ADVERTISEMENT

വളരെ വിചിത്രമായ രീതിയിലുള്ള ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് ഉള്ള പങ്ക് ചെറുതല്ല. പല തരത്തിലുള്ള, തമ്മിൽ ഒട്ടും ചേർച്ചയില്ലാത്ത ചേരുവകൾ ഒരുമിച്ചു ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ കണ്ട് അന്തംവിട്ടിരിക്കുന്നവർക്കു മുമ്പിലേക്ക് പുതിയൊരാളെ ഇറക്കിയിരിക്കുകയാണ് മുംബൈയിലെ ബോറിവാലി ഭാഗത്തു നിന്നുമുള്ള ഒരു തട്ടുകട. ബാഹുബലി സാൻഡ് വിച്ച് എന്നാണ് പുതിയ വിഭവത്തിനു അവർ കൊടുത്തിരിക്കുന്ന നാമം. ഫുഡ് ഫ്യൂഷൻ എന്നതിനെ തികച്ചും അന്വർത്ഥമാക്കുന്ന രീതിയിലുള്ള വിഭവം കാഴ്ചയിൽ ഏറെ ഭീമാകാരനാണ്. സ്വാദും മധുരവുമുള്ളതിൽ നിന്നും എരിവിലേക്കും പുളിയിലേക്കുമൊക്കെ പെട്ടെന്ന് മാറുന്ന വിഭവങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ് ഈ ബാഹുബലി. വളരെ വ്യത്യസ്തമായ ഈ സാൻഡ് വിച്ച്, ഒരു ഫുഡ് വ്ലോഗറാണ് സോഷ്യൽ ലോകത്തിനു പരിചയപ്പെടുത്തിയത്. ''ഇത് കഴിച്ചു തീർക്കാൻ സാധിക്കുന്ന സുഹൃത്തിനെ ടാഗ് ചെയ്യൂ'' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

പുതിയ വിഭവം കണ്ടു അന്തം വിട്ട സൈബർ ലോകം പല തരത്തിലുള്ള ഇമോജികളിട്ടും കമെന്റ് ചെയ്തുമാണ് ബാഹുബലി സാൻഡ് വിച്ചിനെ വരവേറ്റത്. 8. 8 മില്യൺ കാഴ്ചക്കാരെയും നേടാൻ കഴിഞ്ഞു ഈ വിഡിയോയ്ക്ക്. വിമർശിച്ചും പരിഹസിച്ചും പ്രോത്സാഹിപ്പിച്ചുമുള്ള സമ്മിശ്ര കമെന്റുകൾ കൊണ്ട്  നിറഞ്ഞിരിക്കുകയാണ് കമെന്റ് ബോക്‌സും. '' അയാൾ അതിൽ വിഷം കൂടി ചേർക്കാൻ മറന്നു പോയി'' , ''ആ അമ്മാവന്റെ കൈ സാൻഡ് വിച്ചിനെ അമർത്തുന്ന ഹൈഡ്രോളിക് പ്രസ് ആണ്''എന്നിങ്ങനെയുള്ള കമെന്റുകൾ കൂടാതെ  ധാരാളം പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും ആ പാചകക്കാരൻ ദുർവ്യയം ചെയ്യുന്നു എന്ന് പരിതപിക്കുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.

 

ധാരാളം ബ്രഡ് സ്ലൈസുകളാണ് സാൻഡ് വിച്ച് തയാറാക്കുന്നതിനായി എടുക്കുന്നത്. എല്ലാ ബ്രഡിലും ബട്ടർ പുരട്ടി അതിനു മുകളിലായി ഗ്രീൻ ചട്നി, പാസ്ത, ഉള്ളി, ക്യാപ്സിക്കം എന്നിവ വെച്ച് മയണൈയിസും അതിനു മുകളിലായി ചീസ് ഗ്രേറ്റ് ചെയ്തതും  ചേർക്കുന്നു. അതിനു ശേഷം ഒരു ബ്രഡ് സ്ലൈസ് മുകളിൽ വച്ച് പൈനാപ്പിൾ, ഒലീവ്സ്, ജാലപനോസ് എന്നിവയും ചേർത്ത്, വീണ്ടും മയണയിസും അതിനു മുകളിലായി ചീസ് ഗ്രേറ്റ് ചെയ്തുമിടുന്നു. ഇനിയാണ് ട്വിസ്റ്റ്, അടുത്ത ബ്രെഡിൽ ചേർക്കുന്നതോ നല്ല മധുരമുള്ള ജാം. തീർന്നില്ല, ഇനിയുമുണ്ട്, സെഷ്വാൻ സോസും തക്കാളിയും കാബേജും ബീറ്റ്‌റൂട്ടും പച്ചമാങ്ങയും സ്പെഷ്യൽ ഒരു മസാലയും മയണയിസും ചേർത്താണ് അടുത്ത ബ്രഡ് സ്ലൈസിനു മുകൾ ഭാഗം ഒരുക്കുന്നത്. ഒടുവിൽ മുകളിലായി ഒരു ബ്രഡ് കൂടി വെച്ച് ചെറു കഷ്ണങ്ങളായി മുറിച്ചു പ്ലേറ്റിലാക്കുന്നു. പ്ലേറ്റിലാക്കി കഴിഞ്ഞുമുണ്ട് കലാപരിപാടികൾ, വീണ്ടും ചീസ് ഗ്രേറ്റ് ചെയ്തിടുന്നു, ക്രിസ്‌പി പൊട്ടറ്റോ ചിപ്സ്  മുകളിൽ വിതറുന്നു...അങ്ങനെയങ്ങനെ നീളുന്നു ബാഹുബലി സാൻഡ് വിച്ചിന്റെ പ്രിപറേഷൻ.

English Summary: Meet The 'Baahubali' Sandwich That Broke The Internet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com