ചായകുടിക്ക് സംസാരം മസ്റ്റ്; ചൈനീസ് സംസ്കാരം: ദിവ്യശക്തിയില്ല, ‘എവിടേക്കും’ കൊണ്ടുപോകും ചായ!
Mail This Article
സൻയാത് സെൻ. ചൈനയുടെ ആദ്യ പ്രസിഡന്റ്, തത്വചിന്തകൻ, ഭിഷഗ്വരൻ, കൂമിന്താങ് കക്ഷിയുടെ ആദ്യ നേതാവ്. സെൻ അഥവാ ‘ധ്യാനം’ സ്വന്തം പേരിലുള്ള സൻയാതിന് വാൻകൂവർ നഗരത്തിനു നടുവിൽ ഉചിതമായ ഒരു സ്മാരകമുണ്ട് - ക്ലാസിക്കൽ ചൈനീസ് ഗാർഡൻ. ശരത്കാല നിറങ്ങൾക്ക് പേരുകേട്ട പൂന്തോട്ടം. പോകാനായപ്പോൾ നിറങ്ങളുടെ ഉൽസവം ഏതാണ്ട് തീർന്നിരുന്നു, ശൈത്യം തുടങ്ങി. തോട്ടം ആകർഷണീയമാകാൻ മറ്റൊരു കാരണവുമുണ്ട്. പുരാതനമായ ചൈനീസ് ടീ സെറിമണി, കാലിഗ്രഫി, ചിത്ര പ്രദർശനം. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം അടിസ്ഥാനമാക്കുന്ന താവോയിസത്തിന്റെ സത്ത പ്രതിഫലിക്കുന്ന ചായ കുടിച്ചിട്ടുണ്ടോ? വെറും ചായയല്ല, രൂചിയും, ഒപ്പം ഔഷധ ഗുണങ്ങളും ചേർന്ന ചായ. അഥവാ, മുല്ലപ്പൂമണമുള്ള ഗ്രീൻ ജാസ്മിൻ ടീ! ചൈനീസ് ചായയുടെ ചേരുവകളിലേക്കൊന്നു പോയാലാ? ഒപ്പം തലമുറകൾ കൈമാറിവരുന്ന ചൈനീസ് ചായകുടി സംസ്കാരത്തിലേക്കും! കാനഡയിലെ വാൻകൂവർ നഗരത്തിലെ ചൈനീസ് ഹെറിറ്റേജ് സെന്ററിനുള്ളിൽ കയറിയാൽ ചെറിയൊരു ചൈന തന്നെ. ചൈനക്കാർ കൂട്ടമായി ജീവിച്ചു കച്ചവടം ചെയ്യുന്ന ചൈനടൗണിനു സമീപം.
∙ കാനഡയിലെ ചൈനീസ് ഹെറിറ്റേജ് സെന്റർ
ചൈനാടൗണിന്റെ പൗരസ്ത്യ സ്പർശമുള്ള സിംഹകവാടം കടന്ന്, ചൈനീസ് കടകളുടെ നീണ്ട നിരയും പിന്നിട്ട് എത്തിയത് വെളുത്ത നിറമുള്ള ഒരു മതിൽക്കെട്ടിനു മുന്നിൽ. പുറത്ത് വർണ ഇലകൾ നിറഞ്ഞ ഏതാനും മരങ്ങൾ. തോട്ടത്തിലെ ഇലകൾ പൊഴിഞ്ഞിരിക്കുന്നു. തടാകക്കരയിൽ ധ്യാനപൂർവം ഇരിക്കുന്ന യുവതികളും മധ്യവയസ്‌ക്കകളും. ടിക്കറ്റെടുത്ത് ഞാൻ കെട്ടിടത്തിന്റെ വരാന്തയിലൂടെ നടന്നു. പ്രശാന്തമായ ഇടത്തിന്റെ ഉള്ളിൽ കയറിയപ്പോൾ ഉള്ളം തണുത്തു. മുറികളിൽ പ്രകാശത്തിലേക്ക് തലനീട്ടി വളരുന്ന സസ്യങ്ങൾ. അപൂർവം ചിലർ എതിരെ വരുന്നു. നിശബ്ദതതയെ മുറിച്ച് അവരുടെ പദചലനങ്ങൾ.
