ADVERTISEMENT

തേങ്ങ അഥവാ നാളികേരം നമ്മുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളിൽ ഒന്നാണ്. തേങ്ങ അരച്ച് ചേർത്ത, കുടം പുളിയിട്ട മീൻ കറി കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. വറുത്തരച്ചും ചമ്മന്തിയാക്കിയും തോരനിലും എന്നുവേണ്ട ഏതു കറികളിലും തേങ്ങ ഒരല്പം ചേർത്തില്ലെങ്കിൽ ആ കറിക്കൊരു പൂർണതയില്ലെന്നു വിശ്വസിക്കുന്നവരാണ് നമ്മൾ. വഴിയരികിൽ കൂട്ടിയിട്ടു വിൽക്കുന്ന, തേങ്ങ വാങ്ങുന്നവരാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വളരെ ചെറുതെന്നു കേൾക്കുമ്പോൾ തോന്നുമെങ്കിലും ഈ വിദ്യകൾ പരീക്ഷിക്കുന്നത് വഴി നല്ല തേങ്ങ വാങ്ങിക്കുവാൻ സാധിക്കും.

പുറമെ പച്ചനിറം തന്നെയാണോ?

പൊതിക്കാത്ത തേങ്ങയാണ് വാങ്ങുന്നതെങ്കിൽ പുറമെയുള്ള ഭാഗം നോക്കാം. നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ധാരാളം വെള്ളവും, മാംസളമായ ഉൾക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കിൽ ചിലപ്പോൾ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കാം.  

 

രൂപം നോക്കാം

 

ഒരു തേങ്ങ വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ രൂപം തന്നെയാണ്. നല്ലതു പോലെ ഉരുണ്ട തേങ്ങയിൽ വെള്ളം കൂടുതലായിരിക്കും. എന്നാൽ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകൾ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയിൽ വെള്ളവും കുറവായിരിക്കും. കറികളിൽ അരയ്ക്കാൻ ഈ തേങ്ങയാണ് ഏറ്റവും നല്ലത്. 

 

തേങ്ങ കുലുക്കി നോക്കാം

 

തേങ്ങ കുലുക്കി നോക്കാതെ വാങ്ങുകയേ ചെയ്യരുത്. കരിക്കാണോ മൂത്തതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ ഇങ്ങനെ ചെയ്തു നോക്കിയാൽ മനസിലാകും. ചെവിയ്ക്കു സമീപം പിടിച്ചു കുലുക്കി നോക്കുമ്പോൾ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാൽ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. എന്നാൽ കരിക്കിൽ നിറയെ വെള്ളം ഉള്ളത് കൊണ്ടുതന്നെ ഇത്തരത്തിൽ കുലുക്കുമ്പോൾ ശബ്‍ദം കേൾക്കാൻ സാധ്യതയില്ലെന്ന് മാത്രമല്ല, ഭാരവും കൂടുതലായിരിക്കും. നല്ലതുപോലെ മൂത്ത, വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കിൽ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

 

ഭാരം കൂടുതലോ കുറവോ 

 

തേങ്ങ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതിന്റെ ഭാരമാണ്. അധികം, മൂപ്പെത്താത്തതാണെങ്കിൽ അവയ്ക്ക് ഭാരം കൂടുതലായിരിക്കും. ധാരാളം വെള്ളവും ഇതിനകത്തുണ്ടാകും. അതേ സമയം ഭാരം ഒട്ടുമില്ലാത്തതും വാങ്ങരുത്. അവ ചിലപ്പോൾ നല്ലതാകാൻ വഴിയില്ല. കുറച്ചു ഭാരമുള്ള, കുലുക്കി നോക്കുമ്പോൾ വെള്ളത്തിന്റെ ശബ്‍ദം കേൾക്കുന്നവ വാങ്ങാം.

 

അടയാളങ്ങളോ പാടുകളോ ഉണ്ടോ

 

തേങ്ങയുടെ മുകളിലും താഴെയും കറുത്ത കുത്തുകളോ പാടുകളോ ഉണ്ടോയെന്നു നോക്കാൻ മറക്കണ്ട. അത്തരത്തിൽ പാടുകൾ ഉണ്ടെങ്കിൽ അത് നല്ലതാകാൻ സാധ്യതയില്ല. അതുപോലെ തന്നെ മണത്തു നോക്കുമ്പോൾ ചീത്ത മണമാണെങ്കിൽ അങ്ങനെയുള്ളവയും വാങ്ങാതിരിക്കുന്നതാണ് നല്ലത്.

English Summary: Easy Tricks To Help You Choose best Coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com