മീൻ വേവിക്കാൻ ഡിഷ്‌വാഷർ; വൈറലായി യുവതിയുടെ പാചകം
Mail This Article
എന്തിനും ഏതിനുമിപ്പോൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുക, വൈറൽ ആകുക എന്നത് മാത്രമാണ് അത്തരക്കാരുടെ ലക്ഷ്യം. വിമർശനങ്ങളും അതേ സമയം തന്നെ കയ്യടിയും സ്വന്തമാക്കുന്ന അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സോഷ്യൽ ലോകത്ത് നിറഞ്ഞോടുന്നത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ഒരു യുവതി ഭക്ഷണം പാകം ചെയ്തെടുക്കുന്നത്. അടുപ്പിൽ വെച്ചല്ല വിഭവം തയാറാക്കുന്നത് എന്നത് തന്നെയാണ് പ്രത്യേകത. പിന്നെ എന്തിൽ എന്ന ചോദ്യമുയരുക സ്വാഭാവികം. ഡിഷ്‌വാഷർ ആണ് പാചകം ചെയ്യാനായി ഇവിടെ ഉപയോഗിക്കുന്നത്.
പാത്രങ്ങൾ കഴുകിയെടുക്കാനായി ഉപയോഗിക്കുന്ന ഉപകരണമായ ഡിഷ്‌വാഷറിനുള്ളിലെ താപനില ക്രമീകരിച്ചാണ് യുവതിയുടെ പാചകം. ഡിഷ്‌വാഷർ സാൽമൺ എന്നാണ് വിഭവത്തിന്റെ പേര്. മുറിച്ച ചെറുനാരങ്ങ കഷ്ണങ്ങൾക്ക് മുകളിലായി സാൽമൺ വെയ്ക്കുകയും അതിനു മുകളിലായി വീണ്ടും ചെറുനാരങ്ങയും റോസ്‌മേരിയും വെളുത്തുള്ളിയും ചീസും ഉപ്പും കുരുമുളകുമെല്ലാം ചേർത്ത് സിൽവർ ഫോയിൽ പേപ്പർ നന്നായി പൊതിയുന്നു. തുടർന്ന് ഡിഷ്‌വാഷറിനുള്ളിലെ താപനില മീൻ പാകം ചെയ്തെടുന്ന തരത്തിൽ ക്രമീകരിച്ചതിനു ശേഷം അടച്ചു വയ്ക്കുന്നു. കുറച്ച് സമയത്തിന് ശേഷം പുറത്തെടുത്ത് തുറന്നു നോക്കുമ്പോൾ മീൻ നന്നായി വെന്തിരിക്കുന്നതായി കാണുവാൻ സാധിക്കും. രുചികരവുമാണെന്നാണ് യുവതിയുടെ അഭിപ്രായം.
ഏറെ നാളുകൾക്കു മുൻപ് ഡിഷ്‌വാഷർ ഉപയോഗിച്ച് പാചകം ചെയ്യുന്ന വിഡിയോകൾ ശ്രദ്ധ നേടിയിരുന്നു. ആ രീതി തന്നെയാണ് ഇവിടെയും പിന്തുടർന്നിരിക്കുന്നത്. അടുപ്പുള്ളപ്പോൾ എന്തിനു ഇത്തരത്തിലുള്ള സാഹസം എന്നാണ് വിഡിയോ കണ്ട ഭൂരിപക്ഷം പേരും കമെന്റുകളിലൂടെ ചോദിക്കുന്നത്. ഈ ചൂടിൽ ഭക്ഷണത്തിലെ ബാക്ടീരിയകൾ നശിക്കുകയില്ലെന്നും അനാവശ്യമായി വൈദുതിയും വെള്ളവും പാഴാക്കുന്നു എന്നതരത്തിലുള്ള കുറിപ്പുകളും വിഡിയോയുടെ താഴെയുണ്ട്. വിമർശനങ്ങൾ ഇങ്ങനെ ഉയരുമ്പോഴും ഈ പാചകരീതി കൊള്ളാമെന്നും രസകരമായ ആശയമാണെന്നുമൊക്കെയുള്ള കമെന്റുകളും കാണാവുന്നതാണ്.