പരമ്പരാഗത ചൈനീസ് ശൈലിയിലാണ് കെട്ടിടത്തിന്റെ നിർമാണം. വാസ്തു ശിൽപ്പകലയിൽ പൗരസ്ത്യ മുദ്ര. പത്ത് നൂറ്റാണ്ട് മുൻപ്, താങ് ഗോൾഡൻ ഏജിന്റെ കാലത്ത് കിഴക്കനേഷ്യ മുഴുവൻ വ്യാപിച്ച അതേ വശ്യത. കേരളത്തിലെ നാലുകെട്ടിന് സമാനമായ ഇടമുണ്ട് നടുവിൽ. മേൽക്കൂരയുടെ വളഞ്ഞ മൂലയ്ക്കപ്പുറത്ത് മരങ്ങൾ, പക്ഷികൾ, നീലാകാശം. രണ്ടു മുറികളിലായി ചൈനീസ് ഫർണീച്ചറും പോട്ടറിയും സജ്ജമാണ്. വെളിച്ചം വീഴുമ്പോൾ അവയ്ക്ക് പലവർണം. നിഴലും വെളിച്ചവും ഇടകലർന്ന മുറി. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു ചൈനീസ് പ്രമാണിയുടെ ഭവനത്തിൽ കടന്നു ചെന്നതുപോലെ. ഇവിടെ ഞാൻ ഏകനാണ്. വായിച്ചും ധ്യാനിച്ചും ചായകുടിച്ചും ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തോന്നൽ.
ക്യുറേറ്റർ ലാം വോങ് ഒരു കലാപ്രദർശനം ഒരുക്കിയിട്ടുണ്ട്. കലാകാരന്മാർ: ജോൺ കേജ്- അമേരിക്കൻ കംപോസർ. ആർതർ ഷെങ്- ചൈനീസ് ശിൽപി. ബ്രയാൻ മൾഹിൽ- അമേരിക്കൻ കാലിഗ്രഫർ, ചിക്ക് റൈസ്- ചിത്രകാരൻ, ഫൊട്ടോഗ്രഫർ. ഡോൺ വോങ്- ചൈനീസ് കാലിഗ്രഫർ. അവർ ഇവിടെയില്ല, പക്ഷേ കല അവർക്കു വേണ്ടി സംസാരിക്കുന്നു. ചുമരിൽ കാലിഗ്രഫറുടെ ആന്തരിക ചോദനയുടെ വന്യവും ശാന്തവുമായ ബ്രഷ് സ്ട്രോക്കുകൾ. പ്രത്യക്ഷത്തിൽ ഉജ്ജ്വല കലാസൃഷ്ടി. ആഴത്തിൽ അവ ആത്മീയതയിലേക്ക് തുറന്ന ഒരു ജാലകം. ചാജി (Chaji) എന്നാണ് ഈ പ്രദർശനത്തിന്റെ പേര്. ചാ (Cha) എന്നാൽ ചായ, ചൈനയിലാണ് ആ പാനീയവും വാക്കും ഉത്ഭവിച്ചത്. ജി (Ji) എന്നാൽ ഏകാന്തത, പ്രശാന്തത. നശ്വരമായ സൗന്ദര്യത്തിന്റെ അനുനിമിഷമുള്ള ആസ്വാദനം. വിഷാദവും പ്രശാന്തയും മനസാന്നിധ്യവും അവബോധവും ഉണരുന്ന ആ നിമിഷം.
∙ ചായ, ചൈനയുടെ സംസ്കാരം
രേഖപ്പെടുത്തിയ ചരിത്രപ്രകാരം, ബിസി എട്ടാം നൂറ്റാണ്ട് മുതൽ ചായ ചൈനീസ് സംസ്കാരത്തിന്റെ ഭാഗമാണ്. ചൈനീസ് സ്വാധീനത്താൽ, ബിസി ഒൻപതാം നൂറ്റാണ്ടു മുതൽ ജപ്പാനിലും പ്രചാരത്തിലായി. താവോയിസം, ബുദ്ധിസം, കൺഫ്യൂഷ്യനിസം എന്നീ ജ്ഞാന പാരമ്പര്യങ്ങളിൽ ടീ സെറിമണി, തത്വചിന്ത, സംഗീതം, സാഹിത്യം, ചിത്രകല, ആത്മീയത എന്നിവയെല്ലാം പരസ്പര ബന്ധിതമാണ്. കുടുംബങ്ങളുടെ ഒത്തുചേരൽ, വിവാഹം, സാമൂഹ്യ വ്യവഹാരങ്ങൾ- എന്നിങ്ങനെ ചൈനയിൽ സർവവും ചായമയം. ചായ നിശബ്ദതയുടെ, സൗമ്യതയുടെ, അവധാനതയുടെ പര്യായം. മെല്ലെ ഊറ്റി, മെല്ലെ പാനം ചെയ്യുന്ന അത് പഴമയുടെ പ്രതിനിധി. ഇന്ത്യയിലും അറേബ്യയിലും യൂറോപ്പിലും അമേരിക്കയിലും ചായയുണ്ട്. സാംസ്കാരിക അർഥതലങ്ങൾ വ്യത്യസ്തമാകാം. ചായയുടെ എതിരാളി കോഫി ഇരുപതാം നൂറ്റാണ്ടിൽ ആധുനികനും ശൈലീമന്നനും വേഗത്തിന്റെ പര്യായവുമായി. ഇരുന്ന് കുടിക്കാനോ ആസ്വദിക്കാനോ നേരമില്ല. ബസിലും ട്രെയിനിലും കപ്പ് മറിച്ചിട്ട്, സോറി പോലും പറയാതെ പോകുന്ന അരസികരുടെ മാജിക് പോഷനായി മാറി ആ പാനീയം.
