ADVERTISEMENT

ബിഹാർ എന്നു കേട്ടാൽ പല കാര്യങ്ങളും നിങ്ങളുടെ മനസ്സിൽ വന്നേക്കാം. എന്നാൽ ബിഹാറി ഭക്ഷണത്തെപ്പറ്റി ചിന്തിക്കണമെന്നില്ല. നമുക്ക് ബിഹാറിലെ ഭക്ഷണത്തെപ്പറ്റി അറിയില്ല എന്നതു തന്നെ കാരണം. നല്ല അടിപൊളി വെറൈറ്റി വിഭവങ്ങളുള്ള നാടാണ് ബിഹാർ. അവിടുത്തെ രുചികളാവട്ടെ ഇത്തവണത്തെ ഇന്ത്യൻ കിച്ചണിൽ.

ബിഹാറിലെ വിഭവങ്ങൾ ഉണ്ടാക്കണമെങ്കില്‍ ആദ്യം പ്രാധാനപ്പെട്ട ഒരാളെ പരിചയപ്പെടണം. സത്തു. ഇതൊരു മാവാണ്. കറുത്ത കടല കുതിർത്ത്, ഉണക്കി, വറുത്ത്, തൊലി കളഞ്ഞശേഷം പൊടിച്ചെടുക്കുന്ന പൊടിയാണ് സത്തു. ചൂടുകാലത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് സത്തു. ഇതു കൊണ്ടു പലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കാറുണ്ട്. സൂപ്പർഫുഡ് എന്നുതന്നെ പറയാം. അപ്പേൾ സത്തുവിനെ മറക്കണ്ട. നമുക്ക് ആവശ്യമുണ്ട്. വഴിയേ പറയാം.

കഠി ബഠി

കടുകട്ടി പേരു തന്നെ, അല്ലേ? എന്നാൽ കഴിക്കുമ്പോൾ വായിൽ അലിഞ്ഞു പോകുന്ന നല്ലൊരു വിഭവമാണ് ബിഹാറി ഭക്ഷണത്തിലെ പ്രധാനിയായ കഠി ബഠി. പക്കോടകൾ ഇട്ട ഒരു കറിയാണ് ഐറ്റം. ചപ്പാത്തിക്കും ചോറിനുമൊക്കെ ബെസ്റ്റ് കോംബിനേഷൻ. വിശേഷ ദിവസങ്ങളിൽ ഒഴിവാക്കാനാവാത്ത കറിയാണ് ഇത്. 

Kadhi Badi
Representative image. Photo Credit: StockImageFactory.com/Shutterstock.com

പക്കോടയ്ക്കു വേണ്ട ചേരുവകൾ

  • കടലമാവ് – 1/2 കപ്പ്
  • എണ്ണ – 100 ഗ്രാം
  • വെള്ളം

തയാറാക്കുന്ന വിധം

അരക്കപ്പ് കടലമാവിലേക്ക് അല്‍പ്പം വെള്ളം ചേർത്തു നന്നായി യോജിപ്പിക്കുക. സ്മൂത്ത് ആയ റിബൺ കൺസിസ്റ്റൻസിയിൽ ആണു വേണ്ടത്. വെള്ളം കൂടാനോ കുറയാനോ പാടില്ല. ഇത് 15 മുതൽ 20 മിനിറ്റു വരെ അടച്ചു വയ്ക്കുക. ശേഷം നാലു മിനിറ്റോളം തുടർച്ചയായി യോജിപ്പിച്ചു വറുക്കാൻ എടുക്കാം. ഒരു ഫ്രൈയിങ് പാനിൽ എണ്ണ തിളപ്പിച്ച ശേഷം ലോ മീഡിയം ഫ്ലെയിമിൽ പക്കോട വറുത്തെടുക്കാം. ഒരു സ്പൂണ്‍ ഉപയോഗിച്ചു മാവ് എണ്ണയിലേക്കു ഓരോന്നായി കോരി ഒഴിക്കുകയോ, കൈ കൊണ്ട് ഇടുകയോ ചെയ്യാം. രണ്ടു വശവും ഗോൾഡൻ നിറത്തിൽ ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു തണുപ്പിക്കാം.

