ADVERTISEMENT

ഏറെ മധുരം കഴിക്കുന്നവരാണ് പോർച്ചുഗീസുകാർ. അവിടത്തെ തെരുവുകൾക്കു പോലും മധുരഗന്ധമാണ്. തെരുവോര ഭക്ഷണശാലകളിൽ മധുരപലഹാരങ്ങൾ നിരന്നിരുന്നു ക്ഷണിക്കുന്നു. 

എത്ര മധുരം കഴിച്ചാലും പോർച്ചുഗീസുകാരുടെ പല്ലുകൾ പിണങ്ങില്ലേയെന്ന് അദ്ഭുതം തോന്നും അന്യനാട്ടുകാർക്ക്. അതിൽ തന്നെ താരമാണ് ചരിത്ര പ്രധാനിയായ പസ്റ്റേൽ ദേ നറ്റ എന്ന വിഭവം. മുട്ട ചേർത്ത മധുര പലഹാരമാണിത്. 

ലിസ്ബണിലെ ബലേമിൽ ചരിത്രപ്രസിദ്ധമായ ജെറോണിമോസ് മൊണാസ്ട്രിയിലാണ് 300 വർഷം മുൻപ് ഈ പലഹാരം ജന്മം കൊള്ളുന്നത്. അന്ന് ആശ്രമമായിരുന്ന ഇവിടെ വസിച്ചിരുന്ന സന്യാസികൾ തുണിയിൽ പശ മുക്കാൻ ഉപയോഗിച്ചിരുന്നത് മുട്ടയുടെ വെള്ളയായിരുന്നു. ബാക്കിയായ മുട്ടയുടെ മഞ്ഞ എന്തു ചെയ്യുമെന്നായി അവരുടെ ചിന്ത. അങ്ങനെ അവർ കണ്ടെത്തിയ ബദൽ മാർഗമായിരുന്നു മുട്ടമഞ്ഞ ഉപയോഗിച്ചുള്ള മധുരപലഹാര നിർമാണം. 

പിന്നീട് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആശ്രമം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടപ്പോൾ സന്യാസിമാർ ഈ പലഹാരം വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. 1834ൽ ആശ്രമം പൂട്ടിയതോടെ ഈ വിഭവത്തിന്റെ യഥാർഥ രുചിക്കൂട്ട് ഒരു പഞ്ചസാര ഫാക്ടറിക്ക് സന്യാസിമാർ കൈമാറി. 1837ൽ ഫാക്ടറി ഈ മധുരപലഹാരം വിൽക്കാനായി ലിസ്ബണിലെ ബലെമിൽ ഒരു ബേക്കറി തുറന്നു. 

പോർച്ചുഗലിലെ ഏറ്റവും രുചികരമായ പസ്റ്റേൽ ദേ നറ്റ ഇപ്പോഴും വിൽക്കുന്നത് ജെറോണിമോസ് മൊണാസ്ട്രിക്കു സമീപമുള്ള ഇവരുടെ ബേക്കറിയിലാണ്. ഇവിടത്തെ ഈ വിഭവത്തിന്റെ പേര് പക്ഷേ പസ്റ്റേൽ ദേ ബലേം എന്നാണെന്നു മാത്രം.

മുട്ട മുഖ്യ ചേരുവചേർത്ത പേസ്ട്രിയാണ് പസ്റ്റേൽ ദേ നറ്റ. പുറം തോട് കറുമുറാന്ന് കടിച്ചെടുക്കാം. അകത്തേക്കു ചെല്ലുമ്പോൾ പൂവിതൾ പോലെ മൃദുലം.പോർച്ചുഗലിലെ വിവിധ ഭാഗങ്ങളിലും വിവിധ ബേക്കറികളിലും തയാറാക്കുന്ന പസ്റ്റേൽ ദേ നറ്റയ്ക്ക് പല വകഭേദങ്ങളുമുണ്ട്. ചേരുവകൾ കുറവെങ്കിലും പസ്റ്റേൽ ദേ നറ്റ ഉണ്ടാക്കുക അൽപം ശ്രമകരമാണ്.

English Summary: Pastel de nata, Portuguese Pastries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com