ചിക്കൻ കറിയില്‍ ചത്ത എലി; ഹോട്ടൽ മാനേജര്‍ക്കും പാചകക്കാരനുമെതിരേ കേസ്
Mail This Article
ഭക്ഷണ വിഭവങ്ങൾ തയാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്. രുചിയൊടൊപ്പം ആരോഗ്യകരമായ രീതിയിൽ വേണം പാചകവും. ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്ന ഏറ്റവും വലിയ വാർത്തയാണ് ചിക്കൻ കറിയിലെ ചത്ത എലി. ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ മാനേജര്‍ക്കും പാചകക്കാരനുമെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചിട്ടുമുണ്ട്. മുംബൈയിലാണ് സംഭവം.
ബാന്ദ്ര ഏരിയയിലുള്ള ഒരു പ്രമുഖ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഗോരേഗാവ് (കിഴക്ക്) സ്വദേശിയായ ബാങ്കർ അനുരാഗ് സിങ്ങും (40) സുഹൃത്ത് അമിൻ ഖാനുമാണ് ചിക്കന്‍ വിഭവത്തില്‍ നിന്ന് ചത്ത എലിയെ കിട്ടിയത്. ബ്രെഡിനോടൊപ്പം ചിക്കന്‍ ,മട്ടന്‍ താലിയാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. വിഭവത്തിന് രുചിവ്യത്യാസം തോന്നിയതോടെ സസൂക്ഷ്മം വിഭവം പരിശോധിക്കുകയുണ്ടായി. അങ്ങനെയാണ് ചിക്കന്‍ വിഭവത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഹോട്ടൽ മനേജരോട് പരാതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറിയെന്നും അനുരാഗ് പറയുന്നു.
തുടര്‍ന്ന് ഇവർ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജര്‍ക്കും അന്നേ ദിവസത്തെ ഷെഫിനും ചിക്കൻ വിതരണകാർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഇത് ഇരുപത്തിരണ്ടിലധികം വർഷമായി പ്രവർത്തിച്ചുവരുന്ന ഹോട്ടലാണെന്നും ഇതുവരെ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് മാനേജർ വിവിയൻ സെക്വീര പറയുന്നത്.
English Summary: Dead Rat Found In Food At Mumbai Restaurant case against manager, chef