കേരളത്തിലൊരുക്കാം ‘കശ്മീർ കിച്ചൺ’; ചായയ്ക്കു പകരം കാവ, മധുരത്തിന് തോഷയും!...

കറിയ്ക്കു വേണ്ട ചേരുവകൾ

  • കടലമാവ് – 1/2 കപ്പ്
  • പുളിയുള്ള തൈര് – 2 കപ്പ്
  • എണ്ണ – 2 ടേബിൾസ്പൂൺ
  • ജീരകം – 1 1/2 ടീസ്പൂൺ
  • ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
  • പെരുംജീരകം – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കായം – 1 നുള്ള്
  • പച്ചമുളക് – 4
  • വറ്റൽ മുളക് – 2
  • കറിവേപ്പില

തയാറാക്കുന്ന വിധം

1 ടേബിൾസ്പൂൺ എണ്ണയിൽ 1/2 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 1/4 ടീസ്പൂൺ പെരുംജീരകം, 4 പച്ചമുളക് മുഴുവനായി ഇട്ടത് എന്നിവ വഴറ്റിയെടുക്കുക. ഒരുപാട് വറുക്കേണ്ട ആവശ്യമില്ല. ഇതിലേക്ക് അര കപ്പ് കടലമാവില്‍ 2 കപ്പ് തൈരും 4 1/2 കപ്പ്  വെള്ളവും ചേർത്തു യോജിപ്പിച്ച് ഒഴിക്കുക. നല്ല തീയിൽ കൈവിടാതെ ഇളക്കുക. അല്ലെങ്കിൽ തൈരു പിരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. തിളയ്ക്കുന്നതു വരെ ഉയർന്ന തീയിൽ വേവിക്കാം. അതിലേക്കു 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. നന്നായി തിളച്ചു മറിയുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ്, വറുത്തു വച്ചിരിക്കുന്ന പക്കോട എന്നിവ കറിയിൽ ചേർക്കുക. ലോ ടു മിഡിയം തീയിൽ 10 മുതൽ 15 മിനിറ്റു വരെ വേവിക്കുക. ഒരുപാട് വെള്ളമില്ലാതെ ചെറിയ കുറുകിയ രൂപത്തിലായിരിക്കും കറി കിട്ടുന്നത്. 

ഇനി മറ്റൊരു ഫ്രൈയിങ് പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിലേക്കു 1 ടീസ്പൂൺ ജീരകം, 1 നുള്ള് കായം, 2 വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റിയ ശേഷം തീ ഓഫ് ചെയ്യുക. അതിലേക്കു കാൽ ടീസ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കിയ ശേഷം കുറുകി വന്ന കറിയിലേക്ക് ഒഴിക്കുക. ചെറുതായി യോജിപ്പിച്ച ശേഷം ഗ്യസ് ഓഫ് ചെയ്യാം. നല്ല ഭംഗിയും രുചിയുമുള്ള വിഭവം ദേ റെഡി. 

മധുരിക്കും ചോറ്, ചേമ്പില കൊണ്ട് ഉഗ്രൻ പലഹാരം, എരിവും മധുരവുമായി സിടു; മലമുകളിലെ രുചിക്കൂട്ട്...

ഠേക്കുവ

ബിഹാറിലെ പ്രാധാനപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ് ഠേക്കുവ. കുട്ടികൾക്കും മുതിര്‍ന്നവർക്കും ഒരേപോലെ പ്രിയപ്പെട്ട ഒരു അടിപൊളി വിഭവം. ഉത്സവ അവസരങ്ങളിൽ ഠേക്കുവ മസ്റ്റ് ആണ്. ലഡുവും ജിലേബിയും മാത്രം മതിയോ ഇങ്ങനെ പുതിയ പലഹാരങ്ങളും നമുക്ക് പരീക്ഷിക്കണ്ടേ? വീട്ടിലുള്ള സാധനങ്ങൾ മതിയെന്നേ. അപ്പോൾ തുടങ്ങിയാലോ?

