അടുക്കളയില്‍ പാറ്റശല്യമോ? കുറയ്ക്കാന്‍ സൂത്രപ്പണികളുണ്ട്!
Mail This Article
രാവിലെ എഴുന്നേറ്റു വരുമ്പോള്‍ത്തന്നെ നാലുപാടും ഓടുന്ന പാറ്റകളെയാണോ കണി കാണുന്നത്? അടുക്കള എത്ര വൃത്തിയാക്കിയാലും ഇവ എങ്ങനെയെങ്കിലും വീടിനുള്ളില്‍ നുഴഞ്ഞു കയറും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാറ്റകളെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി തുരത്താം. അതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. ബോറാക്സ് പൊടി
ജോലി കഴിഞ്ഞാൽ അടുക്കളയുടെ തറയിൽ ബോറാക്സ് പൊടി വിതറുന്നത് പാറ്റകളെയും ചെറുപ്രാണികളെയും ഓടിക്കാന്‍ സഹായിക്കും. ബോറാക്സ് പൊടി നനഞ്ഞു കഴിഞ്ഞാല്‍ ഫലപ്രദമല്ലാത്തതിനാൽ തറ നന്നായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക.
2. കറുവപ്പട്ട ഇലകള്‍
കറുവപ്പട്ട ഇലകളുടെ രൂക്ഷഗന്ധം പാറ്റകളെ അകറ്റും. കാബിനറ്റുകള്‍ക്കുള്ളിലും മറ്റും ഇത് സൂക്ഷിച്ചാല്‍ പാറ്റകള്‍ വരില്ല.
3. ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങൾ ഉടന്‍ കഴുകുക
കഴുകാത്ത പാത്രങ്ങൾ അടുക്കളയില്‍ സൂക്ഷിക്കുന്നത് പാറ്റകളെ വിളിച്ചുവരുത്തുന്നത് പോലെയാണ്. രാത്രി മുഴുവന്‍ പാത്രങ്ങള്‍ സിങ്കിനുള്ളില്‍ കഴുകാതെ ഇടുന്നത് പാറ്റകള്‍ വരാന്‍ കാരണമാകും.അതിനാൽ, ഭക്ഷണം കഴിച്ചതിന് ശേഷം പാത്രങ്ങൾ അപ്പോള്‍ത്തന്നെ കഴുകി വൃത്തിയാക്കി എടുത്തുവയ്ക്കുക.
4. അടുക്കളയിലെ ദ്വാരങ്ങളും വിള്ളലുകളും അടയ്ക്കുക
അടുക്കളയിലെ സിങ്ക് പൈപ്പുകൾ, ഭിത്തികള്‍ എന്നിവ പരിശോധിക്കുക.ഇവയിലെ ദ്വാരങ്ങളും വിള്ളലുകളും ഉടന്‍ തന്നെ അടച്ചുകളയണം. പാറ്റകള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചാരം നടത്തുന്നത് ഇത്തരം വിള്ളലുകളിലൂടെയാണ്. മാത്രമല്ല, ഇരുട്ടാകുമ്പോള്‍ പുറത്തിറങ്ങുന്ന പാറ്റകള്‍ പകല്‍ ഇവയ്ക്കുള്ളിലാണ് ഒളിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ദ്വാരങ്ങള്‍ അടയ്ക്കുന്നത് പാറ്റകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഇങ്ങനെയുള്ള ദ്വാരങ്ങള്‍ക്കുള്ളിലേക്ക് കീടനാശിനികള്‍ അടങ്ങിയ സ്പ്രേ തളിച്ച് പാറ്റകളെ കൊല്ലാം.
5. വേപ്പെണ്ണ സ്പ്രേ
ചെടികളിലെയും മറ്റും പ്രാണിശല്യം അകറ്റാന്‍ മാത്രമല്ല, പ്രാണികള്‍ക്കെതിരെയും വേപ്പെണ്ണ ഫലപ്രദമാണ്. കാബിനറ്റുകള്‍ക്കുള്ളിലും തറയിലും വേപ്പെണ്ണ തളിച്ചാല്‍ പാറ്റകള്‍ വരില്ല. വേപ്പെണ്ണയുടെ രൂക്ഷഗന്ധം പാറ്റകളെ അകറ്റും.
6. ബേക്കിങ് സോഡയും നാരങ്ങയും
ഒരു നാരങ്ങയുടെ നീര്, രണ്ടു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ കലക്കുക. ഇത് സിങ്കിനുള്ളിലേക്ക് ഒഴിക്കുക. പാറ്റകള്‍ സിങ്കിനുള്ളില്‍ പെറ്റുപെരുകുന്നത് തടയാന്‍ ഇത് സഹായിക്കും.
7. കീടനാശിനി ചോക്കും സ്പ്രേകളും
രാസവസ്തുക്കള്‍ അടങ്ങിയ ചോക്കും വിപണിയില്‍ കിട്ടുന്ന വിവിധ സ്പ്രേകളും ഉപയോഗിക്കുന്നത് വളരെ എളുപ്പത്തില്‍ പാറ്റകളെ അകറ്റാന്‍ സഹായിക്കുമെങ്കിലും, മറ്റു മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച ശേഷം ഒരു വഴിയുമില്ലെങ്കില്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ. പാറ്റകള്‍ക്കെന്ന പോലെ മനുഷ്യര്‍ക്കും അപകടമുണ്ടാക്കുന്ന വസ്തുക്കളാണ് ഇവയില്‍ ഉള്ളത് എന്ന കാര്യം ഓര്‍ക്കുക.
English Summary: remedies that prevent cockroaches and bugs in kitchen