അന്നത്തെ ആ സംഭവത്തിന് ശേഷം ആരും വരാതെയായി, ഭക്ഷണം എന്നു കേട്ടാൽ അവർ ഓടും: അശ്വതി
Mail This Article
മോഡലായും അവതാരകയായും അഭിനേത്രിയായും സംവിധായികയായും തിളങ്ങുന്ന അശ്വതി നായർക്ക് അടുക്കളയും പ്രിയപ്പെട്ട ഇടമാണ്. ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ മാത്രമല്ല പാചകം ചെയ്യാനും താരത്തിന് പ്രിയമാണ്. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അശ്വതി മറ്റു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുൾപ്പടെയുള്ള വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന അശ്വതിക്ക് ആരാധകരും ഏറെയുണ്ട്. പാചക പ്രേമി കൂടിയായ അശ്വതിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്...
അടുക്കളയിൽ എന്തു കാര്യം!
പാചകം ഇഷ്ടമാണ്. എന്നിരുന്നാലും വീട്ടിലായിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു അടുക്കളയിലേക്കു പോയിരുന്നത്. അവിടെ താരം അമ്മയാണ്. അമ്മയുെട കൈപ്പുണ്യം നിറഞ്ഞ ഭക്ഷണത്തോടാണ് പ്രിയം കൂടുതൽ. അമ്മ എന്ത് ഉണ്ടാക്കിയാലും സൂപ്പർ ടേസ്റ്റാണ്. എല്ലാ അമ്മമാരുടെയും കൈപ്പുണ്യം വേറെ ലെവലാണല്ലോ. വീട്ടിൽ അമ്മയുള്ളതു കൊണ്ട് പാചകത്തിന് പോകാറില്ലെങ്കിലും അമ്മയോടൊപ്പം വാചകമടിക്കാൻ പോകും.
ഇപ്പോൾ ഒറ്റയ്ക്ക് ഫ്ളാറ്റിൽ താമസിക്കുന്നതുകൊണ്ട് പാചകമെല്ലാം സ്വയം ചെയ്യണം. അത്യാവശ്യം വിഭവങ്ങളൊക്കെ തയാറാക്കും. പിന്നെ ഒാരോന്നും പരീക്ഷിച്ചാണല്ലോ പഠിക്കുന്നത്. ഏറ്റവും വലിയ സഹായം സോഷ്യല്‍ മീഡിയയും യൂട്യൂബുമൊക്കെയാണ്. ഇഷ്ടംപോലെ ഫൂഡ് ചാനലുകൾ ഉണ്ട്. എന്തെങ്കിലും സംശയം തോന്നിയാൽ ഫൂഡ് ചാനലുകളിലെ റെസിപ്പി നോക്കാം. അതൊരു വലിയ ആശ്വാസം തന്നെയാണ്. പാചകം അറിയാത്ത തുടക്കകാർക്കും അത് ഉപകാരപ്രദമാണ്. കൂടാതെ പുതിയ വിഭവങ്ങളെക്കുറിച്ചും അറിയാം.
അമ്മ തായാറാക്കുന്ന വിഭവങ്ങളിൽ ഏതാണ് കൂടുതൽ ഇഷടമെന്നു പറയാൻ സാധിക്കില്ല, എല്ലാം ഇഷ്ടമാണ്. പിന്നെ വല്ലാതെ മിസ് ചെയ്യുന്ന വിഭവം കഞ്ഞിയും പയറുമാണ്. പണ്ട് പനിയൊക്കെ വരുമ്പോൾ കഞ്ഞിയും പയറും നല്ല മാങ്ങാച്ചമ്മന്തിയുമൊക്കെ കഴിച്ചിരുന്നത് ഓർമ വരുന്നു. പിന്നെ എനിക്ക് മോര് കാച്ചിയത് വളരെ ഇഷ്ടമാണ്. ചെറിയ ഉള്ളിയും വെളുത്തുള്ളുിയും ഇഞ്ചിയും പച്ചമുളകുമൊക്കെയിട്ട് കാച്ചുന്ന മോര് ചൂടു ചോറിനൊപ്പം കഴിക്കണം. ഓർക്കുമ്പോൾത്തന്നെ വായിൽ വെള്ളം നിറയും. അങ്ങനെ ഇഷ്ടപ്പെട്ട കുറച്ചധികം വിഭവങ്ങൾ ഉണ്ട്. പഴങ്കഞ്ഞിക്കടയിലും കഞ്ഞിക്കടയിലുമൊക്കെ പോയി ആഹാരം കഴിക്കാൻ ഇഷ്ടമാണ്.
