ADVERTISEMENT

മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ലോറന്‍സോ സാന്‍സ്, തിരക്കഥാകൃത്ത് ടെറന്‍സ് മക്‌നാളി.. ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മനു ഡിബാഗോ, ബുര്‍കിനോ ഫാസോ വൈസ് പ്രസിഡന്റ് റോസ് മേരി കോംപോര്‍..നോവല്‍ കൊറോണ വൈറസ് കവര്‍ന്നെടുത്ത പ്രമുഖരുടെ പട്ടികയിലേക്ക്  പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ഷെഫായ ഫ്‌ളോയിഡ് കാര്‍ഡോസും. മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റുകളായ ബോംബേ കാന്റീനിന്റെയും ഒ പെഡ്രോയുടെയും ബോംബേ സ്വീറ്റ് ഷോപ്പിന്റെയും സഹ ഉടമയാണ് ഫ്‌ളോയിഡ്. 

മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഫ്‌ളോയ്ഡ് ബയോകെമിസ്ട്രിയാണ് പഠിച്ചതെങ്കിലും തന്റെ ശരിയായ അഭിനിവേശം പാചകത്തിലാണെന്ന് മനസിലാക്കി ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇന്ത്യയിലെയും സ്വിറ്റ്‌സര്‍ലാന്‍ഡിലെയും കളിനറി പഠനത്തിന് ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലെത്തി. വിഖ്യാത ഷെഫ് േ്രഗ കുന്‍സിനൊപ്പം ലെസ്പിനാസെയില്‍ ഷെഫ് ജോലി ആരംഭിച്ചു.  

1997ല്‍ ഡാനി മേയറോടൊപ്പം തബല എന്ന പേരില്‍ ഒരു റസ്റ്ററന്റ് ന്യൂയോര്‍ക്കിൽ ആരംഭിച്ചതോടെയാണ് ഫ്‌ളോയ്ഡ് പ്രശസ്തിയിലേക്ക് ഉയരുന്നത്. 2012ല്‍ നോര്‍ത്ത് എന്‍ഡ് ഗ്രില്‍, 2014ല്‍ വൈറ്റ് സ്ട്രീറ്റ് തുടങ്ങിയ റെസ്റ്ററന്റുകള്‍ അമേരിക്കയില്‍ ആരംഭിച്ചു. 2011ല്‍ ഉപ്പുമാവിന്റെ ഒരു വകഭേദം ഉണ്ടാക്കിക്കൊണ്ട് ടോപ് ഷെഫ് മാസ്റ്റേഴ്‌സ് സീസണ്‍ മൂന്ന് റിയാലിറ്റി ഷോയില്‍ അദ്ദേഹം വിജയകിരീടം ചൂടി. 

2016ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബേ കാന്റീൻ തുറക്കുന്നത്. അതേ വര്‍ഷം തന്നെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ രുചികള്‍ക്കായി പാവ് വാല എന്ന റസ്റ്ററന്റും ആരംഭിച്ചു. ഫ്‌ളേവര്‍വാല, വണ്‍ സ്‌പൈസ്, ടൂ സ്‌പൈസ് എന്നീ പാചക പുസ്തകങ്ങളും രചിച്ചു. 

പാചക ലോകം ഞെട്ടലോടെയാണ് ഫ്‌ളോയ്ഡിന്റെ വിയോഗ വാര്‍ത്ത ശ്രവിച്ചത്. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് ഫ്‌ളോയിഡ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെയായിരുന്നു തന്റെ മൂന്നാമത് സംരംഭമായ ബോംബേ സ്വീറ്റ് ഷോപ്പ് ഫ്‌ളോയ്ഡ് ആരംഭിച്ചത്. 

മാര്‍ച്ച് 8 വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. മാര്‍ച്ച് 18ന് ഇട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താന്‍ കൊറോണ ബാധിച്ച് ന്യൂജേഴ്‌സിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം ഫ്‌ളോയ്ഡ് ലോകത്തെ അറിയിക്കുന്നത്. 

ഇന്ത്യ സന്ദര്‍ശന വേളയില്‍ ഫ്‌ളോയ്ഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ റെസ്റ്ററന്റ് നടത്തിപ്പുകാരായ ഹംഗര്‍ ഇന്റര്‍നാഷണല്‍ വ്യക്തിപരമായി ബന്ധപ്പെട്ട് ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിരുന്നു. മുംബൈയിലെ ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ 59 വയസ്സായിരുന്നു ഫ്‌ളോയ്ഡിന്. 

English Summary: Chef Floyd Cardoz, co-owner of Bombay Canteen, dies of Covid-19 in New Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com