ആപ്പിൾ ഫ്രിജിൽ വയ്ക്കാമോ? ഫ്രെഷ്നസ് നഷ്ടപ്പെടാതെ സൂക്ഷിക്കാം
Mail This Article
ആപ്പിൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? രുചിയിൽ മാത്രമല്ല, ഗുണത്തിലും മുമ്പനാണ് ഈ പഴം. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവയടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല, പ്രതിരോധ ശേഷി വർധിപ്പിക്കാനും ആപ്പിളിന് പ്രത്യേക കഴിവുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്ന ചൊല്ലിനു പുറകിലും ഈ ഗുണങ്ങൾ തന്നെയാണ്. കടയിൽ നല്ല ഫ്രഷായിരിക്കുന്ന ആപ്പിളുകൾക്കു എങ്ങനെയാണു വീട്ടിലെത്തി ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ആ ഫ്രഷ്‌നെസ് നഷ്ടപ്പെടുന്നത്? ഫ്രിജിൽ സൂക്ഷിച്ചാലും നിറത്തിലും മണത്തിലുമൊക്കെ ചെറിയ വ്യത്യാസങ്ങൾ വരും. എങ്ങനെ പുതുമ നഷ്ടപ്പെടാതെ, ഫലപ്രദമായ രീതിയിൽ ആപ്പിൾ സൂക്ഷിക്കാമെന്നു നോക്കാം.
ഫ്രിജിൽ വയ്ക്കാം, പക്ഷേ ഇങ്ങനെ വെയ്ക്കണം
ആപ്പിൾ ഫ്രിജിൽ വയ്ക്കാമോ എന്ന ചോദ്യത്തിന് വെയ്ക്കാം എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അങ്ങനെ സൂക്ഷിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. വാങ്ങിച്ച ആപ്പിളുകൾ അതേ കവറിൽ ഫ്രിജിലേയ്ക്ക് വെയ്ക്കാതെ ഓരോന്നുമെടുത്തു കടലാസിൽ പൊതിഞ്ഞതിനു ശേഷം ഒരു ചെറുകൂടയിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് ദിവസങ്ങൾ ആപ്പിൾ കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, പുതുമ നഷ്ടപ്പെടുകയുമില്ല. ഫ്രിജിൽ വെറുതെ സൂക്ഷിക്കുന്ന ആപ്പിൾ കുറഞ്ഞ ഊഷ്മാവിലാകുമ്പോൾ പെട്ടെന്ന് തന്നെ ഉപയോഗശൂന്യമാകാനുള്ള സാധ്യതയുമുണ്ട്.
കൂടുതലെണ്ണമുണ്ടോ വെവ്വേറെ വയ്ക്കണം
വിലകുറവിനു കുറച്ചേറെ ആപ്പിൾ കിട്ടിയാൽ ആരാണ് വാങ്ങാതിരിക്കുക? അങ്ങനെ വാങ്ങി കൊണ്ടുവന്ന ആപ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതും ഒരു ചെറിയ പണി തന്നെയാണ്. മുകളിൽ പറഞ്ഞത് പോലെ ഓരോന്നും വെവ്വേറെ ന്യൂസ്പേപ്പറിലോ ക്രാഫ്റ്റ് പേപ്പറിലോ പൊതിഞ്ഞു ഫ്രിജിൽ വെയ്ക്കാം. അങ്ങനെ വെയ്ക്കുമ്പോൾ ഫ്രിജിനുള്ളിലെ ചൂടും ക്രമീകരിക്കണം. മുപ്പതു മുതൽ മുപ്പത്തഞ്ച് ഫാരൻഹീറ്റ് ചൂടാണ് ആപ്പിൾ സൂക്ഷിക്കാൻ വേണ്ടത്. പ്ലാസ്റ്റിക് കവറുകളിൽ വയ്ക്കുമ്പോൾ പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യതയുണ്ട്. അതുകൂടി ഒഴിവാക്കണം.
മറ്റുള്ള പഴങ്ങൾക്കൊപ്പം വേണ്ടേ വേണ്ട
ഒരേ കൂടയിൽ എല്ലാ പഴങ്ങളും ഒരുമിച്ചു സൂക്ഷിക്കുന്ന പതിവ് ചിലർക്കെങ്കിലുണ്ട്. എന്നാൽ അങ്ങനെയൊരിക്കലും ചെയ്യരുത്. വാഴപ്പഴങ്ങൾ, മുന്തിരി, ഓറഞ്ച് എന്നിവയ്‌ക്കൊന്നുമൊപ്പം ഒരിക്കലും ആപ്പിൾ സൂക്ഷിക്കരുത്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾക്കൊപ്പം ആപ്പിൾ വെച്ചാൽ എളുപ്പത്തിൽ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.
മുറിച്ച ആപ്പിളുകൾ പ്രത്യേകം സൂക്ഷിക്കാം
ആപ്പിളുകൾ മുറിച്ചു വെച്ചാൽ എളുപ്പത്തിൽ തന്നെ ബ്രൗൺ നിറം കൈവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആപ്പിളുകൾ മുറിക്കുമ്പോൾ തന്നെ അതിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ഓക്സിജനുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആപ്പിൾ ഫലപ്രദമായ രീതിയിൽ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ മുറിച്ച കഷ്ണങ്ങൾ ഒരിക്കലും മറ്റു ആപ്പിളുകൾക്കൊപ്പം ഒരുമിച്ചിടരുത്.
English Summary: How To Properly Store Apples For Freshness