ADVERTISEMENT

കയ്യിൽ കിട്ടിയ ഗ്ലാസിൽ പകർന്ന് ഒറ്റ വലിക്ക് കുടിച്ച് വൈൻ എന്ന കവിതയെ ഗദ്യരൂപത്തിൽ അകത്താക്കുന്നതും അതിന്റെ വൃത്തവും അലങ്കാരവും ചമയങ്ങളുമെല്ലാം ആസ്വദിച്ച് മെല്ലെ മെല്ലെ നുകർന്നിറക്കുന്നതും വ്യത്യസ്തമായ അനുഭവങ്ങളാണ്. ഓരോരുത്തരും എങ്ങനെ കുടിക്കുന്നു എന്നതാണ് വൈൻ എന്ന പാനീയത്തെ കലയും കവിതയുമൊക്കെയായി മാറ്റുന്നത്.

റെഡ് വൈൻ, വൈറ്റ് വൈൻ, റോസ് വൈൻ, ഓറഞ്ച് വൈൻ എന്നിങ്ങനെ നിർമാണദശയിൽ മുന്തിരി കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസമനുസരിച്ച് വൈനിന്റെ നിറവും സ്വാദും കടുപ്പവുമൊക്കെ വ്യത്യസ്തമായിരിക്കും. ഓരോ വൈനിന്റെയും സ്വഭാവമറിഞ്ഞു വേണം അവ കുടിക്കാനും.

 

ഇരുണ്ട തൊലിയുള്ള മുന്തിരിയിൽ നിന്നുണ്ടാക്കുന്നതാണ് റെഡ് വൈൻ. മുന്തിരിസത്തും തൊലിയും ഒന്നിച്ചു സംസ്കരിക്കുന്നതുകൊണ്ടാണ് കടുംചുവപ്പു നിറം വരുന്നത്. ഇതിനു വിപരീതമായി മുന്തിരിസത്തും തൊലിയും വെവ്വേറെ സംസ്കരിക്കുന്നതുകൊണ്ടാണ് വൈറ്റ് വൈന് ആ നിറം. വൈൻ സൂക്ഷിക്കുന്ന താപനില അതിന്റെ സ്വാദിനെ സ്വാധീനിക്കും എന്നതിനാൽ ഓരോ തരം വൈനും അതിനു പാകമായ താപനിലയിൽ തന്നെ വിളമ്പുന്നതാണു നല്ലത്.

 

ഓർക്കുക, കോർക്ക് !

15 -20 ഡിഗ്രിസെൽഷ്യസിലാണ് റെഡ് വൈൻഅതിന്റെ എല്ലാ സവിശേഷതകളും നിലനിർത്തുന്നത്. 7 – 12 ഡിഗ്രി സെൽഷ്യസാണ് വൈറ്റ് വൈന് ഉത്തമം. 

 

കുപ്പി തുറക്കുമ്പോഴുള്ള ഗന്ധത്തിൽ നിന്നു തന്നെ വൈനും താപനിലയും തമ്മിലെ ബന്ധം മനസ്സിലാക്കാം. വൈന് ആൽക്കഹോൾ ഗന്ധം കൂടുതലാണെങ്കിൽ അതിനർഥം ചൂട് കൂടുതലാണെന്നാണ്. അൽപം തണുപ്പിച്ച ശേഷമേ കുടിക്കാവൂ. മറിച്ച്, പ്രത്യേകിച്ചൊരു മണവും അനുഭവപ്പെടുന്നില്ലെങ്കിൽ വല്ലാതെ തണുത്തു പോയിരിക്കുന്നു എന്നാണർഥം. തണുപ്പ് മാറ്റിയ ശേഷമേ കുടിക്കാവൂ.

വൈൻകുപ്പിയുടെ കോർക്ക് പരിശോധിച്ചാൽ തന്നെ അകത്തെ വൈൻ ഏതവസ്ഥയിലാണെന്നു മനസ്സിലാക്കാം. ഉദാഹരണത്തിന് വീർത്തിരിക്കുന്ന കോർക്ക് ചൂടു കൂടിയതിന്റെയോ കുപ്പി സീൽ ചെയ്തതിലെ അപാകതയുടെയോ ലക്ഷണമാകാം. 

 

കോർക്ക് തുറക്കാനാകാത്ത വിധം മുറുകിപ്പോയെങ്കിൽ കുപ്പിക്കുള്ളിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ല എന്നാണർഥം. കോർക്ക് കുതിർന്നിരിക്കുകയാണെങ്കിൽ (ഇത് റെഡ് വൈൻ കുപ്പികളിലാണ് സാധാരണ സംഭവിക്കുക) വൈൻ കേടായിരിക്കാൻ സാധ്യതയേറെയാണ്.

 

വാ, വാവട്ടമുള്ള ഗ്ലാസേ..!

അങ്ങനെ എവിടെയെങ്കിലുമൊക്കെ ഒഴിച്ചു കുടിക്കാവുന്ന ഒന്നല്ല വൈൻ. അങ്ങനെ കുടിച്ചാൽ എന്തെങ്കിലുമൊക്കെ സ്വാദേ ഉണ്ടാകൂ. പൂർണതയിൽ ആസ്വദിക്കണമെങ്കിൽ ഓരോ വൈനിനും ചേരുന്ന ഗ്ലാസുകൾ തന്നെ വേണം. വലിയ വാവട്ടവും വലിയ കോപ്പയുമുള്ള (ബൗൾ) വൈൻ ഗ്ലാസുകളാണ് റെഡ് വൈൻ കുടിക്കാൻ വേണ്ടത്. കുടിക്കുമ്പോൾ മൂക്കിൻ തുമ്പു കൂടി ഗ്ലാസിന്റെ വാവട്ടത്തിനുള്ളിലായിരിക്കണം. 

 

റെഡ് വൈൻ നുകരുമ്പോൾ അതിന്റെ സ്വാദറിയണമെങ്കിൽ ഗന്ധവും ഒപ്പം ചേരണം എന്നതാണ് വാവട്ടമുള്ള ഗ്ലാസുകൾ നിഷ്‍കർഷിക്കാൻ കാരണം. യു എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതിയിലുള്ള ഗ്ലാസുകളാണ് വൈറ്റ് വൈൻ കുടിക്കാൻ ഉപയോഗിക്കേണ്ടത്. വൈൻ കൂടുതൽ സമയം അതിന്റെ തണുപ്പ് നിലനിർത്തിക്കൊണ്ടു കുടിക്കാൻ ഈ ആകൃതി സഹായിക്കും.

 

English Summary : The Christmas and New Year celebrations are made extra special by toasting wine to each other's health and happiness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com