ADVERTISEMENT

ചാവക്കാട് ഒരുമനയൂർക്കാർ അബ്ദു മുംബൈയിലേക്കു പോയതു എന്തെങ്കിലും പണി തേടിയാണ്. ചായക്കാരനായി തുടങ്ങിയ അബ്ദു പിന്നീടു മകൻ അബ്ദുല്ലയെയും മുംബൈയിലേക്കു കൊണ്ടുപോയി. 15 വർഷം മുൻപുവരെ വീനസ് എന്ന ഹോട്ടൽ മുംബൈയിൽ പലയിടത്തായി നടത്തിയതു ഇവരാണ്.

spoon-foodjpg
ചിത്രം : ജിജോ ജോൺ

ഇതിനിടയിൽ കുന്നംകുളത്തു 60 വർഷം മുൻപു ഇവർ തന്നെയൊരു ഹോട്ടൽ തുറന്നു. ഗുരുവായൂർ റോഡിലെ ബ്രൈറ്റ് ഹോട്ടൽ. മട്ടൻ ബിരിയാണിയും ചാപ്സും കുന്നംകുളത്തുകാരെ കഴിക്കാൻ പഠിപ്പിച്ചതു അബ്ദുല്ലയാണ്. വെജിറ്റേറിയന‌് റീഗലും നോണിന‌് ബ്രൈറ്റും എന്നാണു കുന്നംകുത്തുകാർ പറഞ്ഞിരുന്നത്.

അബ്ദുല്ലയുടെ മകൻ പി.എം അമീറിനും ഏറെ ഇഷ്ടം ബിരിയാണിയോടായിരുന്നു. ആഴ്ചയിലൊരിക്കൽ മട്ടൻ ബിരിയാണിയും ഗോൾഡ് സ്പോട്ടും കഴിച്ചിരുന്ന കുട്ടിക്കാലം. വളർന്നപ്പോൾ 14 വർഷം മുൻപു തൃശൂരിൽ ബന്ധുവിന്റെ സഹകരണത്തോടെ ചെറിയൊരു റസ്റ്ററന്റ് തുറന്നു, സ്പൂൺ. അതിനു ശേഷം എംജി റോഡിൽ വലിയ റസ്റ്ററന്റും.ഇന്നും ബിരിയാണിയാണു എംജി റോഡ് സ്പൂണിന്റെ സ്വന്തം സ്വാദ്.ഇന്ത്യൻ,കോൺടിനന്ററൽ വിഭവങ്ങളിലേക്കു വളർന്നുവെന്നതു വേറെകാര്യം. കോഴിക്കോട്ടു നിന്നു കൊണ്ടുവരുന്ന കൈമ അരി കൊണ്ടാണു ഇന്നും ബിരിയാണിയുണ്ടാക്കുന്നത്. നാടൻ കൈമയ്ക്കു പ്രത്യേക മണമുണ്ട്. അതുതന്നെയാണു ബിരിയാണിയുടെ സുഗന്ധവും. നാടൻ ദം ബിരിയാണി മാത്രമേ ഉണ്ടാക്കുകയുള്ളു. നാടൻ രീതിയിൽ വച്ചു പഠിച്ചവരാണു ഇന്നും ബിരിയാണിയുണ്ടാക്കുന്നത്.

ഉച്ചയാണു ബിരിയാണിനേരം. ഉച്ചയ്ക്ക് മിക്കവരും വരുന്നതു ബിരിയാണിക്കും ഫിഷ് കറി മീൽസിലും വേണ്ടിയാണ്.നെയ്മീനും കരിമീനും വെളുത്ത ആവോലിയും മാത്രമേ വാങ്ങൂ. ഐസിലിട്ട മീൻ എടുക്കാറില്ല. കാലത്തു പിടിച്ച മീൻ ഉച്ചയോടെ മേശയിലെത്തും. നാടൻ മലബാർ മീൻകറിയുടെ രുചിക്കു വേണ്ടിയാണു പലരും വരുന്നതുതന്നെ. കറിയിലെ മീൻ കഷ്ണം തൊടുമ്പോൾതന്നെ അതിന്റെ ഫ്രഷ്നസ് അറിയാം. നല്ല മസാലഅരവു കൂടിയാകുമ്പോൾ മീൻകറിയെ അറിയാതെ ഇഷ്ടപ്പെട്ടു പോകും.

സ്പൂൺ വളർന്നതോടെ വിഭവങ്ങളും കൂടി. തവയിൽ മൊരിച്ചെടുക്കുന്ന ചിക്കൻ സ്റ്റീക്കായ യാക്കിടുറി സ്റ്റീക്ക് ശരിക്കും വിദേശി തന്നെ. എന്നാൽ കോഴി കാന്താരി തവ എരിവുവേണ്ടവർക്കുള്ള നാടൻ നമ്പറാണ്. തവയിലുണ്ടാക്കുന്ന ഈ വിഭവങ്ങളിൽ എണ്ണയുടെ അംശം കുറവായിരിക്കും. തന്തൂരിയോട് അടുത്തു നിൽക്കുന്ന സ്വാദുണ്ടുതാനും.ഇതിനോടൊപ്പം നിൽകുന്നതായി തോന്നിയതു ബീഫ് ഇടിച്ചതാണ്. കറിവേപ്പിലയുടെ സ്വാദുകൂടിയാകുമ്പോൾ ബീഫിനു രുചിഗാംഭീര്യം കൂടും.

നല്ല സ്ക്വിഡ് (കൂന്തൾ) കിട്ടുന്ന ദിവസമാണെങ്കിൽ ഇവിടെ തവയിൽ കാന്താരിയിട്ടു സ്ക്വിഡ് വറുത്തുതരും. നാടൻ ചെറുമീൻ തിന്നുന്ന സ്വാദാണിതിന്.രുചിയോടെ കൊറിച്ചുകൊണ്ടിരിക്കാവുന്നൊരു വിഭവം. അല്ലെങ്കിൽ പൊറോട്ടയിൽ പൊതിഞ്ഞു കഴിക്കാവുന്നത്. ബട്ടർ സോസും നാരങ്ങാനീരും ചേർന്നു ഗ്രിൽ ചെയ്യുന്ന ലെമൻ ഗ്രിൽ ഫിഷിനു നാടനും ഗ്രില്ലും ചേർന്നുള്ള രുചിയാണ്. ഗ്രില്ലിന്റെ കൃത്യമായ വേവ് മീനിന്റെ രുചിയെ പുതിയൊരു തലത്തിലെത്തിക്കുന്നതുപോലെ തോന്നി.

ഇതൊരു സെമി പ്രീമിയം റസ്റ്ററന്റാണ്– വർഷങ്ങളായി രുചിയുടെ കൂടെ നടന്നൊരു കുടുംബത്തിലെ പുതിയ തലമുറ പഴയതും പുതിയതുമായ രുചിയെ കൂടെ നടത്തുന്ന സ്ഥലം.

English Summary: Spoon Restaurant in Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com