായി കാണില്ല. എന്നാൽ, വൻതോതിൽ വീഞ്ഞുണ്ടാക്കി കച്ചവടം നടത്തിയാൽ എക്സൈസ് ഇടപെടും. വീഞ്ഞിനെയും ആളെയും കസ്റ്റഡിയിലെടുത്ത് അകത്തിടും. സാമൂഹിക മാധ്യമങ്ങളിൽ വീഞ്ഞുണ്ടാക്കൽ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾക്കു മേലും എക്സൈസ് നടപടിയെടുക്കും. 

എന്നുവച്ചു നാളെ മുതൽ ഈ പണി തുടങ്ങല്ലേ...!
വീട്ടിൽ വീഞ്ഞുണ്ടാക്കിയാൽ എക്സൈസുകാർ പിടിക്കില്ലെന്നു കരുതി നാളെ മുതൽ വീഞ്ഞുണ്ടാക്കിക്കളയാമെന്ന് എല്ലാവരും ധരിക്കരുത്. കാരണം, അതു ചായ ഉണ്ടാക്കുംപോലെ നിസ്സാരമായി ചെയ്യാവുന്ന പണിയല്ല. വളരെ സൂക്ഷിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ നല്ല വീഞ്ഞു കിട്ടൂ. തണുപ്പുള്ള ക്രിസ്മസ് സീസൺ തന്നെ വേണം വീഞ്ഞുണ്ടാക്കാൻ. ക്രിസ്മസിനു വീഞ്ഞു വേണമെങ്കിൽ നവംബറിലേ പ്ലാനിങ് തുടങ്ങണം. 

വീഞ്ഞ് ഉണ്ടാക്കുന്ന വിധം (ഓവറാക്കി ചളമാക്കരുത്  ! 
2 കിലോ മുന്തിരി, ഒന്നര കിലോ പഞ്ചസാര, ഒരു മുട്ടയുടെ വെള്ള, ഒരു പിടി ഗോതമ്പ്, ഓരോ ടീസ്പൂൺ ഗ്രാമ്പൂവും കറുവാപ്പട്ടയും, ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ ഇൗസ്റ്റ്, 3 ലീറ്റർ തിളപ്പിച്ച ശേഷം തണുപ്പിച്ച വെള്ളം എന്നിവയാണ് മുന്തിരി വീഞ്ഞിന്റെ ചേരുവകൾ. മുന്തിരി, ഞെട്ടിൽ നിന്നടർത്തി നല്ലവണ്ണം കഴുകി ഇൗർപ്പം മാറിയ ശേഷം വേണം ഭരണിയിൽ നിറയ്ക്കാൻ. ഭരണി കഴുകി ഉണക്കിയിരിക്കണം. ഭരണിക്കുള്ളിൽ മുന്തിരിയിട്ട ശേഷം കൈകൊണ്ടു നന്നായി ഞെരടുക. പിന്നെ ബാക്കിയെല്ലാ ചേരുവകളും ചേർത്ത ശേഷം ഭരണി അടയ്ക്കുക. തുണി കൊണ്ടു മൂടിക്കെട്ടുകയും വേണം. ഓരോ ദിവസവും മൂടി തുറന്ന് തടിയോ ചിരട്ടത്തവിയോ കൊണ്ട് പതിയെ  ഇളക്കുക. അങ്ങനെ 20 ദിവസം . 21-ാം ദിവസം വീഞ്ഞ് തുണി കൊണ്ട് അരിച്ചെടുക്കാം. നിറം പോരെങ്കിൽ പഞ്ചസാര കരിച്ചു ചേർക്കാം. തുടർന്ന് കുപ്പിയിലടച്ചു സൂക്ഷിക്കാം.  ആവശ്യമുള്ളപ്പോൾ അകത്താക്കാം. ഓവറാക്കി ചളമാക്കരുത്.

English Summary: How To Make Wine At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com