ഉപ്പ്–മാവ് എന്നു കേട്ടാൽ കൂട്ടുകാർ ഓടും
മറക്കാനാവാത്ത രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഒറ്റയ്ക്ക് ഫ്ളാറ്റിൽ താമസിക്കുന്ന സമയം. പാചകമെല്ലാം ഞാൻ തന്നെയാണ് ചെയ്തിരുന്നത്. അധികം സാധനങ്ങളൊന്നും അടുക്കളയിലേക്കു വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഫ്ളാറ്റിലെ ജിമ്മിൽ തന്നെയായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. ഒരിക്കൽ ജിമ്മിലെ ആശാനോടു പറഞ്ഞു, ഇന്ന് ഫൂഡ് എന്റെ വക ആണെന്ന്. അങ്ങനെ ആശാനെയും എന്റെ കുറച്ച് സഹൃത്തുക്കളെയും കൂട്ടി ഫ്ലാറ്റിലെത്തി. എല്ലാവരും വിശന്നുപൊരിഞ്ഞിരിക്കുകയാണ്. എന്താണ് ഇപ്പോൾ ഉണ്ടാക്കേണ്ടതെന്നാലോചിച്ച് ഞാൻ അടുക്കളയിൽ കയറി. റവ ഉണ്ടായിരുന്നു എന്നാൽ ഉപ്പുമാവ് ഉണ്ടാക്കാം എന്നു തീരുമാനിച്ചു.
പാചകത്തിലെ തുടക്കക്കാരിയായിരുന്നു ഞാൻ. ഉപ്പുമാവ് ഉണ്ടാക്കുന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഇല്ലായിരുന്നു. റവയിൽ വെള്ളം ചേർക്കുന്നതല്ലേ, അപ്പോൾ റവ ഇടുന്ന അതേ അളവിൽ ഉപ്പും ചേർക്കണം എന്നായിരുന്നു ഞാൻ വിചാരിച്ചത്. അങ്ങനെ തന്നെ ഉപ്പുമാവ് ഉണ്ടാക്കുകയും ചെയ്തു. ഹൊ! അതായിരുന്നു ശരിക്കും 'ഉപ്പുമാവ്'. വായിൽ വായ്ക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. എല്ലാവർക്കും വിളമ്പിയെങ്കിലും ആരും കഴിച്ചില്ല. അതിനുശേഷം, ഭക്ഷണം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് ഞാൻ വിളിച്ചാലും ആരും ഫ്ലാറ്റിലേക്കു വരാതെയായി. ‘അന്നത്തെ ഉപ്പുമാവ് പോലെയാകും, വേണ്ടായേ’ എന്നാണ് സുഹൃത്തുക്കൾ പറയാറുള്ളത്. ഇപ്പോൾ പാചകമൊക്കെ പഠിച്ചെങ്കിലും അന്നത്തെ ആ സംഭവം മറക്കാനാകില്ല. ഓർക്കുമ്പോഴെല്ലാം ചിരി വരും.
