ADVERTISEMENT

മുളകും വെളുത്തുള്ളിയും ചേർത്ത് പൊരിച്ചെടുത്ത ഉരുളൻ കല്ലുകൾ ഭക്ഷണത്തിനൊപ്പം നൽകിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? സൗജന്യമായല്ല, 16 യുവാൻ അതായത് ഇന്ത്യൻ രൂപ 184 ഈടാക്കിയാണ് ഈ കല്ലുകൾ വിളമ്പുന്നത് എന്ന് കൂടി കേട്ടാൽ ചിലപ്പോൾ ആരുമൊന്ന് മൂക്കത്തു വിരൽ വച്ച് പോകും. പലതരത്തിലുള്ള, അപരിചിതമായ രുചികൾ തമ്മിൽ ചേർക്കുന്ന വിഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ഐസ്ക്രീം സമോസ, ചോക്ലേറ്റ് മാഗി തുടങ്ങിയ വൈചിത്ര വിഭവങ്ങൾ സോഷ്യൽ ലോകത്തിനു ഇപ്പോൾ പരിചിതമാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ കോമ്പിനേഷനാണ് നല്ല എരിവുള്ള മുളകും വെളുത്തുള്ളിയും ചേർത്ത് പൊരിച്ചെടുക്കുന്ന ഉരുളൻ കല്ലുകൾ. 

 

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ സ്പെഷ്യൽ വിഭവമാണ് കല്ലുകൾ പൊരിച്ചത്. മുളകും വെളുത്തുള്ളിയും പുതിനയിലയുടെ കുടുംബത്തിൽ ഉൾപ്പെട്ട പർപ്പിൾ പേരില്ല, റോസ് മേരി എന്നിവയെല്ലാം കച്ചവടക്കാരൻ  ഈ കല്ലുകൾക്കൊപ്പം ചേർക്കുന്നുണ്ട്. പാകം ചെയ്തു ലഭിച്ച കല്ലുകൾ എങ്ങനെ കഴിക്കുമെന്നാണോ ചിന്തിക്കുന്നത്? ഇവിടെ ചെറിയൊരു ട്വിസ്റ്റുണ്ട്. ഈ കല്ലുകൾ ചവച്ചു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യണ്ട, പകരം മറ്റു വിഭവങ്ങൾ കഴിക്കുമ്പോൾ  ഈ കല്ലുകൾ വായിലിട്ടു അവയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന മസാലകൾ നുണഞ്ഞിറക്കാം. അതിനുശേഷം ബാക്കിയാകുന്ന ഈ കല്ലുകൾ തിരികെ നൽകേണ്ട, പകരം നമ്മൾക്കു താല്പര്യമുള്ള ചേരുവകൾ ചേർത്ത് മേൽപറഞ്ഞതു പോലെ തയാറാക്കി പ്രധാന വിഭവങ്ങളുടെ കൂടെ രുചിക്കാവുന്നതാണ്. വിൽപന മാത്രമല്ല, പുതിയ വിഭവത്തിനു പരസ്യ വാചകവും നൽകാൻ കച്ചവടക്കാരൻ മറന്നിട്ടില്ല, '' അടുത്ത മൂന്നു തലമുറകൾക്കു വേണ്ടി ഈ കല്ലുകൾ കൈമാറൂ, നിങ്ങൾ പോയാലും ഈ കല്ലുകൾ അവിടെ തന്നെ കാണും''. 

 

കല്ലുകൾ കൊണ്ടുള്ള ഈ വിഭവം ഈ കച്ചവടക്കാരൻ കണ്ടുപിടിച്ചതാണെന്നു കരുതിയോ? എന്നാൽ അങ്ങനെയല്ല, മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു പരമ്പരാഗത വിഭവമാണിത്. നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള ഒരു വിഭവം കൂടിയാണിത്. ''സുഒ ഡിയു'' എന്നാണ് ഇതിന്റെ പേര്. ''സക്ക് ആൻഡ് ത്രോ'' എന്നാണതിന്റെ ഇംഗ്ലീഷിലുള്ള അർഥം. യാങ്റ്റിസി നദിയുടെ തീരത്തു താമസിച്ചിരുന്ന മൽസ്യതൊഴിലാളികളാണ് ഈ വിഭവം ആദ്യമായി ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിച്ചിരുന്ന കാലത്ത് മൽസ്യങ്ങൾക്കൊപ്പവും വൈനിനു ഒപ്പവും ഈ കല്ലുകൾ പൊരിച്ചെടുത്തു ഉപയോഗിച്ചിരുന്നു. 

 

സോഷ്യൽ ലോകത്തു പുതിയ വിഭവം തരംഗമായതോടെ, ഇത് ഹുബെയ് പ്രവിശ്യയിലെ മുതിർന്ന ആളുകൾ ഇപ്പോഴും മദ്യം കഴിക്കുമ്പോൾ ഉപയോഗിക്കാറുണ്ടെന്നുള്ള കമെന്റുകൾ വിഡിയോയ്ക്കു താഴെയുണ്ട്. 1937 - 1945 കാലഘട്ടത്തിലെ ചൈന - ജപ്പാൻ യുദ്ധ സമയത്തു തെക്കു പടിഞ്ഞാറൻ ചൈനയിലെ യുവാൻ പ്രവിശ്യയിലും പരമ്പരാഗതമായ  ഈ വിഭവം ഉപയോഗിച്ചിരുന്നു എന്ന് ചിലർ കമെന്റ് ബോക്സിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

English Summary: Chinese street vendor sells stir-fried pebbles with chilli and garlic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com