ഇതെന്താ അഗ്നിപര്‍വതമോ? വൈറലായി കിഴങ്ങും കടലയും മസാലയും നിറച്ച വോള്‍ക്കാനോ ഗോള്‍ഗപ്പ!
Mail This Article
തെരുവോര രുചികളിലെ മുടിചൂടാമന്നനാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി. പണ്ടൊക്കെ നോര്‍ത്തിന്ത്യയിലും മുംബൈയിലുമൊക്കെയാണ് കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഗോള്‍ഗപ്പ സ്റ്റാളുകള്‍ ഉണ്ട്. പപ്പടം പോലെ പൊടിഞ്ഞു പോകുന്ന രസികന്‍ ചെറിയ പൂരിയിൽ ആലുമസാലയും പിന്നെ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ‘ഖട്ട മീട്ട’ പാനിയും നിറച്ച്, ഒറ്റയടിക്കങ്ങ് വായിലിടണം, എന്‍റെ സാറേ... പിന്നൊന്നും കാണാന്‍ പറ്റില്ല!
പല കാലങ്ങളിലായി പല രുചികളിലും രൂപത്തിലും ഭാവത്തിലും ഗോള്‍ഗപ്പ നമ്മുടെ മുന്നില്‍ എത്തിയിട്ടുണ്ട്. 'മിരിൻഡ ഗോൾ ഗപ്പ', 'ബാഹുബലി ഗോൾ ഗപ്പ', 'ഫയർ ഗോൾ ഗപ്പ' തുടങ്ങിയ പരീക്ഷണങ്ങളെല്ലാം ഹിറ്റായിരുന്നു. ഇക്കൂട്ടത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് സൂറത്തില്‍ നിന്നുള്ള 'വോൾക്കാനോ ഗോൾഗപ്പ'. ഈ ഗോള്‍ഗപ്പ ഉണ്ടാക്കുന്ന വിഡിയോകള്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഉടച്ച ഉരുളക്കിഴങ്ങ്, കടല എന്നിവ ചേര്‍ത്ത് അഗ്നിപര്‍വതം പോലെ ഉണ്ടാക്കി വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. കടലയും മല്ലിയിലയുമെല്ലാമിട്ട ഗോള്‍ഗപ്പ പാനിയും ഇതും കൂടി ചേര്‍ത്ത്, സ്പെഷ്യല്‍ പാനിപൂരി ഉണ്ടാക്കുന്നതും കാണാം.
വോൾക്കാനോ ഗോള്‍ഗപ്പ മാത്രമല്ല, പ്രത്യേക മസാലയും പാനിയും മറ്റ് ചേരുവകളും ചേര്‍ത്ത ചാട്ടും വില്‍പനക്കാരന്‍ ഉണ്ടാക്കുന്നത് കാണാം. സൂറത്തിലുടനീളം ഇതും വളരെ ജനപ്രിയമാണ്. എന്നാല്‍ ഈ പാനിപൂരി അത്ര പുതിയതല്ല എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. രഗ്ദ പാനി പുരി എന്നാണത്രെ ഇതിനെ വിളിക്കുന്നത്
English Summary: Volcano Pani Puri Of Surat Is India’s Most Trending Pani Puri