ADVERTISEMENT

അടുക്കളയിലെ ഏറ്റവും വലിയ സഹായി ആരെന്നു ചോദിച്ചാൽ മിക്കവരും പറയുന്ന ഉത്തരം പ്രഷർ കുക്കർ എന്നായിരിക്കും. സമയനഷ്ടമില്ലാതെ പാചകം ചെയ്യാനും നന്നായി വെന്തു കിട്ടാനുമൊക്കെ നമ്മൾ ആശ്രയിക്കുന്നത് കുക്കറിനെയാണ്. ഉപകാരങ്ങൾ ഏറെയുണ്ടെങ്കിലും ചിലപ്പോൾ നായകനിൽനിന്നു വില്ലനിലേക്കു ചുവടു മാറ്റുന്ന ഒരു ഉപകരണമാണിത്. സൂക്ഷിച്ച് ഉപയോഗിച്ചാൽ പേടിക്കണ്ടെന്നു ചുരുക്കം. കുക്കർ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു പറയുകയാണ് മംസ് ഡെയ്‌ലി ടിപ്സ് ആൻഡ് ട്രിക്‌സ് എന്ന യൂട്യൂബ് ചാനൽ.

പണം ചെലവാക്കേണ്ട! അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇനി ഇതുമതി

cooker-cooking
Image Credit: Yuganov Konstantin/shutterstock

* കുക്കറിന്റെ സേഫ്റ്റി വാൽവ് കൃത്യസമയത്തു തന്നെ മാറ്റുക അല്ലാത്തപക്ഷം അപകടങ്ങൾക്കു സാധ്യതയുണ്ട്. ഏതു കമ്പനിയുടെ പ്രഷർ കുക്കർ ആണോ ഉപയോഗിക്കുന്നത് അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് വാങ്ങാൻ ശ്രദ്ധിക്കണം. 

* പച്ചക്കറികൾ, പയറു വർഗങ്ങൾ, മാംസം എന്നിവ വെന്തതിനു ശേഷം അധികനേരം കുക്കറിൽ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിനു ചെറിയ രുചി വ്യത്യാസമുണ്ടാക്കും. മാത്രമല്ല, കുക്കറിനും നല്ലതല്ല. 

* പ്രഷർ കുക്കറിന്റെ മുകൾ ഭാഗം വരെ വേവിക്കാനുള്ളവ നിറച്ചതിനു ശേഷം പാകം ചെയ്യുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കാം. പകുതി ഭാഗം കാലിയാക്കി മാത്രം ആഹാരസാധനങ്ങൾ പാകം ചെയ്യാൻ ശ്രദ്ധിക്കുക. 

* കുക്കറിലെ ആവി പൂർണമായും പോയതിനു ശേഷം മാത്രം തുറക്കുക. അല്ലാത്തപക്ഷം പൊട്ടിത്തെറി പോലുള്ള അപകടങ്ങൾക്കു സാധ്യതയുണ്ട്. സമയമൊട്ടുമില്ല, എളുപ്പം കുക്കർ തുറക്കണമെന്നുണ്ടെങ്കിൽ തണുത്ത വെള്ളത്തിൽ ഇറക്കി വച്ചതിനു ശേഷമോ അടപ്പിനു മുകളിൽ വെള്ളമൊഴിച്ച് ആവി കളഞ്ഞതിനു ശേഷമോ തുറക്കാം. 

* കുക്കറിന്റെ വെയ്റ്റ് വയ്ക്കുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞു ദ്വാരം അടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. കൂർത്ത അഗ്രമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഈ ദ്വാരത്തിന്റെ ഉൾവശം വൃത്തിയാക്കരുത്. പകരം ഒരു കോട്ടൺ തുണി നന്നായി തെറുത്ത് ദ്വാരത്തിനുള്ളിലേക്കിട്ടു വൃത്തിയാക്കാം. അല്ലെങ്കിൽ നല്ല ശക്തിയിൽ ഊതിയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാം.

* പ്രഷർ കുക്കറിനുള്ളിലെ വാഷർ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ചില സമയങ്ങളിൽ വാഷർ അയഞ്ഞതു പോലെ കാണപ്പെടും. അത്തരം സമയങ്ങളിൽ കുക്കറിന്റെ പ്രവർത്തനം തടസപ്പെടാം. അപ്പോൾ വാഷർ അരമണിക്കൂർ ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കാം. നല്ലതുപോലെ മുറുകിയതായി കാണാം. 