ചേരുവകൾ 

  • ഗോതമ്പ് മാവ് – 1 കപ്പ്
  • മൈദ – 1/2 കപ്പ് 
  • റവ – 1/5 കപ്പ്
  • ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
  • ഡെസിക്കേറ്റഡ് കോക്കനട്ട് – 2 ടേബിൾസ്പൂൺ
  • നെയ്യ് – 1/4 കപ്പ്
  • പഞ്ചസാര– 1/4 കപ്പ്

തയാറാക്കുന്ന വിധം

Thekua
Representative image. Photo Credit: StockImageFactory.com/Shutterstock.com

ഒരു പാത്രത്തിൽ ഗോതമ്പ് മാവ്, മൈദ, റവ, ഏലയ്ക്ക പൊടിച്ചത്, ഡെസിക്കേറ്റഡ് കോക്കനട്ട് എന്നിവ യോജിപ്പിക്കുക. ചിരകിയ തേങ്ങ ഫ്രൈയിങ് പാനിൽ ഇട്ട് ചൂടാക്കിയെടുക്കുന്നതാണ് ഡെസിക്കേറ്റഡ് കോക്കനട്ട്(പായ്ക്കറ്റുകളിൽ ലഭ്യമാണ്). ഇതിലേക്കു കാൽ കപ്പ് നെയ്യ് ചേർത്തു യോജിപ്പിക്കണം. ഇനി മധുരത്തിനു വേണ്ട പഞ്ചസാരയാണ് ചേർക്കേണ്ടത്. ഇത് പഞ്ചസാരപ്പാനി ആയി ചേർക്കാം അല്ലെങ്കിൽ കൂടുതൽ ക്രിസ്പി ആയി കിട്ടാൻ പഞ്ചസാര മാത്രമായും ചേർക്കും. ഇവിടെ കാൽ കപ്പ് പഞ്ചസാര ചേർത്തു മിക്സ് ചെയ്ത ശേഷം വളരെക്കുറച്ച് വെള്ളം ചേർത്തു കുഴച്ചെടുക്കുക. ഈ കൂട്ട് ചെറിയ ഉരുളകളാക്കണം. ഇനി ഇഷ്ടമുള്ള രൂപത്തിലാക്കാം. മോൾഡ് ഉപയോഗിക്കുകയോ, മൂർച്ചയുള്ള കത്തി ഉപയോഗിച്ചോ ഇഷ്ടമുള്ള ഡിസൈൻ ഉണ്ടാക്കിയെടുക്കാം. ഇനി തിളച്ച എണ്ണയിൽ വറുത്തു കോരാം. തീ കുറച്ചശേഷം വേണം ഈ കൂട്ട് ഇടാൻ. കളർ മാറുന്നതിന് അനുസരിച്ച് തിരിച്ചും മറിച്ചും ഇടണം. ലോ ടു മീഡിയം ഫ്ലെയിം തന്നെ അവസാനം വരെയും. ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാം. 2 ആഴ്ചയോളം ഇത് കേടാവാതെ ഇരിക്കും 

സത്തു ഡ്രിങ്ക്

എന്റമ്മോ എന്തൊരു ചൂടാണ് ഇത്. പുറത്തിറങ്ങാൻ വയ്യ, അകത്തിരിക്കാനും പറ്റുന്നില്ല. ആ സ്ഥിതിക്ക് ഈ ചൂടത്ത് കുടിക്കാൻ പറ്റിയ ഒരു കിടിലൻ ഐറ്റം പറഞ്ഞു തരട്ടെ. നമ്മൾ ആദ്യം പറഞ്ഞ സൂപ്പർ ഫുഡ് ഇല്ലേ, സത്തു. അതുവച്ച് മധുരമുള്ള ഡ്രിങ്കും ഉപ്പുള്ള ഡ്രിങ്കും എളുപ്പത്തിൽ തയാറാക്കാം.