∙ ടീ സെറിമണി
വലിയൊരു മുറിയിലേക്ക് ഞാൻ നടന്നു കയറി. ചിത്രങ്ങൾ, ശിൽപങ്ങൾ, കൊളാഷ്, ഫൊട്ടോ ആർട്ട്, കാലിഗ്രഫി എന്നിവയാൽ നിറഞ്ഞ സ്ഥലം. ചായയിടുന്ന കല ലളിതമാണ്. ലളിതമായ ആനന്ദം വീണ്ടെടുക്കുക. പ്രകൃതിയെ, സഹജരെ വിലമതിക്കുക. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം അടിസ്ഥാനമാക്കുന്ന താവോയിസത്തിന്റെ സത്ത ചായയിൽ പ്രതിഫലിക്കുന്നു. അവർ ചായ തിളപ്പിക്കുമ്പോൾ പൂർണമായും ആ നിമിഷത്തിലാണ്, മറ്റൊന്നും അലട്ടുന്നില്ല.
ചൈനീസ് ഗാർഡനിലെ ടീ ആർട്ടിസ്റ്റും ആതിഥേയയുമായ ലിലിയൻ ലീ ഞങ്ങളെ സ്വാഗതം ചെയ്തു. രണ്ട് മുതിർന്ന ഇംഗ്ലിഷ്- കനേഡിയൻ വനിതകളും ഞാനും. ലിലിയൻ ലീ പരമ്പരാഗത ചൈനീസ് ഔഷധ വൈദ്യന്റെ മകളാണ്. നന്നേ ചെറുപ്പം മുതൽ അച്ഛൻ ചായയുടെ ലോകത്ത് കൈപിടിച്ച് നടത്തി. ലിലിയന് ചായയെന്നാൽ രുചി, ഔഷധം, നിശബ്ദത, ആത്മീയത. വളർന്നപ്പോൾ ചൈനീസ് ടീ ആർട്ട് കോളജിൽ പരിശീലനം നേടി. ചൈനയിലെ തേയിലത്തോട്ടങ്ങളിൽ സഞ്ചരിച്ചു. ചായയെ അറിയാൻ ജപ്പാനിലും തയ്‌വാനിലും ഇന്ത്യയിലും ശ്രീലങ്കയിലും പോയി.
പിന്നീട് മിഡിൽ ഈസ്റ്റിലും പാരിസിലും ടീ ഹോസ്റ്റ്, നാലു വർഷമായി വാൻകൂവറിൽ. ടീ സെറിമണിക്കുള്ള ഒരുക്കം തുടങ്ങി. പുരാതനമെന്ന് തോന്നിച്ച ടീ കെറ്റിൽ, മരസ്പൂൺ. ചായ പകരാൻ മനോഹരമായ ചൈനീസ് പോട്ടറി, തേയില സൂക്ഷിക്കുന്ന സഞ്ചി. മുല്ലപ്പൂമണം മുറിയിൽ പരന്നു. പൂവിന്റെ ചിത്രമുള്ള ചെറിയ ടീ കപ്പ്. അതിൽ നിന്ന് പകർന്ന ഗ്രീൻ ജാസ്മിൻ ടീ. പാലും പഞ്ചസാരയും ചായയുടെ ആത്മാവിനെ കൊല്ലുമെന്ന് ലിലിയൻ. ആമുഖമായി അവൾ ചൈനയിലെ ചായകൃഷിയെ പറ്റി പറഞ്ഞു- മലനിരകളിലെ മഞ്ഞും സൂര്യപ്രകാശവും നിർണായകം. ചായ പകരുന്നതിൽ ധ്യാനം, ശ്വാസം, രുചി, സൗന്ദര്യം, ആത്മീയത. അവസാനം പറഞ്ഞതിൽ എല്ലാവർക്കും താൽപര്യമില്ല. ചിലർ ചായ കുടിക്കാൻ വേണ്ടി മാത്രം ചായ കുടിക്കുന്നു. രുചിയും ഔഷധഗുണവും പ്രധാനം. തത്വചിന്തയും ആത്മീയതയും ആഴത്തിൽ മുങ്ങുന്നവർക്ക്. പക്ഷേ ചായ അവിടേക്കും നിങ്ങളെ കൊണ്ടു പോകും.