പ്രഷർ കുക്കറിൽ ഇവ പാകം ചെയ്യരുതേ

food-in-cooker
Image Credit: CatherineScarlett/shutterstock

പാചകം കാര്യക്ഷമവും വേഗത്തിലുമാക്കാൻ മാത്രമല്ല, ഇന്ധനലാഭത്തിനും കുക്കര്‍ സഹായിക്കുന്നു. ഇങ്ങനെ ഗുണങ്ങള്‍ ഉണ്ടെങ്കിലും, കുക്കറില്‍ എല്ലാ ഭക്ഷണവും വേവിക്കാന്‍ പാടില്ല. അങ്ങനെ ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

അരി: ചോറ് പാകം ചെയ്യാൻ പ്രഷർകുക്കർ ആണ് ഉപയോഗിക്കുന്നതെങ്കിൽ, അത് നിർത്തേണ്ട സമയമായി. അരിയിൽ അടങ്ങിയിരിക്കുന്ന അന്നജത്തിന്‍റെ അംശം മൂലം, കുക്കറില്‍ വേവിക്കുന്ന സമയത്ത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു പുറത്തുവിടാൻ കാരണമാകും. ഇത് ചില ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. അതിനാൽ അരി തിളപ്പിച്ചു വേവിക്കുന്ന രീതി തന്നെയാണ് ഏറ്റവും നല്ലത്. 

മത്സ്യവിഭവങ്ങള്‍: ചിക്കനും മട്ടനും ബീഫും പോലുള്ള നോണ്‍വെജ് വിഭവങ്ങള്‍ പെട്ടെന്നു തയാറാക്കാന്‍ പ്രഷർ കുക്കർ സഹായിക്കും. എന്നാല്‍, മീൻ, ചെമ്മീൻ തുടങ്ങിയ അതിലോലമായ കടൽ വിഭവങ്ങൾ പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ല, ഇത് സമുദ്രവിഭവങ്ങൾ അമിതമായി വേവുന്നതിനും അതിന്‍റെ അതിലോലമായ ഘടന നഷ്ടപ്പെടുന്നതിനും കാരണമാകും. കടൽ വിഭവങ്ങളുടെ പൂർണ്ണമായ സ്വാദ് ലഭിക്കാന്‍

ഗ്രില്ലിങ്, വേവിക്കല്‍, വറുക്കല്‍ തുടങ്ങിയ പാചക രീതികൾ ഉപയോഗിക്കുന്നതാണ് നല്ലത്. 

ഭക്ഷണങ്ങൾ വറുക്കാന്‍ പാടില്ല:ചിക്കൻ പോലെയുള്ള  ഭക്ഷണങ്ങൾ പ്രഷർ കുക്കറുകളിൽ അടച്ചുവച്ച് എണ്ണയില്‍ വറുക്കുന്നത് ഒഴിവാക്കണം. കുക്കറിലെ പാചകം ഡീപ് ഫ്രൈ ചെയ്യുന്ന വിഭവങ്ങൾ നനവുള്ളതാക്കുമെന്നു മാത്രമല്ല, പ്രഷർ കുക്കറിലെ പരിമിതമായ സ്ഥലവും ഉയർന്ന മർദ്ദവും മൂലം ചൂടുള്ള എണ്ണ പൊട്ടിത്തെറിക്കാനും ഇടയാക്കും.

ഉരുളക്കിഴങ്ങ്: കറികളും മറ്റും പാകം ചെയ്യാൻ ആവശ്യമായ ഉരുളക്കിഴങ്ങുകൾ വേവിക്കാന്‍ പ്രഷർ കുക്കർ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ അരി പോലെ ഉരുളക്കിഴങ്ങിലും ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് നല്ലതല്ല. അടുക്കളയിൽ വളരെയധികം സമയം ലാഭിക്കാൻ സഹായിക്കുമെങ്കിലും ഇത് ആരോഗ്യത്തിന് ഹാനികരമാണ്. 

പാസ്ത: പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് പാസ്ത. ഉയർന്ന അന്നജം ഉള്ളതിനാൽ, ഉയര്‍ന്ന മര്‍ദ്ദത്തില്‍ വേവിക്കുമ്പോള്‍ പാസ്തയ്ക്കും ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടാൻ കഴിയും. അതിനാല്‍ പാസ്ത സാധാരണ രീതിയില്‍ തിളപ്പിച്ച് വേവിക്കുന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം.

English Summary:

Food News, pressure cooker cooking instructions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com