മധുരമുള്ള സത്തു ഡ്രിങ്ക്

ചേരുവകൾ

  • സത്തു (വറുത്തുപൊടിച്ച കറുത്ത കടല) – 2 ടേബിൾസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • പുതിനയില ചതച്ചത്
  • പകുതി നാരങ്ങയുടെ നീര്
  • തണുത്ത വെള്ളം

ചേരുവകളെല്ലാം യോജിപ്പിക്കേണ്ട താമസം, നല്ല അടിപൊളി ഹെൽത്തിയായ സമ്മർ ഡ്രിങ്ക് റെഡി. 

സാൾട്ടഡ് സത്തു

ചേരുവകൾ

  • സത്തു (വറുത്തുപൊടിച്ച കറുത്ത കടല) – 2 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ജീരകം വറുത്തു പൊടിച്ചത് – 1 ടീസ്പൂണ്‍
  • പുതിനയില ചതച്ചത്
  • പകുതി നാരങ്ങയുടെ നീര്
  • തണുത്ത വെള്ളം

എല്ലാം യോജിപ്പിച്ച് കുടിക്കാം. ഇതിലേക്ക് കറിവേപ്പില, പച്ചമുളക് എന്നിവയും ചേർക്കാറുണ്ട്. ചിലർക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുന്നതും ഏറെ ഇഷ്ടമാണ്. കടയിൽ പോയി ബോട്ടിൽഡ് ഡ്രിങ്കുകൾ വാങ്ങുന്നതിനു പകരം സത്തു കൊണ്ട് ദാഹം മാറ്റാം. ഹെൽത്തിയുമാവാം.

നാവിൽ ഭാംഗ്ര മേളം തീർക്കും പഞ്ചനദത്തിന്റെ വിസ്മയ സ്വാദുകൾ...

 

Sattu
Representative image. Photo Credit: Indian Food Images/Shutterstock.com

തിൽകുട്

ബിഹാറിലെ വളരെ പ്രശസ്തമായ മറ്റൊരു മധുരപലഹാരമാണ് തിൽകുട്. എളുപ്പം ഉണ്ടാക്കാവുന്ന ഈ പലഹാരം വെളുത്ത എള്ളും ശർക്കരയും ചേർത്താണ് ഉണ്ടാക്കുന്നത്.

ചേരുവകൾ

  • വെളുത്ത എള്ള്– 100 ഗ്രാം
  • ശർക്കര – 100 ഗ്രാം
  • നെയ്യ്– 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

വെളുത്ത എള്ള് ചെറുതീയിൽ വറുത്തെടുക്കണം. നിറം മാറേണ്ട കാര്യമൊന്നും ഇല്ലന്നേ. ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ശർക്കര പൊടിച്ചത് ചേർത്ത് അലിയിച്ചെടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ വെള്ളം കൂടി ചേർക്കാം. നന്നായി പതഞ്ഞു വരുമ്പോൾ ഒരൽപ്പം വെള്ളത്തിൽ ശർക്കര ഇട്ടു നോക്കുക. അതു കട്ടിയായി പൊട്ടിച്ചെടുക്കാൻ പറ്റുന്നുവെങ്കിൽ ശർക്കര കറക്ട് ആയി കിട്ടിയെന്ന് ഉറപ്പ്. അതിലേക്കു വറുത്ത എള്ള് തരിതരിയായി പൊടിച്ചത് ചേർത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ചൂട് മാറുന്നതിനു മുൻപ് ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചടുക്കാം.