∙ ചായയുടെ മാജിക്
രണ്ട് കപ്പ് ചായ കുടിച്ചു. അതിനിടയിൽ കൂടെയുള്ള വനിതകളിൽ ഒരാൾ അസ്വസ്ഥയായി. സ്വർണ മോതിരം നഷ്ടപ്പെട്ടിരിക്കുന്നു. ക്ഷമചോദിച്ച് ആ സ്ത്രീ മോതിരം തേടിപ്പോയി. ഞങ്ങൾ അഞ്ച് ചെറിയ കപ്പുകൾ കാലിയാക്കി, ഇപ്പോൾ ഈ നിമിഷത്തിൽ മാത്രം ശ്രദ്ധ. മോതിരം തിരിച്ചു കിട്ടിയ സന്തോഷത്തിൽ വന്ന വനിത പാനം തുടർന്നു. സന്ദർശകരാരും മോഷ്ടിക്കാറില്ലെന്ന് ലിലിയൻ പറഞ്ഞു, കളഞ്ഞു കിട്ടിയാലും തിരിച്ചു കൊടുക്കും. നിങ്ങളെ ആദിമ വിശുദ്ധിയിലേക്ക് തിരികെ നടത്തുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്. ധ്യാനം കഴിയുന്നു - ലിലിയൻ പറഞ്ഞു, ഇനി വർത്തമാനം. നൂറ്റാണ്ടുകളായി പരമ്പരാഗത ചൈനീസ് ചായമുറികളിൽ (Teahouse) ഈ പാനീയം സാംസ്‌കാരിക വിനിമയ മാധ്യമമാണ്.
നാട്ടിലെ ചായക്കടകൾ! ഞാൻ വാചാലനായി. വിഷയങ്ങൾക്ക് പഞ്ഞമില്ലാതെ ഞങ്ങൾ സംസാരം തുടർന്നു. ചൈനീസ്- ഇന്ത്യൻ- യൂറോപ്യൻ സാംസ്കാരിക വിനിമയം. മോതിരം കണ്ടെത്തിയ വനിത വീഞ്ഞു വിദഗ്ദയാണ്, വില കൂടിയ വീഞ്ഞിന്റെ വലിയ ശേഖരം സ്വന്തം. രണ്ടു ദിനം മുമ്പ് കണ്ട ഡോക്യുമെന്ററിയുടെ ബലത്തിൽ ഫ്രഞ്ച് വീഞ്ഞിലെ ചൈനീസ് താൽപര്യത്തെ കുറിച്ച് ഞാൻ സംസാരിച്ചു. ഞങ്ങൾക്കു പിരിയാനുള്ള നേരമായി. ചായ എന്ന വർത്തമാന അവബോധത്തിലേക്ക് നയിച്ചതിന് ലിലിയന് നന്ദി, നല്ലൊരു സംഭാഷണത്തിന് സഹയാത്രികർക്ക് നന്ദി. അവർ എനിക്കും നന്ദി പറഞ്ഞു.
പുറത്തേക്കുള്ള വഴിയരികിലെ കുളത്തിൽ വീണ ഇലകൾ, കാറ്റിൽ ഉലയുന്ന മുളകൾ. ജോലി കഴിഞ്ഞ് ഈ തുരുത്തിൽ വന്നിരുന്ന്, മനം കുളിർപ്പിച്ച് വീടുകളിലേക്ക് മടങ്ങുന്നവർ. ട്രെയിൻ സ്റ്റേഷനിലേക്കുള്ള വഴിയിൽ വർണ ഇലകൾ നിറഞ്ഞ, ഉടനെ കൊഴിഞ്ഞ് നഗ്നമാകാൻ പോകുന്ന മരങ്ങൾ. ചൈനയുടെ ചായയ്ക്ക് ദിവ്യശക്തിയില്ല, അതൊരു പ്രതീകം മാത്രം. വർത്തമാന നിമിഷത്തിലാണ് ശക്തി. ചായകുടി എന്നല്ല ഏതൊരു പ്രവൃത്തിയും മനസ്സുറപ്പിച്ച്, അതിൽതന്നെ മുഴുകി ചെയ്യുമ്പോൾ ഉദാത്തമാകും, ആനന്ദമാകും.
English Summary: Chinese Tea House and Cultural Transmission; The Power of Chinese Tea