എനിക്ക് ആ സ്നേഹം കിട്ടിയിട്ടില്ല
വിഭവം ഏതായാലും സ്നേഹം കൊണ്ടു പാകം ചെയ്ത് സന്തോഷത്തോടെ വിളമ്പിയാൽ അതിനു രുചിയേറും. അതിൽ നമ്മുടെ സ്നേഹവും താൽപര്യവും കൈപ്പുണ്യവും കൂടിച്ചേരുമ്പോഴാണ് നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ തയാറാക്കാന്‍ സാധിക്കുന്നത്. അതേപോലെ നല്ല ഭക്ഷണം കൊടുത്താൽ നല്ല സ്നേഹവും തിരികെ കിട്ടുമെന്നാണു പറയുന്നത്. പക്ഷേ എനിക്ക് ആ സ്നേഹം കിട്ടിയിട്ടില്ല. കാരണം, ഞാൻ അത്ര വലിയ പാചകക്കാരിയല്ല. മോശമല്ലാത്ത വിധത്തിൽ ഭക്ഷണം ഉണ്ടാക്കുമെന്നു മാത്രം. കൂട്ടുകാരോടൊപ്പം ചേർന്ന് ചിക്കൻകറിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.
ഭക്ഷണം കഴിച്ച് തടി കുറയ്ക്കാം
മുമ്പ് ഞാൻ വർക്കൗട്ടിലും ഡയറ്റിലുമൊക്കെ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. തടി കുറയ്ക്കാന്‍ വേണ്ടി എളുപ്പ വഴികള്‍ തേടുന്നവരുണ്ട്. ചിലര്‍ കഠിനമായ ഡയറ്റുകള്‍ എടുത്ത് അപകടത്തില്‍ ചെന്നു ചാടും. തടി കുറയ്ക്കാൻ നോക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മധുരം ഒഴിവാക്കുക എന്നതാണ്. പ്രത്യേകിച്ച് പഞ്ചസാര. അത് നിർത്തി ആരോഗ്യകരമായ ഡയറ്റും നോക്കിയാൽ ശരീരത്തിനു നല്ല മാറ്റമുണ്ടാകും. ധാരാളം വെള്ളവും കുടിക്കണം.
പച്ചക്കറികളും സാലഡും ഡയറ്റിൽ കൂടുതൽ ഉൾപ്പെടുത്തണം. കൃത്യസമയത്ത് ഭക്ഷണവും കഴിക്കണം. വലിച്ചുവാരി കഴിക്കുന്ന രീതി മാറ്റണം. പിന്നെ ഫാസ്റ്റ്ഫൂഡ് ഒഴിവാക്കണം. വ്യായാമം വേണം. രണ്ട് ദിവസം ഡയറ്റ് എടുത്തിട്ട് മൂന്നാം ദിവസം ഹോട്ടലിൽ പോയി സ്പൈസി ഫൂഡ് കഴിച്ചാൽ എല്ലാം കൈവിട്ടുപോകും. കാലറി കുറഞ്ഞ, ഹെൽത്തിയായ ഭക്ഷണം വേണം കഴിക്കാൻ.
പൊളിയാണ് ഹൈദരബാദി ബിരിയാണി
യാത്ര ചെയ്യാൻ ഇഷ്ടമാണ്. എവിടേക്കാണോ പോകുന്നത് അന്നാട്ടിലെ തനതു വിഭവങ്ങളും രുചിക്കാറുണ്ട്. ഒരിക്കൽ ഹൈദരാബാദിൽ പോയിരുന്നു. അവിടുത്തെ ബിരിയാണി കിടുവാണ്. നമ്മുടെ നാട്ടിൽ ഹൈദരബാദി ബിരിയാണി എന്നൊക്കെ പറഞ്ഞു കിട്ടുമെങ്കിലും യഥാര്‍ഥ രുചിയറിയണമെങ്കിൽ ഹൈദരാബാദിൽനിന്നു കഴിക്കണം. ബസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ് അതിലെ പ്രധാന ചേരുവകൾ. ആട്ടിറച്ചി ചേർക്കുന്നതാണ് ഏറ്റവും നല്ലത്. കോഴിയിറച്ചി, പോത്തിറച്ചി എന്നിവ ചേര്‍ത്തും ഹൈദരാബാദി ബിരിയാണി തയാറാക്കാറുണ്ട്. എന്തായാലും ഗംഭീര രുചിയാണ്.