കൊഞ്ച് പഴകിയതാണോയെന്ന് എങ്ങനെ തിരിച്ചറിയാം; വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കാം
Mail This Article
കടൽ രുചികളിൽ ഏറ്റവും പ്രിയമേതെന്നു ചോദിച്ചാൽ കൊഞ്ച് എന്ന് പറയുന്നവരായിരിക്കും ഭൂരിപക്ഷവും. അത്രയധികം ആരാധകരുണ്ട് ആ മൽസ്യ വിഭവത്തിന്. തീയലായും തോരനായും വറുത്തും മാങ്ങയിട്ട നാടൻ കറിയായും റോസ്റ്റായുമൊക്കെ കൊഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ വയ്ക്കുന്ന കറി രുചിയിൽ മുന്നിട്ടു നിൽക്കണമെങ്കിൽ ചേരുവകളെക്കാൾ പ്രധാനം മത്സ്യത്തിന്റെ പുതുമ തന്നെയാണ്. പഴക്കമുള്ള മൽസ്യമാണെങ്കിൽ അത് കറിയുടെ രുചിയെ സാരമായി ബാധിക്കും. കൊഞ്ച് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പഴക്കമുള്ളവ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.
തലയിലാണ് കാര്യം
കൊഞ്ച് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ തലഭാഗമാണ്. ഒട്ടും പഴക്കമില്ലാത്ത മൽസ്യമാണെങ്കിൽ വലിയ കേടുപാടുകൾ തലയിൽ കാണാൻ സാധിക്കുകയില്ലെന്നു മാത്രമല്ല, മാംസം തലയിൽ നിന്നും മുറിഞ്ഞു നിൽക്കുകയുമില്ല. വൃത്തിയാക്കി വച്ചിരിക്കുന്നതാണെങ്കിൽ പഴക്കം തിരിച്ചറിയാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ തല ഉള്ളത് നോക്കി വാങ്ങാൻ ശ്രദ്ധിക്കാം.
നിറം നോക്കാം
കൊഞ്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അവയുടെ നിറമാണ്. ഇരുണ്ട നിറമാണ് കാണുന്നതെങ്കിൽ ഉറപ്പിക്കാം പഴക്കമുള്ളതാണെന്ന്. എന്നാൽ ചെറിയ പിങ്ക് നിറത്തിൽ, കുറച്ച് തിളക്കത്തോടെ ഇരിക്കുന്ന കൊഞ്ചിനു വലിയ പഴക്കം കാണുകയില്ല. കടലിൽ നിന്നും ലഭിക്കുന്ന കൊഞ്ചിന്റെ കാര്യത്തിൽ നിറം നോക്കിയുള്ള പഴക്കം തിരിച്ചറിയൽ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും.
പുറത്തുള്ള ഷെല്ലിനും പറയാനുണ്ട് പ്രായം
കൊഞ്ച് വാങ്ങുന്നതിനു മുൻപ് അവയുടെ മുകൾ ഭാഗത്തുള്ള ഷെൽ പരിശോധിക്കണം. അവ കട്ടിയുള്ളതാണെങ്കിൽ ഉറപ്പിക്കാം പഴക്കം അധികമില്ലെന്ന്. വളരെ മൃദുവായി ആണ് കാണപ്പെടുന്നതെങ്കിൽ പഴക്കമുണ്ടെന്ന് ഉറപ്പിക്കാം. മാത്രമല്ല, മാംസമുള്ളതു നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മണത്തറിയാം
ഏതൊരു മത്സ്യവും വാങ്ങുന്നതിനു മുൻപ് മണത്തു നോക്കാൻ മറക്കരുത്. കൊഞ്ചിന്റെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യണം. ദുർഗന്ധമാണെങ്കിൽ ഉറപ്പിക്കാമല്ലോ പഴകിയതാണെന്ന്. ഒട്ടും പഴക്കമില്ലാത്ത മത്സ്യത്തിൽ കടൽ ജലത്തിന്റെ മണമായിരിക്കും മുന്നിട്ടു നിൽക്കുക.
പുള്ളിക്കുത്തുകൾ പറയും പഴക്കം
കൊഞ്ചിനു മുകളിലായി കാണുന്ന അസാധാരണമായ കുത്തുകൾ അതിന്റെ ഗുണനിലവാരം ഇല്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ചിലതു സ്വാഭാവികമായി ഉള്ളതായിരിക്കും. എന്നാൽ ചിലത് ആദ്യ കാഴ്ച്ചയിൽ തന്നെ പഴക്കത്തിന്റെ സൂചന നൽകും. അങ്ങനെയുള്ളവ വാങ്ങാതെ ഇരിക്കുന്നതാണ് ഉത്തമം.
English Summary: Tips To Master The Art Of Assessing Prawn Freshness