Tilkut
Representative image. Photo Credit: Rangeecha/Shutterstock.com

ദാൽ പിട്ടി / ദാൽ പിട്ട

പിട്ടിക്ക് ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് മാവ് – 1 കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ
  • വെള്ളം

മാവ്, ഉപ്പ്, നെയ്യ് എന്നിവ യോജിപ്പിച്ച ശേഷം വെള്ളം ചേർത്ത് ചപ്പാത്തിയുടേത് പോലെ കുഴച്ചെടുക്കുക. ചപ്പാത്തിയെക്കാളും ഒരൽപ്പം കട്ടിയിലാണ് പരത്തിയെടുക്കേണ്ടത്. ഇനി ഒരു ചെറിയ കപ്പ് ഉപയോഗിച്ച് ചെറിയ വട്ടങ്ങളായി മുറിച്ചെടുക്കുക. ശേഷം അതിലൊരെണ്ണം കയ്യിലെടുത്ത്  വശങ്ങളില്‍ കുറച്ച് വെള്ളം തൊട്ടുകൊടുക്കുക. ഇനി മൂന്നു ഭാഗങ്ങളിൽ നിന്നും നടുവിലേക്ക് കൊണ്ടുവരുക, അമർത്തുക. വശങ്ങൾ മാത്രം അമർത്താൻ ശ്രദ്ധിക്കുക. ഇത് മൂന്ന് ഇതളുകൾ പോലെ തോന്നിക്കും. ഇതിൽ നാല് വശങ്ങൾ ചേർത്തുവെച്ചും പിട്ടി ഉണ്ടാക്കാവുന്നതാണ്.

കറിക്ക് ആവശ്യമായ ചേരുവകൾ

  • ദാൽ – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കായം – 1 നുള്ള്
  • വെള്ളം – 1 1/2 കപ്പ്

എല്ലാ ചേരുവകളും കുക്കറിൽ വെച്ച് ഹൈഫ്ലെയിമിൽ ഒരു വിസിൽ കേൾക്കുന്നതുവരെ വേവിക്കണം. ഇനി ദാലിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് അതിലേക്ക് പിട്ടികള്‍ ഇടണം. വീണ്ടും ഹൈഫ്ലെയിമിൽ ഒരു വിസിൽ കേൾക്കുന്നതുവരെ വേവിക്കണം. ഗ്യാസ് ഓഫ് ചെയ്ത് തണുത്തതിനു ശേഷം മാത്രം കുക്കർ തുറക്കാം. അപ്പോഴേക്കും പിട്ടികള്‍ വീർത്തു വന്നിട്ടുണ്ടാവും

രുചിയേറും വെൺപൊങ്കൽ, ഹൃദയം കുളിർക്കും ജിഗർതാണ്ട; പരീക്ഷിക്കാം തമിഴ് രുചികൾ ...

 

  • കടുകെണ്ണ – 1 ടീസ്പൂൺ
  • വറ്റൽമുളക് – 1
  • കടുക് – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 4,5 അല്ലി
  • ഇഞ്ചി –  1 ഇഞ്ച്
  • പച്ചമുളക് – 1
  • സവാള – 2 ചെറുത്
  • തക്കാളി – വലിയ ഒന്ന്
  • കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

പാനിൽ കടുകെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ വറ്റൽമുളക്, കടുക് എന്നിവ ചേർക്കണം. ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റണം. സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു വഴറ്റാം. ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റേണ്ട ആവശ്യമില്ല, ഇതിലേക്കു ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് ഇളക്കിയ ശേഷം ആവശ്യത്തിനുള്ള ഉപ്പ്, കശ്മീരി മുളകുപൊടി എന്നിവ ചേർക്കണം. ഒന്നു വഴറ്റിയ ശേഷം തയാറാക്കിയ ദാൽ പിട്ടി ഇതിലേക്ക് ഒഴിക്കാം. അടച്ചുവച്ച് 2,3 മിനിറ്റ് കുക്ക് ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാം. മല്ലിയില, അൽപ്പം നെയ്യ് എന്നിവ കൂടി ചേർത്തു വിളമ്പാം.

Dal Pitha
Representative image. Photo Credit: Tenacity_1987/Shutterstock.com

ബിഹാറിലെ രുചികൾ തീർന്നിട്ടില്ല. അടുത്ത തവണ ഇതിലും ഗംഭീരമായ ബിഹാറി രുചികളുമായി കണ്ടുമുട്ടാം ഇന്ത്യൻ കിച്ചണിലൂടെ

Content Summary : Indian kitchen, Bihari food dishes that you must try.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com