ഇതിനെയെങ്കിലും വെറുതെ വിടൂ! ഇതെന്താ റോസ്റ്റ് ചെയ്ത ചായയോ?
Mail This Article
ഇന്ത്യക്കാർക്ക് ചായ കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഭൂരിപക്ഷം പേരുടെയും ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയിൽ ആയിരിക്കും. പല തരത്തിലുള്ളവ ലഭ്യമെങ്കിലും പാലും പഞ്ചസാരയും തേയിലയും ചേരുന്ന ചായയ്ക്കാണ് എക്കാലത്തും ഡിമാൻഡ്. ഏലയ്ക്കയും ഇഞ്ചിയുമൊക്കെ ചേർത്ത ചായകളും മസാല ചായയും ഗ്രീൻ ടീയും ഹെർബൽ ചായയുമൊക്കെ തയാറാക്കുമെങ്കിലും മറ്റു തരത്തിലുള്ള പരീക്ഷണങ്ങളൊന്നും ഈയടുത്ത കാലം വരെ ചായയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് പുതിയൊരു ചായയെത്തിയിട്ടുണ്ട്. റോസ്‌റ്റഡ് മിൽക്ക് ടീ എന്നാണ് പുതിയ ഐറ്റത്തിന്റെ പേര്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ചായ തയാറാക്കുന്നത്. തേയില, പഞ്ചസാര, ചതച്ച ഏലയ്ക്ക എന്നിവ ഒരു പാനിലിട്ടു നന്നായി റോസ്റ്റ് ചെയ്‌തെടുക്കുന്നു.ചൂടിൽ പഞ്ചസാര അലിഞ്ഞു മറ്റുള്ളവയ്‌ക്കൊപ്പം ചേരുന്നു. ഇതിലേക്ക് പാല് കൂടി ഒഴിച്ച് തിളപ്പിക്കുന്നതോടെ റോസ്‌റ്റഡ് മിൽക്ക് ടീ തയാറായി കഴിഞ്ഞു. അരിച്ച് ഒരു ഗ്ലാസ്സിലേക്ക് പകർത്തി നൽകുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ചായയിലെ ഈ പുതുരുചി സോഷ്യൽ ലോകത്തിനു അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടിട്ടില്ല. ഭൂരിപക്ഷം പേരും രൂക്ഷമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. വൈറലായ വിഡിയോ ഇതിനകം 12. 8 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. ആയിരത്തിലധികം ലൈക്കുകളും വിഡിയോയ്ക്ക് ലഭിച്ചു.
റോസ്റ്റഡ് മിൽക്ക് ടീയെ വിമർശിച്ചു കൊണ്ട് നിരവധി പേർ കമെന്റുകൾ എഴുതിയിട്ടുണ്ട്. ഈ ചായ ഒരിക്കലും രുചിക്കരുതെന്നും തീരെ മോശമാണെന്നുമാണ് കഴിച്ചു നോക്കിയവരുടെ അഭിപ്രായം. ഞാൻ ചായയെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ഇതിനെയെങ്കിലും വെറുതെ വിടൂ എന്നുമാണ് ഒരാൾ കമെന്റായി കുറിച്ചത്. കുറച്ചു എണ്ണയൊഴിച്ചു കടുക് വറുത്ത് അതിനൊപ്പം കറിവേപ്പില കൂടി ചേർത്ത് അലങ്കരിക്കാത്തതു എന്ത് കൊണ്ടാണെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. പഞ്ചസാര അലിഞ്ഞതിനുശേഷം മാത്രം തേയില ചേർത്താൽ കരിഞ്ഞു പോകുകയില്ലെന്നും അത്തരത്തിൽ ചായ ഉണ്ടാക്കി നോക്കൂ എന്ന തരത്തിലുള്ള കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്.
English Summary: Viral Video Of 'Roasted Milk Tea' Has Made Chai Lovers Angry