ADVERTISEMENT
kacheripadi-cafe2
ഇരിങ്ങാലക്കുട കച്ചേരിവളപ്പിലെ കച്ചേരി കഫേ

രാജഭരണകാലത്ത്  കുറ്റവിചാരണയും  വിധിയും  മുഴങ്ങിക്കേട്ട കൂടൽമാണിക്യം കച്ചേരിവളപ്പിലെ കെട്ടിടങ്ങൾ മാറ്റത്തിലേക്ക്. പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ കെട്ടിടങ്ങൾ നവീകരിക്കുകയാണ്. കൊച്ചിരാജ്യത്തു നിലവിൽ വന്ന രണ്ടാമത്തെ കോടതിയെന്നു പേരുകേട്ട ഇരിങ്ങാലക്കുട കച്ചേരിവളപ്പിൽ പ്രധാനകെട്ടിടത്തിൽ ഇപ്പോഴും മജിസ്ട്രേട്ട് കോടതി പ്രവർത്തിക്കുന്നുണ്ട്. പഴയ പ്രതാപകാലത്തിന്റെ അടയാളമായി ഇതിനു മുന്നിൽ കൊച്ചി രാജ്യത്തിന്റെ മുദ്ര ഇപ്പോഴും കാണാം. കച്ചേരിവളപ്പിലെ കെട്ടിടങ്ങളിലൊന്ന് ഇതാ പഴയ പ്രതാപകാലത്തിന്റെ കഥപറയുന്ന കോഫിഷോപ്പ് ആയിരിക്കുന്നു. 1927ലും 1929ലുമായി വന്ന രണ്ടുകെട്ടിടങ്ങളാണു മുഖം മാറുന്നത്. ഒരു വശത്തെ കെട്ടിടം ഫർണിച്ചർ ഷോപ്പായും മാറിയിട്ടുണ്ട്.

kacheripadi-cafe3
സാക്ഷിക്കൂടു പോലെ കാഷ് കൗണ്ടർ, കച്ചേരിക്കാലത്തേ രാജകീയ കസേര

കച്ചേരി കഫേ
1927ൽനിർമിച്ച കെട്ടിടം ഇനി രുചി വൈവിധ്യങ്ങളുടെ കഫേ. കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടു കിട്ടിയ കച്ചേരി വളപ്പിലെ പൈതൃക കെട്ടിടങ്ങളിൽ ഒന്നിലാണ് ആധുനികതയും പഴമയും സമന്വയിപ്പിച്ച് കഫേ ആരംഭിച്ചിരിക്കുന്നത്.  ലക്ഷ്മി ഗ്രൂപ്പ് കുടുംബാംഗം കൂടിയായ വള്ളിവട്ടം പൂവ്വത്തുംകടവ് സ്വദേശി ആദർശാണ് ദേവസ്വത്തിൽ നിന്ന് കെട്ടിടം വാടകയ്ക്ക് എടുത്ത് കഫേ ആരംഭിച്ചിരിക്കുന്നത്. നാടൻ കഞ്ഞി മുതൽ  ഫ്യൂഷൻ വിഭവങ്ങൾ വരെ ഇവിടെ ഒരുക്കുമെന്ന് ആദർശ് പറഞ്ഞു. 

സാക്ഷിക്കൂട് 
പഴയകാല തറയോടുകളും ഇരുവരി മോലോടുകളും ഉപയോഗിച്ചും ചെങ്കല്ലുകൾ ചെത്തി മിനുക്കി പ്ലാസ്റ്റർ ചെയ്തുമാണ് കെട്ടിടം നവീകരിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായ ഇന്റിരീയൽ ഡിസൈനർ ശ്രീജിത്ത് മേനോനാണു ഡിസൈൻ ചെയ്തത്. സർക്കാർ ഓഫിസുകളിൽ നിന്നു ലേലം ചെയ്തെടുത്ത നെയ്ത്തു കസേരകളും മേശകളും മിനുക്കിയാണ് കഫേയിൽ ഉപയോഗിച്ചിരിക്കുന്നത്. കോടതിയെ ഓർമിപ്പിക്കും വിധം സാക്ഷിക്കൂടിന്റെ മാതൃകയിലുള്ള കാഷ് കൗണ്ടറും ആദ്യകാല വാൽവ് റേഡിയോയും കോടതി ചരിത്രം വിവരിക്കുന്ന ചുമരെഴുത്തുകളും ബ്രിട്ടിഷ് കാലത്തെ ഓർമിപ്പിക്കുന്ന സ്ഫടിക വിളക്കുകളും കഫേയിൽ വ്യത്യസ്തമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ കച്ചേരി വളപ്പിലെ മറ്റ് കെട്ടിടങ്ങളും തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന  ആവശ്യം  ഉയരുന്നുണ്ട്. 

കച്ചേരിക്കാലത്തേ രാജകീയ കസേര
ആദ്യകാലത്ത് ഇരിങ്ങാലക്കുടയിൽ  എത്തിയ പ്രമുഖരെ സ്വീകരിച്ചിരുത്തിയിരുന്ന  രാജകീയ കസേരയും കഫേയുടെ നടുത്തളത്തിൽ പ്രദർശിപ്പിച്ചുണ്ട്. കൂടൽമാണിക്യം ദേവസ്വത്തിൽ നിന്നു ലേലത്തിൽ വാടകയ്ക്ക് എടുത്തതാണ് കസേര. രാഷ്ട്രീയ പ്രമുഖർ, മത–സാംസ്കാരിക നേതാക്കൻമാർ, കലാകാരൻമാർ തുടങ്ങിയവർ ഇരിങ്ങാലക്കുട സന്ദർശിച്ചപ്പോൾ ഇരിക്കാൻ ഉപയോഗിച്ചതാണ് ഇൗ കസേര. ഡോ. വി.പി.പങ്കജാക്ഷൻ തന്റെ മരക്കമ്പനിയിൽ വീട്ടിത്തടിയിൽ നിർമിച്ച കസേരയിൽ പിച്ചള ചിത്രവേലകളുമുണ്ട്..

English Summary: Kacheri Cafe in Irinjalakuda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com